ഓസ്‌ട്രേലിയയ്‌ക്കെതിരേ അടുത്തിടെ നടന്ന നാല് ടെസ്റ്റിന്റെ പരമ്പരയിൽ 2-1-ന് വിജയിച്ച് ബോർഡർ ഗവാസ്‌കർ ട്രോഫി രോഹിത് ശർമ്മയും കൂട്ടരും നിലനിർത്തിയപ്പോൾ, ഇന്ത്യ സ്വന്തം തട്ടകത്തിലെ അജയ്യത ആവർത്തിച്ചു. ജൂൺ 7 മുതൽ ലണ്ടൻ ഓവലിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ (ഡബ്ല്യു.ടി.സി.) കലാശക്കളിയിൽ പ്രവേശനം നേടുന്നതിനുള്ള പോരാട്ടമായിരുന്നു ഏറ്റവും പ്രധാനം. ഇതിന് രണ്ട് ടെസ്റ്റുകളിൽ വ്യക്തമായ വിജയം അനിവാര്യമായിരുന്നു. എന്നാൽ ഇൻഡോറിൽ ഓസ്ട്രേലിയ വിജയിച്ച് കമ്മി കുറക്കുകയും അഹമ്മദാബാദിന്റെ പ്രശാന്തമായ പ്രതലത്തിൽ റണ്ണുകളുടെ ബാഹുല്യം നിമിത്തം മത്സരം സമനിലയിലേക്ക് പോവുകയും ചെയ്തു. ഓസ്‌ട്രേലിയ നേരത്തെ തന്നെ സ്ഥാനം ഉറപ്പിക്കുകയും മറ്റൊരു മത്സരാർത്ഥിയായ ശ്രീലങ്കയ്ക്ക് അവസരം ലഭിക്കുകയും ചെയ്തു. ക്രൈസ്റ്റ് ചർച്ചിൽ ശ്രീലങ്കയ്‌ക്കെതിരെ അവസാന പന്തിൽ ആവേശകരമായ വിജയം നേടാൻ ന്യൂസിലൻഡിനെ സഹായിച്ച കെയ്ൻ വില്യംസണിന്റെ അതുല്യ പ്രകടനം ഇന്ത്യയ്ക്ക് ഗുണകരമായി. അഹമ്മദാബാദ് ടെസ്റ്റ് സ്തംഭനാവസ്ഥയിലേക്ക് നീങ്ങിയപ്പോഴും ശ്രീലങ്കയുടെ തോൽവി ഇന്ത്യയ്ക്ക് ഒരു ഉപഹാരമായി മാറി. 2021-ൽ സതാംപ്ടണിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിനോട് തോറ്റ ഇന്ത്യയുടെ പ്രഥമ ലക്‌ഷ്യം യോഗ്യത നേടുക എന്നതും, അതിനുശേഷം മുംബൈയിലെ ബി.സി.സി.ഐ. കാര്യാലയത്തിലെ അലമാരയ്ക്കുള്ളിൽ ഐ.സി.സി. കിരീടത്തിന്റെ കുറവ് പരിഹരിക്കുക എന്നതുമായിരുന്നു. ഇന്ത്യ അവസാനമായി ഒരു ഐ.സി.സി. ചാമ്പ്യൻഷിപ്പ് വിജയിച്ചത് ബർമിംഗ്ഹാമിൽവെച്ച് 2013-ൽ ചാമ്പ്യൻസ് ട്രോഫി കരസ്ഥമാക്കിയപ്പോഴാണ്. പിന്നീട് ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യ നോക്കൗട്ട് ഘട്ടങ്ങളിൽ പുറത്തായി.
ഓസ്‌ട്രേലിയയ്‌ക്കെതിരായ വിജയം ഇന്ത്യയെ സംബന്ധിച്ച് വളരെ വിശേഷപ്പെട്ടതാണ്. എന്നാൽ എതിരാളികൾ ഒരു നിഷ്പക്ഷ വേദിയിൽ ഡബ്ല്യു.ടി.സി. കലാശക്കളിയിൽ ഏറ്റുമുട്ടുമ്പോൾ, സ്പിന്നർമാർക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ പിച്ച് ഉണ്ടാവില്ലെന്നോർക്കണം. ടെസ്റ്റുകൾ മൂന്ന് ദിവസത്തിനുള്ളിൽ അവസാനിക്കുന്നതും, ആദ്യ പന്തിൽ തന്നെ പിച്ചുകൾ മോശമാകുന്നതും ദൈർഘ്യമേറിയ ടെസ്റ്റ് ക്രിക്കറ്റിന് ഗുണം ചെയ്യില്ല. അഹമ്മദാബാദിൽ അഞ്ച് ദിവസം കളി നടന്നത് ഒരു അപൂർവ സംഭവമായിരുന്നുവെങ്കിലും, ഇന്ത്യ വിദേശത്ത് കളിക്കുമ്പോൾ ഗതി നിയന്ത്രിക്കുന്നത് അതിവേഗ പന്തുകളാണ്. മുന്നണിപ്പോരാളിയായ ജസ്പ്രീത് ബുംറ ഒരു ശസ്ത്രക്രിയക്കുശേഷം വിശ്രമത്തിലായതിനാൽ ചില ആശങ്കകൾ ഉയരുന്നുണ്ട്. ഉമേഷ് യാദവിനെ കൂടാതെ രണ്ട് മുഹമ്മദുമാർ – ഷമിയും, സിറാജും – പേസ് ആക്രമണത്തിന് മൂർച്ചകൂട്ടേണ്ടതുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏറ്റവും പുതിയ പരമ്പരയിൽ രോഹിത്, വിരാട് കോലി, ചേതേശ്വർ പൂജാര എന്നിവർ റണ്ണുകൾ നേടാൻ തിരിച്ചെത്തുകയും, ശുഭ്‌മാൻ ഗിൽ മികച്ച ഫോം കണ്ടത്തുകയും ചെയ്തതോടെ ഓവലിൽ ബാറ്റിംഗ് നിര തിളങ്ങുമെന്ന പ്രതീക്ഷ ഉയരുന്നു. അശ്വിനും, രവീന്ദ്ര ജഡേജയും വിക്കറ്റുകളുടെ ഒരു കൂമ്പാരം സൃഷ്ടിച്ചുവെങ്കിലും, ഇന്ത്യ ഡബ്ല്യു.ടി.സി. കലാശക്കളിയിൽ ഇരുവരെയും കളത്തിൽ ഇറക്കുമോ, അതോ ഒരാളേ മാത്രം കളിപ്പിക്കുമോ എന്ന് കണ്ടറിയണം. രോഹിത്, കോലി, പൂജാര, അശ്വിൻ, ജഡേജ എന്നീ പ്രധാന കളിക്കാർ മുപ്പതുകളുടെ മധ്യത്തിലാണെന്നതും, ഒരു മാറ്റം അനിവാര്യമാണെന്നതും ടീമിനെ അലട്ടുന്ന ഒരു പ്രശ്നമാണ്. എന്നാൽ അതിന് മുമ്പ് ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ഒരു ഏകദിന പരമ്പരയും തുടർന്ന് ഇന്ത്യൻ പ്രീമിയർ ലീഗും ഉണ്ട്. ഇന്ത്യ ജൂണിൽ ഇംഗ്ലണ്ടിലേക്ക് പറക്കും.
This editorial has been translated from English, which can be read here.
COMMents
SHARE