രണ്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ നാഗാലാൻഡിലേയും ത്രിപുരയിലേയും വോട്ടർമാർ പ്രതിപക്ഷ പാർട്ടികൾ വാഗ്ദാനം ചെയ്ത മാറ്റം കൊണ്ടുവരുന്നതിനുപകരം ബി.ജെ.പി.ക്കും അതിന്റെ സഖ്യകക്ഷികൾക്കും തുടർഭരണം നൽകി. ബി.ജെ.പി.യെ സംബന്ധിച്ചിടത്തോളം, തിരഞ്ഞെടുപ്പുഫലം അതിന്റെ തുടർന്നുകൊണ്ടിരിക്കുന്ന പ്രവർത്തനത്തിനുള്ള പാരിതോഷികമാണ്. കൂടാതെ, ഒരു ദേശീയ പാർട്ടിയെന്ന അവകാശവാദം ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു. ത്രിപുരയിൽ, പാർട്ടിയും അതിന്റെ പ്രാദേശിക സഖ്യകക്ഷിയായ ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുരയും 33 സീറ്റുകൾ നേടി. 2018-നെ അപേക്ഷിച്ച് 9 സീറ്റ് കുറവാണെങ്കിലും കേവല ഭൂരിപക്ഷത്തിന് വേണ്ടതിനേക്കാൾ രണ്ട് സീറ്റ് കൂടുതൽ ലഭിച്ചു. ഇടതുമുന്നണിയും കോൺഗ്രസും തമ്മിൽ ഉണ്ടാക്കിയ സീറ്റ് വിഭജന കരാർ ഇടതുപക്ഷത്തിന് ഗുണം ചെയ്തില്ലെങ്കിലും കോൺഗ്രസിന് പുതുജീവൻ നൽകി. ഇടതുമുന്നണി 2018-ൽ നേടിയ 16-നേക്കാൾ അഞ്ച് സീറ്റ് കുറഞ്ഞ് 11-ൽ എത്തി. അഞ്ച് വർഷം മുമ്പ് ഒന്നും നേടാനാവാഞ്ഞ കോൺഗ്രസ്സ് മൂന്ന് സീറ്റ് നേടി. പുതിയ പാർട്ടിയായ ടിപ്ര മോത ആദിവാസി മേഖലകളിൽ മത്സരിച്ച 42 സീറ്റുകളിൽ 13 എണ്ണത്തിൽ വിജയിച്ചു. മെച്ചപ്പെട്ട ക്രമസമാധാന നില, പാവപ്പെട്ടവർക്ക് പ്രതിമാസം 2,000 രൂപ സാമൂഹിക ബത്ത, പ്രധാനമന്ത്രി ആവാസ പദ്ധതി പ്രകാരം 1.6 ലക്ഷം വീടുകൾ എന്നിവ ബി.ജെ.പി.യുടെ വിജയത്തിന് കാരണങ്ങളായി കണക്കാക്കാം. മോതയുടെ ഉയർച്ചയിൽ അസ്വസ്ഥരായ ആദിവാസി ഇതര വോട്ടർമാരേയും പാർട്ടി ഏകീകരിച്ചതായി കരുതേണ്ടിയിരിക്കുന്നു.
മേഘാലയയിൽ നാഷണൽ പീപ്പിൾസ് പാർട്ടിക്കെതിരെ (എൻ.പി.പി.) സഖ്യകക്ഷികളും എതിരാളികളും ഒരുപോലെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും ഫലമുണ്ടായില്ല. എൻ.പി.പി. 26 സീറ്റുകൾ നേടി – ഇത് 2018-നെ അപേക്ഷിച്ച് ആറ് സീറ്റുകൾ കൂടുതലാണ്. പുറത്തുപോകുന്ന സർക്കാരിലെ സഖ്യകക്ഷികളായ യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടിയും ബി.ജെ.പി.യും യഥാക്രമം പതിനൊന്നും രണ്ടും സീറ്റുകൾ നേടി; ഇവരെല്ലാം തിരഞ്ഞെടുപ്പിൽ വെവ്വേറെയാണ് മത്സരിച്ചത്. ഗാരോ, ഖാസി-ജൈന്തിയ സമുദായങ്ങൾ ആധിപത്യം പുലർത്തുന്ന രണ്ട് മലയോര മേഖലകളിൽ സാന്നിധ്യമുള്ളതിനാൽ എൻ.പി.പി.ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനായി. അതേസമയം, പശ്ചിമ ബംഗാളിൽ നിന്നുള്ള ഒരു പാർട്ടിയായി കാണപ്പെട്ടതിനാൽ സംസ്ഥാനത്ത് കാലുറപ്പിക്കാനുള്ള തൃണമൂൽ കോൺഗ്രസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയേറ്റു. ഒരുകാലത്ത് സംസ്ഥാനത്തുടനീളം സ്വീകാര്യതയുണ്ടായിരുന്ന ഏക കക്ഷിയായ കോൺഗ്രസ് ഇപ്പോൾ ഒരു നിഴൽ മാത്രമായി അവശേഷിച്ചിരിക്കുകയാണ്. അഞ്ച് സീറ്റുകൾ മാത്രം നേടിയ പാർട്ടി 2018-ലെ 21 സീറ്റിൽ നിന്ന് വൻ ഇടിവാണ് രേഖപ്പെടുത്തിയത്. മേഘാലയയിലെ ക്രിസ്ത്യൻ സമൂഹം ബി.ജെ.പി.യെ സംശയത്തോടെയാണ് കാണുന്നതെങ്കിൽ നാഗാലാൻഡിൽ ഇതേ മതവിഭാഗക്കാർ പാർട്ടിയോട് മമത കാട്ടുന്നു. നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയും (എൻ.ഡി.പി.പി.), ബി.ജെ.പി.യും, കഴിഞ്ഞ നിയമസഭയിൽ പ്രതിപക്ഷ അംഗങ്ങൾ ഇല്ലാതിരുന്ന നാഗാലാൻഡിൽ അധികാരം നിലനിർത്തി. ബി.ജെ.പി. 2018-ലെ 12 സീറ്റിന് തുല്യമെത്തിയപ്പോൾ എൻ.ഡി.പി.പി. 2018-നെ അപേക്ഷിച്ച് ഏഴ് സീറ്റ് കൂടുതൽ നേടി 25-ൽ എത്തി. 60-അംഗ അസംബ്ലിയിലെ ബാക്കി സീറ്റുകളിൽ ബി.ജെ.പി.യുടെ ചെറിയ സഖ്യകക്ഷികൾ വിജയിച്ചതിനാൽ, പ്രതിപക്ഷത്തിന്റെ സാധ്യത പുതിയ നിയമസഭയിലും ഇല്ലാതായി.
This editorial has been translated from English, which can be read here.
COMMents
SHARE