ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള എതിർപ്പുകൾ ജനാധിപത്യത്തിൽ അനിവാര്യമാണ്. ഒരുവിധത്തിൽ പറഞ്ഞാൽ, ശക്തമായ അഭിപ്രായവ്യത്യാസങ്ങളും തർക്കവിഷയങ്ങളും ജനമധ്യത്തിൽ കൊണ്ടുവരുന്ന അത്തരം ഇടപഴകലുകൾ അത്യന്താപേക്ഷിതമാണ്. നിയമനിർമ്മാണ സഭയിലെ ചർച്ചകളിലൂടെ അനുരഞ്ജനം ഉണ്ടാകുമ്പോഴാണ് ജനാധിപത്യം തഴച്ചുവളരുന്നത്. പക്ഷെ, പൊതുതാല്പര്യ വിഷയങ്ങളിലെ അഭിപ്രായവ്യത്യാസങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാനാവാതെ വരുമ്പോൾ ഏറ്റുമുട്ടലിൽ കലാശിക്കുന്നത് നിയമസഭയിലെ പെരുമാറ്റത്തെക്കുറിച്ച് മോശമായ ചിത്രമാണ് നൽകുന്നത്. ഭരണസഖ്യവും പ്രതിപക്ഷവും തമ്മിലുള്ള ബന്ധം വഷളായതിനെത്തുടർന്ന് നിയമനിർമ്മാണ പ്രവർത്തനങ്ങൾ സ്തംഭിച്ചിരിക്കുന്ന കേരളത്തിന്റെ കാര്യത്തിൽ ഇത് എടുത്തുപറയാവുന്നതാണ്. കഴിഞ്ഞയാഴ്ച പ്രതിപക്ഷമായ ഐക്യജനാധിപത്യ മുന്നണി നൽകിയ ചട്ടം 50 പ്രകാരമുള്ള നോട്ടീസ് ചർച്ച ചെയ്യാൻ സ്പീക്കർ ആവർത്തിച്ച് അനുമതി നിഷേധിച്ചതിനെത്തുടർന്നുണ്ടായ പ്രശ്‌നം പൂർണ്ണ ഏറ്റുമുട്ടലായി വളർന്നു. നിയമസഭയിലെ ബഹളത്തിൽ കലാശിച്ച സംഭവങ്ങൾക്ക് ശേഷം സഭാംഗങ്ങൾക്കെതിരെ കേസുകൾ ഫയൽ ചെയ്യപ്പെട്ടു. സ്പീക്കർ അനുമതി നിഷേധിച്ചതിനെത്തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ സമാന്തര സഭ ചേര്‍ന്നതും അധ്യക്ഷസ്ഥാനത്തുള്ള എ.എൻ.ഷംസീറിനെതിരെ മോശമായ രീതിയിൽ പ്രതിഷേധിച്ചതും ഉചിതമായില്ല. പ്രതിപക്ഷത്തിന് നിയമസഭയിൽ പ്രധാനപ്പെട്ട വിഷയങ്ങൾ ഉന്നയിക്കാനും, ചർച്ചചെയ്യാനുമുള്ള അവകാശത്തെ മാനിക്കുകയും, അത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ട ബാധ്യത സഭാധ്യക്ഷനും ഭരണമുന്നണിക്കുമുണ്ട്. ചട്ടം 50 പ്രകാരമുള്ള നോട്ടീസുകളിലെ ചർച്ചകൾ ആവർത്തിച്ച് നിരസിച്ചതും പ്രതിപക്ഷ അംഗങ്ങൾക്കെതിരെ കേസുകൾ ഫയൽ ചെയ്തതും സംഘർഷം വർദ്ധിപ്പിച്ചു. ഔദ്യോഗിക പ്രക്ഷേപണ സംവിധാനമായ സഭാ ടിവിയിൽ തങ്ങളുടെ സാമാജികരെ വേണ്ടത്ര കാട്ടുന്നില്ല എന്ന പ്രതിപക്ഷ ആരോപണവും അസ്ഥാനത്തല്ല.
ഒരു കോൺഗ്രസ് നിയമസഭാംഗത്തിനെതിരെ താൻ നടത്തിയ പരാമർശങ്ങൾ നീക്കം ചെയ്തുകൊണ്ട് സ്പീക്കർ തിങ്കളാഴ്ച അനുരഞ്ജനത്തിന്റെ പാത തുറന്നു. “പൊതു താല്പര്യമുള്ള സുപ്രധാന” വിഷയങ്ങളിൽ പ്രതിപക്ഷ അംഗങ്ങൾക്ക് ചട്ടം 50 പ്രകാരം നോട്ടീസ് നൽകാനുള്ള പ്രത്യേകാവകാശം താൻ ഉയർത്തിപ്പിടിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. സഭാ ടിവി കക്ഷിരാഷ്ട്രീയഭേദമെന്യേ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതികാരബുദ്ധിയോടെയുള്ള നിയമനടപടികൾ അവസാനിപ്പിക്കുന്നതിനും, ചർച്ചയിലൂടെ സാധാരണ രീതിയിലുള്ള നിയമസഭാ നടപടികൾ പുനരാരംഭിക്കുന്നതിനും ഇരുകൂട്ടർക്കും ഇത് അവസരമൊരുക്കും. സാമൂഹ്യ-സാമ്പത്തിക വിഷയങ്ങളിൽ കേരളം തീർച്ചയായും ഇന്ത്യക്ക് മുഴുവൻ ഒരു മാതൃകയാണ്. എന്നാൽ ഒരു പരിസ്ഥിതിലോല സംസ്ഥാനമെന്ന നിലയിൽ വികസനവും പാരിസ്ഥിതിക സുസ്ഥിരതയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുക എന്ന അസാധാരണമായ വെല്ലുവിളി കേരളം അഭിമുഖീകരിക്കുന്നു. ബ്രഹ്മപുരം മാലിന്യകൂമ്പാരത്തിലെ അഗ്നിബാധ ഇതിന് ഉത്തമ ഉദാഹരണമാണ്. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽപ്പോലും, ആരോഗ്യകരമായ ചർച്ചകളും സംവാദങ്ങളും എൽ.ഡി.എഫ്. സർക്കാരിനെ ജാഗരൂകരാക്കി സദ്ഭരണം ഉറപ്പാക്കാൻ സഹായിക്കും. നിയമസഭാ നടപടികൾ പക്ഷപാതരഹിതമായി നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആഹ്വാനത്തോട് ഭരണസഖ്യവും മുഖ്യമന്ത്രിയും എങ്ങനെ പ്രതികരിക്കുന്നു എന്നത് സംസ്ഥാനത്തെ ഇരു മുന്നണികളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിന്റെ ഗതി നിർണ്ണയിക്കും.
This editorial has been translated from English, which can be read here.
Published - March 21, 2023 11:27 am IST