കണ്മുന്നിൽ സംഭവിക്കുന്ന നിയമത്തിന്റേയും മനുഷ്യാവകാശങ്ങളുടേയും ചില നിന്ദ്യമായ ലംഘനങ്ങൾ ചിന്തിക്കാവുന്നതിനും അപ്പുറമാണ്. എന്നാൽ അധികൃതർ ഇടപെടുമ്പോഴേക്കും, ചിലരെ സംബന്ധിച്ച് കാര്യങ്ങൾ വളരെ വൈകിപ്പോയിട്ടുണ്ടാവും. തികച്ചും യാദൃശ്ചികമായാണ് തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലെ അൻബു ജ്യോതി ആശ്രമത്തിന്റെ ഇരുണ്ട രഹസ്യങ്ങളും അനുബന്ധസംഭവങ്ങളും മറനീക്കി പുറത്തുവന്നത്. ചില ആളുകളെ കാൺമാനില്ലെന്ന പരാതികളിന്മേൽ പോലീസ് അന്വേഷണം മുന്നോട്ടുപോയപ്പോഴാണ് ലൈംഗികവും ശാരീരികവുമായ പീഡനങ്ങൾ, വിചിത്രമായ ഭയപ്പെടുത്തൽ തന്ത്രങ്ങൾ, മനുഷ്യക്കടത്ത് തുടങ്ങിയ ഭീകരതകൾ വെളിച്ചത്ത് വന്നത്. ‘സ്നേഹത്തിന്റെ ജ്വാല’ എന്ന് അർത്ഥം വരുന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ അഭയകേന്ദ്രം അനുമതിയില്ലാതെ പ്രവർത്തിച്ച് വരികയായിരുന്നു. സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരും, ശാരീരികമായും, സാമൂഹികമായും സഹായം ആവശ്യമുള്ളവരുമാണ് ഇവിടെ അഭയം തേടിയിരുന്നത്. നിരാലംബരായ സ്ത്രീകൾ, ഉപേക്ഷിക്കപ്പെട്ട വൃദ്ധർ, ഭിക്ഷാടകർ, മദ്യത്തിന് അടിമകളായവർ, ബുദ്ധിമാന്ദ്യമുള്ളവർ, രോഗികൾ തുടങ്ങി വിവിധ തരത്തിലുള്ള ആളുകളെ ഇവിടെ പാർപ്പിച്ചിരുന്നു. ഭയം, ഭീഷണി, ലൈംഗികവൈകൃതം എന്നിവ ഉപയോഗിച്ച് തങ്ങളെ തടഞ്ഞുവെച്ചതിന്റെ കഥകൾ ഇവിടെനിന്ന് രക്ഷിക്കപ്പെട്ട ആളുകൾ വിവരിച്ചു. കുരങ്ങുകളെ ഉപയോഗിച്ചും തങ്ങളെ ഭയപ്പെടുത്തിയിരുന്നതായി അന്തേവാസികൾ പറഞ്ഞു. നിരവധി വർഷങ്ങളായി അനുമതിയില്ലാതെ പ്രവർത്തിച്ചിരുന്ന ഈ അഭയകേന്ദ്രത്തിൽ പോലീസ് ആദ്യമായി കാലുകുത്തുന്നത് കഴിഞ്ഞ ആഴ്ചയാണ്. അനുമതിപത്രമില്ലാതെ സ്ഥാപനം നടത്തിയതിന് നാല് ജീവനക്കാരെ അറസ്റ്റ് ചെയ്യാനാണ് അവർ എത്തിയത്. ഇവിടെനിന്ന് 142 അന്തേവാസികളെ രക്ഷിച്ച് മാറ്റിപ്പാർപ്പിച്ചു. സ്ഥാപന ഉടമ ജുബിൻ ബേബിക്കും ഭാര്യ മരിയയ്ക്കും എതിരെ അന്തേവാസികളായ സ്ത്രീകൾ ലൈംഗിക അതിക്രമത്തിന്റെയും പീഡനത്തിന്റെയും ആരോപണങ്ങൾ ഉന്നയിച്ചതിനെത്തുടർന്ന് പോലീസ് കേസെടുത്ത് രണ്ടുപേരെയും അറസ്റ്റ് ചെയ്തു. പുതുച്ചേരിക്ക് സമീപം ഇവർ നടത്തിവന്നിരുന്ന മറ്റൊരു സ്ഥാപനം അടച്ചുപൂട്ടി 20 ആളുകളെ രക്ഷപ്പെടുത്തി. തുടർന്ന്, ദേശീയ വനിതാ കമ്മീഷൻ രക്ഷപ്പെടുത്തിയ സ്ത്രീകളുടെ സാക്ഷിമൊഴികൾ രേഖപ്പെടുത്തി. കേസന്വേഷണം സി.ബി.-സി.ഐ.ഡി.ക്ക് കൈമാറി.
നിയമം അനുശാസിക്കുന്ന സുരക്ഷാ സംവിധാനങ്ങളും ഭരണകൂടം രൂപപ്പെടുത്തുകയും നടപ്പാക്കുകയും ചെയ്യുന്ന ചട്ടങ്ങളും നിലവിലുള്ളപ്പോൾ അൻബു ജ്യോതി ആശ്രമത്തിലെ സംഭവങ്ങൾ ഒരിക്കലും നടക്കാൻ പാടില്ലാത്തതായിരുന്നു. എല്ലാ അഭയകേന്ദ്രങ്ങളും രജിസ്റ്റർ ചെയ്യുകയും പ്രവർത്തനങ്ങൾ തുടരാൻ ഇടയ്ക്കിടെ പരിശോധനകൾക്ക് വിധേയമാക്കുകയും ചെയ്യണം. എങ്ങനെയാണ് ഈ സ്ഥാപനം അധികാരികളുടെ കണ്ണിൽപ്പെടാതിരുന്നത്? പ്രതികൂല സാഹചര്യങ്ങൾ നേരിടുന്ന വ്യക്തികൾക്ക് വേണ്ടിയുള്ള സാമൂഹികക്ഷേമ നിയമങ്ങൾ ചൂഷണം ചെയ്യാവുന്ന പഴുതുകളൊന്നും അവശേഷിപ്പിക്കരുത്. ഇടയ്ക്കിടെയുള്ള അനുശാസനങ്ങളും, അഭയകേന്ദ്രങ്ങളുടെ യോഗ്യത നിർണയിക്കാനുള്ള മിന്നൽപരിശോധനകളും നിലവിലിരിക്കെത്തന്നെ ഈ മേഖല നേരിടുന്ന തീവ്രമായ അവഗണനയാണ് അൻബു ജ്യോതി സംഭവം എടുത്തുകാട്ടുന്നത്. സാമൂഹിക മേഖലയിലെ ചൂഷണം പ്രത്യേകിച്ച് അസഹനീയമാണ്; അത് വേലിയെ വിളവ് തിന്നാൻ അനുവദിക്കുന്നതിന് സമാനമാണ്. ഈ മേഖലയിലെ നിരീക്ഷണവും മേൽനോട്ടവും പഴുതുകളില്ലാത്തതും അഴിമതിരഹിതവും ആയിരിക്കണം. ആശ്രമത്തിലെ എല്ലാ നിയമ ലംഘനങ്ങളും അധികാരികൾ കൃത്യമായി രേഖപ്പെടുത്തുക മാത്രമല്ല, ഇത്തരം സംഭവങ്ങൾ ഇനി ഉണ്ടാവാതിരിക്കാനുള്ള മാതൃകയായി ശക്തമായ നടപടികൾ എടുക്കുകയും വേണം. അഭയം തേടുന്നവരെ പീഢിപ്പിക്കാൻ സാധ്യതയുള്ള ഏതൊരാൾക്കും ഇതൊരു ശക്തമായ മുന്നറിയിപ്പായിത്തീരണം.
This editorial has been translated from English, which can be read here.
Published - February 21, 2023 11:10 am IST