തമിഴ്നാട്ടിലെ മധുര, തിരുച്ചി, ശിവഗംഗ, പുതുക്കോട്ട, കരൂർ എന്നീ ജില്ലകളിൽ ഈ ആഴ്ച നടന്ന ജല്ലിക്കെട്ടിലും, മഞ്ഞുവിരാട്ടിലും അഞ്ചുപേർ കൊല്ലപ്പെട്ടതും ഡസൻ കണക്കിന് ആളുകൾക്ക് പരിക്കേറ്റതും നിർഭാഗ്യകരമാണെങ്കിലും അതിശയം ഉളവാക്കുന്നില്ല. മൂന്ന് വർഷത്തെ നിരോധനത്തിനും വൻ പ്രക്ഷോഭത്തിനും ശേഷം 2017 ജനുവരിയിൽ ജല്ലിക്കെട്ട് പുനരാരംഭിച്ചത് മുതൽ പങ്കെടുക്കുന്നവരും കാണികളും ഒരുപോലെ അതിന്റെ ഇരകളായിട്ടുണ്ട്. ഇന്ത്യയിലെ മൃഗ സംരക്ഷണ ബോർഡിന്റെ കണക്കുകൾ പ്രകാരം 2008-14 കാലയളവിൽ 43 ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മനുഷ്യനാശം ഇല്ലാത്ത ജല്ലിക്കെട്ട് എന്നത് ഒരു നടക്കാത്ത ലക്ഷ്യമായി തുടരുമ്പോൾ, മൃഗത്തിന്റെ ദുരവസ്ഥയെക്കുറിച്ച് പറയേണ്ടതില്ല. 2017-ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ (തമിഴ്നാട് ഭേദഗതി) നിയമത്തിന്റെ സാധുത ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹർജികൾ സുപ്രീം കോടതി വിധി പറയാൻ മാറ്റിവെച്ചിട്ടുണ്ട്. നവംബർ അവസാനം ഭേദഗതിയെക്കുറിച്ചുള്ള വാദങ്ങൾ കേട്ടുകൊണ്ട് ഭരണഘടനാ ബെഞ്ച് നടത്തിയ നിരീക്ഷണം ജല്ലിക്കെട്ട് സംഘാടകർ ശ്രദ്ധിക്കേണ്ടതാണ്. ജല്ലിക്കെട്ട് എന്ന കായിക വിനോദം നിഷ്ഠൂരമായിരിക്കില്ല, പക്ഷേ, അത് സംസ്ഥാനത്ത് നടത്തുന്ന “രീതി” ക്രൂരമാകാം എന്ന് കോടതി പറഞ്ഞു. ജല്ലിക്കെട്ട് ഒരു കായിക വിനോദമായി കാണുന്ന ആളുകൾ, പരിക്കിന്റെ സാധ്യത കൂടുതലുള്ള ഫുട്ബോളിലോ ബോക്സിങ്ങിലോ പ്രയോഗിക്കുന്ന യുക്തി ജല്ലിക്കെട്ടിനും ബാധകമാക്കണമെന്ന് വാദിക്കുന്നു. അപകടങ്ങൾ സംഭവിക്കുന്നതുമൂലം ഫുട്ബോളോ ബോക്സിങ്ങോ നിരോധിക്കണമെന്ന് ആരും ആവശ്യപ്പെടാറില്ല. സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ധീരതയുടെയും പേരിൽ ന്യായീകരിക്കപ്പെടുന്ന ജല്ലിക്കെട്ടിനും ഇതേ അളവുകോൽ ഉപയോഗിക്കണം. പക്ഷേ ശ്രദ്ധിക്കപ്പെടാത്ത കാര്യം, ജല്ലിക്കെട്ടിൽ നിന്ന് വ്യത്യസ്തമായി, ഫുട്ബോളിലോ, ബോക്സിംഗിലോ, അല്ലെങ്കിൽ കാറോട്ടത്തിലോ മുഴുവൻ മത്സരവും മനുഷ്യരെ കേന്ദ്രീകരിച്ചാണ് നടത്തുന്നത്.
അതേസമയം, നിയന്ത്രണത്തിനും സുരക്ഷയ്ക്കും ഇപ്പോൾ കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. അധികാരികൾ ചട്ടങ്ങൾ കർശനമാക്കിയത് ആശ്വാസകരമാണ്. 21 വേദികളുള്ള മധുര ജില്ലയിൽ, ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനപ്രകാരം കാള ഉടമകൾക്ക് ജില്ലയിലെ അവണിയാപുരം, പാലമേട്, അലങ്കനല്ലൂർ എന്നീ മൂന്ന് സുപ്രധാന വേദികളിൽ ഒരെണ്ണം മാത്രമേ തിരഞ്ഞെടുക്കാനാവൂ. തിരുച്ചിയിൽ ഓരോ പരിപാടിയിലും 700-ഇൽ കൂടുതൽ കാളകളെ പുറത്തുവിടാൻ അനുവദിക്കില്ല. പങ്കെടുക്കുന്നവരുടെ കടമകളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ സംസ്ഥാന മൃഗസംരക്ഷണ, ക്ഷീരോൽപ്പാദന, മത്സ്യബന്ധന, മത്സ്യത്തൊഴിലാളി ക്ഷേമ വകുപ്പ് ഡിസംബർ അവസാനം പുറപ്പെടുവിച്ചു. നിയമങ്ങൾ സാമാന്യം വിപുലമാണെങ്കിലും, കർശനമായ ശിക്ഷാ വ്യവസ്ഥകൾ ഉണ്ടായിരിക്കണം. തകർക്കപ്പെടാനാവാത്ത വേലിക്ക് പിന്നിൽ നിൽക്കേണ്ട കാണികളുടെയെങ്കിലും മരണം തടയുന്നതിൽ അധികാരികൾ ശ്രദ്ധ കേന്ദ്രീകരിക്കണം. കൂടാതെ, യുവാക്കളെ ആകർഷിക്കാൻ കാറുകൾ, മോട്ടോർ സൈക്കിളുകൾ പോലുള്ള ആകർഷകമായ സമ്മാനങ്ങൾ നൽകുന്ന രീതി സർക്കാർ അവസാനിപ്പിക്കണം. സർവ്വോപരി, ജല്ലിക്കെട്ട് യഥാർത്ഥത്തിൽ ശക്തിയും ധൈര്യവും പ്രകടിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതായതിനാൽ, ജീവനും ശരീരത്തിനും നേരിട്ടേക്കാവുന്ന അപകടങ്ങളെ അവഗണിക്കാനുള്ള ഒരു പ്രേരകമായി പ്രതിഫലങ്ങൾ മാറരുത്.
This editorial has been translated from English, which can be read here.
COMMents
SHARE