ഏറ്റവും പുതിയ ആഗോള സാമ്പത്തിക സംഭവവികാസങ്ങളും ഇന്ത്യയിലെ സമീപകാല സാമ്പത്തിക കണക്കുകളും ഇന്ത്യയുടേതുൾപ്പെടെയുള്ള പല പ്രധാന സമ്പദ്‌വ്യവസ്ഥകളേയും ദുർബലപ്പെടുത്തുന്ന സ്റ്റേഗ്ഫ്ലേഷൻ അഥവാ മുരടിച്ച വളർച്ചയും പണപ്പെരുപ്പവും ചേർന്ന അവസ്ഥയിലേക്ക് നീങ്ങുന്നുവെന്ന ഭയം ഉയർത്തുന്നു. ഇന്ത്യയുടെ എൻ.എസ്.ഒ. രേഖപ്പെടുത്തിയ ഫെബ്രുവരിയിലെ 6.44 ശതമാനം ഉപഭോക്തൃ പണപ്പെരുപ്പം, നാലാം പാദത്തിലെ നാണയപ്പെരുപ്പം 5.7 ശതമാനമായിരിക്കുമെന്ന ആർ.ബി.ഐയുടെ ഏറ്റവും പുതിയ പ്രവചനം ശരിയല്ലെന്ന് ചൂണ്ടികാണിക്കുന്നു. ജനുവരിയിൽ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം 6.52 ശതമാനം രേഖപ്പെടുത്തിയതിനാൽ, ആർ.ബി.ഐയുടെ പ്രവചനം യാഥാർത്ഥ്യമാകണമെങ്കിൽ, മാർച്ചിൽ വിലകൾ കുത്തനെ 230 ബേസിസ് പോയിന്റ് ഇടിഞ്ഞ് 4.1 ശതമാനത്തിൽ എത്തേണ്ടി വരും. പണപ്പെരുപ്പത്തിലേക്ക് നയിക്കുന്ന ഘടകങ്ങൾ പരിശോധിച്ചാൽ, ഭക്ഷ്യ-ഇന്ധന വിലകൾ ഒഴിവാക്കിയ പ്രധാന നാണയപ്പെരുപ്പം തുടർച്ചയായ മൂന്നാം മാസവും 6.2 ശതമാനത്തിൽ തുടരുകയാണ് എന്ന് കാണാം. കൂടാതെ, 2021 മെയ് മുതൽ നാണയപ്പെരുപ്പം ഏകദേശം 6 ശതമാനമോ അതിനു മുകളിലോ ആയി തുടരുകയാണ്. കഴിഞ്ഞ മെയ് മുതൽക്ക് റിസർവ് ബാങ്ക് പലിശ നിരക്ക് 250 ബേസിസ് പോയിൻറ് ഉയർത്തിയിട്ടും പ്രധാന പണപ്പെരുപ്പം തുടർച്ചയായി ഉയർന്നുകൊണ്ടേയിരിക്കുന്നു. ഇത്, വായ്പാ ചെലവ് കൂട്ടി ഉപഭോഗം കുറച്ച് വിലക്കയറ്റം തടയുന്നതിൽ സാമ്പത്തിക നയതന്ത്രജ്ഞർ നേരിടുന്ന ബുദ്ധിമുട്ട് വെളിവാക്കുന്നു. ഗവർണർ ശക്തികാന്ത ദാസും ആർ.ബി.ഐയുടെ സാമ്പത്തിക നയ സമിതിയിലെ മറ്റ് രണ്ട് അംഗങ്ങളും ഫെബ്രുവരിയിൽ നടന്ന സമിതിയുടെ യോഗത്തിൽ കർശനമായ സാമ്പത്തിക നയം തുടരുന്നതിന്റെ കാരണമായി ചൂണ്ടിക്കാണിച്ചത് പ്രധാന പണപ്പെരുപ്പം ആശങ്കാജനകമായി തുടരുന്നതാണ്.
സംയോജിത ഭക്ഷ്യവില സൂചികയിൽ കഴിഞ്ഞ മാസം അഞ്ച് ബേസിസ് പോയിന്റുകളുടെ നേരിയ ഇടിവ് ഉണ്ടായിട്ടും, അസുഖകരമായ പ്രവണതകൾ കാണിക്കുന്ന ഭക്ഷ്യ സാമഗ്രികളുടെ മൊത്തത്തിലുള്ള വിലക്കയറ്റമാണ് കണക്ക് കൂട്ടലുകളെല്ലാം തെറ്റിക്കുന്നത്. ഉപഭോക്തൃ വില സൂചികയുടെ അഞ്ചിലൊന്നിൽ കൂടുതൽ വരുന്ന ഭക്ഷ്യ സാമഗ്രികളിലെ നാല് പ്രധാന ഇനങ്ങളിൽ മുൻ വർഷത്തേക്കാളും മുൻ മാസത്തേക്കാളും ഗണ്യമായി ഉയർന്ന വിലക്കയറ്റം രേഖപ്പെടുത്തി. പ്രധാന ഭക്ഷണമായ ധാന്യങ്ങളുടേയും അതിന്റെ ഉൽപന്നങ്ങളുടേയും പണപ്പെരുപ്പം ഫെബ്രുവരിയിൽ 16.7 ശതമാനമായി ഉയർന്നപ്പോൾ, പാലിന്റേയും പാൽ ഉൽപന്നങ്ങളുടേയും ഉപഭോക്തൃ വിലകൾ 9.65 ശതമാനമായി വർദ്ധിച്ചു. പഴങ്ങളുടെ വില 6.38 ശതമാനമായി അധികരിച്ചു (ജനുവരിയിലെ 2.93 ശതമാനത്തിൽ നിന്ന്). സുഗന്ധവ്യഞ്ജനങ്ങളുടെ വിലക്കയറ്റം മാത്രം ഒരല്പം മയപ്പെട്ട് 20.2 ശതമാനമായി (21.1 ശതമാനത്തിൽ നിന്ന്). ഈ വർഷം എൽ നിനോ പ്രതിഭാസത്തിനുള്ള സാധ്യതയുള്ളതിനാൽ, ഭക്ഷ്യവിലയെക്കുറിച്ചുള്ള അനുമാനങ്ങൾ ആശ്വാസകരമല്ല. അതിനാൽ, പണപ്പെരുപ്പം നിയന്ത്രിക്കുന്നതിൽ നയരൂപകർത്താക്കൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. എങ്കിലും, വികസിത സമ്പദ്‌വ്യവസ്ഥകളിൽ മാന്ദ്യത ഉണ്ടാവാനുള്ള ഉയർന്ന സാധ്യതയുള്ളതിനാൽ, ഇന്ത്യയുടെ വളർച്ചാ നിരക്ക് തുടരാനാവുമോയെന്ന അനിശ്ചിതത്വം നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ, ഉയർന്ന വായ്‌പാച്ചെലവ് ഉപഭോഗത്തെ കൂടുതൽ തളർത്താനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. എന്നിട്ടും, നീണ്ടുനിൽക്കുന്ന വിലസ്ഥിരത കൊണ്ടുവരുന്നതിൽ പരാജയപ്പെടുന്നത് സ്റ്റാഗ്ഫ്ലേഷനിലേക്ക് നയിച്ചേക്കാം. വിതരണരംഗവുമായി ബന്ധപ്പെട്ട നടപടികളായ ജി.എസ്.ടിയുടെ പുനഃക്രമീകരണം, ഇന്ധന വില കുറയ്ക്കൽ തുടങ്ങിയവ വേഗത്തിലാക്കാനായില്ലെങ്കിൽ, മൊത്തത്തിലുള്ള സ്ഥൂല സാമ്പത്തിക വീക്ഷണം ആശങ്കാജനകമായി തുടരും.
This editorial has been translated from English, which can be read here.
COMMents
SHARE