‘ഹാപ്പി സ്ലാം’ എന്നറിയപ്പെടുന്ന ഓസ്ട്രേലിയൻ ഓപ്പൺ അടുത്ത കാലത്തൊന്നും ഈ പേരിനെ അന്വർത്ഥമാക്കിയിട്ടില്ല. അഭൂതപൂർവമായ കാട്ടുതീ, കോവിഡ് -19 ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ, പ്രതിരോധ കുത്തിവയ്പ് എടുക്കാത്തത്തിന്റെ പേരിൽ നൊവാക് ജോക്കോവിച്ചിന്റെ മോശമായ നാടുകടത്തൽ എന്നീ സംഭവങ്ങൾ കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ മത്സരത്തിന് മങ്ങലേല്പിച്ചു. എന്നാൽ 2023 സീസണിലെ ആദ്യത്തെ ടൂർണമെമെന്റ് തിങ്കളാഴ്ച ആരംഭിക്കുമ്പോൾ, അതിന്റെ സ്വതസിദ്ധമായ ആവേശം വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കാം. കൊവിഡ് പോസിറ്റീവ് കളിക്കാർക്ക് പോലും മത്സരിക്കാൻ കഴിയുന്ന സ്വതന്ത്രമായ അന്തരീക്ഷം, കഴിഞ്ഞ രണ്ട് വർഷങ്ങളിലേതിനെ അപേക്ഷിച്ച് വളരെ വ്യത്യസ്തമാണ്. ഈയിടെ വിരമിച്ച ജോഡികളായ റോജർ ഫെഡറർ, ആഷ് ബാർട്ടി, രണ്ട് തവണ വനിതാ സിംഗിൾസ് ചാമ്പ്യൻ നവോമി ഒസാക്ക, നിലവിലെ പുരുഷ ലോക ഒന്നാം നമ്പർ കാർലോസ് അൽകാരാസ് എന്നിവരുടെ അഭാവം ഉണ്ടെങ്കിലും, കളിക്കളം താളം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ജോക്കോവിച്ചിന്റെ സാന്നിദ്ധ്യം മാത്രം മതി മെൽബണിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കാൻ. കാരണം, റാഫേൽ നദാലിന് പാരീസ് എന്താണോ അതാണ് ജോക്കോവിച്ചിന് മെൽബൺ. ഓപ്പൺ കാലഘട്ടത്തിലെ 9 ചരിത്ര വിജയങ്ങൾ കൂടാതെ, മെൽബണിൽ നടന്ന 21 മത്സരങ്ങളിൽ ഈ സെർബിയക്കാരൻ തോൽവി അറിഞ്ഞിട്ടില്ല. സെബാസ്റ്റ്യൻ കോർഡയ്ക്കെതിരെ അഡലൈഡിൽ ഒരു ചാമ്പ്യൻഷിപ്പ് പോയിന്റ് ലാഭിച്ച് വിജയംനേടിയ ജോക്കോവിച്ച്, തന്റെ ഓസ്ട്രേലിയൻ ഓപ്പൺ തിരിച്ചുവരവിന് തയ്യാറെടുത്തിട്ടുണ്ട്. ടോപ്പ് സീഡും, നിലവിലെ ചാമ്പ്യനും, 22 തവണ മേജർ ജേതാവുമായ നദാൽ വേണ്ടത്ര ഒരുങ്ങിയിട്ടില്ലെന്നു കരുതേണ്ടിയിരിക്കുന്നു. പക്ഷെ തന്നെ വിലകുറച്ച് കാണാനാവില്ലെന്ന് ഈ സ്പെയിൻകാരൻ 2022-ൽ തെളിയിച്ചിരുന്നു.
വനിതകൾക്കിടയിൽ, എല്ലാ കണ്ണുകളും ലോക ഒന്നാം നമ്പറും, മൂന്ന് തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യനുമായ ഇഗ സ്വിയടെക്കിലാണ്. യുണൈറ്റഡ് കപ്പിൽ ജെസീക്ക പെഗുലയോടുണ്ടായ നിരാശാജനകമായ തോൽവിയും വലത് തോളെല്ലിനേറ്റ പരിക്കും സ്വിയടെക്കിന്റെ തയ്യാറെടുപ്പുകളെ ബാധിച്ചിരിക്കാം. പക്ഷേ, എളുപ്പം തോല്പിക്കാനാവാത്ത പോരാളിയാണ് ഈ പോളണ്ടുകാരി. എല്ലാത്തരം ടെന്നീസ് കളിക്കളങ്ങളിലും ശക്തമായ വെല്ലുവിളി ഉയർത്തിയ രണ്ടാം സീഡ് ഒൻസ് ജാബർ, കഴിഞ്ഞ തവണത്തെ വിംബിൾഡൺ, യു.എസ്. ഓപ്പൺ എന്നിവയിലെ രണ്ടാംസ്ഥാനങ്ങൾക്ക് ശേഷം തന്റെ കന്നി സ്ലാം കിരീടത്തിനായി പരിശ്രമിക്കും. ഇനിയങ്ങോട്ട്, ത്രിമൂർത്തികളായ ഫെഡറർ, നദാൽ, ജോക്കോവിച്ച് എന്നിവരുടെ പിടി അയയുമ്പോൾ, ഈ ചാമ്പ്യൻഷിപ്പ് അടുത്ത നിര കളിക്കാർക്ക് കഴിവ് തെളിയിക്കാനുള്ള അവസരമായി മാറും. വനിതാവിഭാഗത്തിലെ മത്സരങ്ങൾ ബാർട്ടിക്കും സെറീന വില്യംസിനും ശേഷമുള്ള കാലഘട്ടത്തിലേക്ക് നീങ്ങിക്കഴിഞ്ഞു. 2021 ലെ യുഎസ് ഓപ്പൺ നേടുകയും, ഓസ്ട്രേലിയയിൽ രണ്ട് തവണ ഫൈനലിലെത്തുകയും ചെയ്ത ഡാനിൽ മെദ്വദേവ്; 2022-ലെ നാല് മേജറുകളിൽ രണ്ടിലും രണ്ടാമതെത്തിയ കാസ്പർ റൂഡ്; മറ്റു കളിക്കാരായ സ്റ്റെഫാനോസ് സിറ്റ്സിപാസ്, ഫെലിക്സ് ഓഗർ-അലിയാസിമെ തുടങ്ങിയവരും നല്ല പ്രകടനം കാഴ്ചവെക്കാൻ ആഗ്രഹിക്കുന്നു. മൂന്നാം സീഡായ അമേരിക്കൻ പെഗുല, ഫ്രഞ്ച് വനിത കരോലിൻ ഗാർഷ്യ, ബെലാറൂസിന്റെ അരിന സബലെങ്ക, തുടർച്ചയായി ഉയർച്ചയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന കൊക്കോ ഗൗഫ് എന്നിവരും തിളങ്ങാൻ ശ്രമിക്കും.
This editorial has been translated from English, which can be read here.
COMMents
SHARE