പ്രശ്നത്തിൽപ്പെട്ട പെറു  

സർക്കാരും പ്രതിപക്ഷവും പുതിയ തെരഞ്ഞെടുപ്പിന്റെ തിയതി നിശ്ചയിക്കുന്ന കാര്യത്തിൽ യോജിപ്പിലെത്തണം 

January 13, 2023 12:10 pm | Updated 12:10 pm IST

സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്കിടെ തിങ്കളാഴ്ച 17 പൗരന്മാരും ഒരു പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടതോടെ, പെറുവിൽ ഒരു മാസമായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധി രക്തരൂക്ഷിതമായി. ഇത് കൂടുതൽ അക്രമങ്ങൾ അലയടിക്കാൻ  കാരണമായേക്കാം. ഈ സംഭവം, പ്രതിഷേധങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ  ക്രൂരമായ സമീപനം മാത്രമല്ല, അധികാരത്തിലിരിക്കെ രാജ്യത്തെ ഏകീകരിക്കുന്നതിലും സുസ്ഥിരമാക്കുന്നതിലും പ്രസിഡന്റ് ദിന ബൊലുവാർട്ടിന്റെയും, അവരുടെ മുൻഗാമിയായ പെഡ്രോ കാസ്റ്റിലോയുടെയും പരാജയവും വെളിവാക്കുന്നു. നിലവിലെ പ്രതിസന്ധി യഥാർത്ഥത്തിൽ കാസ്റ്റിലോയും രാജ്യത്തെ കോൺഗ്രസും തമ്മിലുള്ള അധികാര വടംവലിയുടെ അനന്തരഫലമാണ്. രാഷ്ട്രീയ സ്ഥിരത, അഴിമതിക്കെതിരെയുള്ള പോരാട്ടം, രാജ്യം കാലാകാലങ്ങളായി നേരിടുന്ന അസമത്വത്തിനുള്ള പരിഹാരം എന്നീ  വാഗ്ദാനങ്ങൾ നൽകിയാണ്  മുൻ സ്കൂൾ അധ്യാപകനും, തൊഴിലാളി സംഘടനാപ്രവർത്തകനുമായ കാസ്റ്റിലോ 2021 ഏപ്രിലിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ഭരണത്തിലും രാഷ്ട്രീയത്തിലും അനുഭവജ്ഞാനമില്ലാത്ത കാസ്റ്റിലോ, പെറുവിന്റെ ഭരണ സംവിധാനത്തിലെ കുരുക്കുകളിൽ അകപ്പെട്ടു. ഭരണം നിയന്ത്രിക്കാൻ യത്‌നിക്കേ, കാസ്റ്റിലോയോട് എതിർപ്പുള്ള കോൺഗ്രസും പെറുവിലെ സമ്പന്ന വിഭാഗങ്ങളും അദ്ദേഹത്തിനെതിരെ അണിനിരന്നു. അഴിമതി, കുറ്റവാളിസംഘങ്ങളുമായുള്ള ബന്ധം എന്നീ ആരോപണങ്ങൾ ലിമയിൽ കാസ്റ്റിലോയുടെ സ്ഥാനം ദുർബലമാക്കി. മുമ്പ് രണ്ട് തവണ അദ്ദേഹത്തെ പുറത്താക്കാൻ കോൺഗ്രസ് വോട്ട് ചെയ്തെങ്കിലും, വേണ്ടത്ര പിന്തുണ ലഭിച്ചില്ല. ഡിസംബറിൽ മൂന്നാമത്തെ വോട്ടെടുപ്പ് നടക്കാനിരിക്കെ, കോൺഗ്രസ് പിരിച്ചുവിടുമെന്ന കാസ്റ്റിലോയുടെ കടുത്ത പ്രഖ്യാപനം അദ്ദേഹത്തിന്റെ കുറ്റവിചാരണക്കും കാരണമായി. 

ഇപ്പോൾ ജയിലിൽ കഴിയുന്ന കാസ്റ്റിലോ, പാർലമെന്റ്  പിരിച്ചുവിട്ടാലുണ്ടാകാവുന്ന ഭവിഷ്യത്തുകളെ തെറ്റായി വിലയിരുത്തി. എന്നാൽ, അദ്ദേഹത്തിന്റെ പിൻഗാമിയും നിയമസഭാംഗങ്ങളും ദരിദ്രർക്കിടയിലെ ഈ ഇടതുപക്ഷ നേതാവിന്റെ പിന്തുണ തിരിച്ചറിഞ്ഞില്ല. കാസ്റ്റിലോയുടെ ഭരണം പുനസ്ഥാപിക്കണം അല്ലെങ്കിൽ തിരഞ്ഞെടുപ്പ് നേരത്തേ നടത്തണം എന്നാവശ്യപ്പെട്ട് പെറുവിലെ മലമ്പ്രദേശങ്ങളിൽ അക്രമാസക്തമായ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. കാസ്റ്റിലോ ബൊലുവാർട്ടിനെ “ഭരണം തട്ടിയെടുത്തവൾ” എന്ന് വിളിച്ചു. അതേസമയം, 2026-വരെയുള്ള നിയമാനുസൃത കാലാവധി പൂർത്തിയാക്കാൻ തങ്ങൾ വോട്ട് ചെയ്ത പ്രസിഡന്റിനെ അനുവദിച്ചില്ലെന്ന് അദ്ദേഹത്തിന്റെ അനുയായികൾ ആരോപിച്ചു. കാസ്റ്റിലോയെ പുറത്താക്കിയത് മുതലുള്ള  പ്രതിഷേധങ്ങളിൽ കുറഞ്ഞത് 47 പേർ കൊല്ലപ്പെട്ടു, മരിച്ചവരിൽ കൂടുതലും സാധാരണക്കാരാണ്. കടുത്ത സമ്മർദ്ദത്തെത്തുടർന്ന്, 2024 ഏപ്രിലിൽ തിരഞ്ഞെടുപ്പ് നടത്തുമെന്ന് ബൊലുവാർട്ട് വാഗ്ദാനം ചെയ്തു (ഇതിനു കോൺഗ്രസിന്റെ അംഗീകാരം ലഭിച്ചിട്ടില്ല). എന്നാൽ, ഇത് കാസ്റ്റിലോയും അദ്ദേഹത്തിന്റെ അനുയായികളും തള്ളിക്കളയുകയും, തുടർന്ന് രാജ്യം കുത്തഴിഞ്ഞ അവസ്ഥയിലെത്തുകയും ചെയ്തു. നിലവിലെ പ്രതിസന്ധിയിൽ ഇരുപക്ഷത്തിനും കൈയ്യുള്ളതിനാൽ ഒരു പോംവഴി കണ്ടെത്താൻ അവർ ഒരുമിച്ച് നിൽക്കണം. കാസ്റ്റിലോയെ പുനഃസ്ഥാപിക്കുന്നത് പ്രായോഗികമായും ഭരണഘടനാപരമായും സാധ്യമല്ലായിരിക്കാം. എന്നാൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ബൊലുവാർട്ടിന്റെ സർക്കാരിന് അദ്ദേഹത്തെ ജയിലിൽ നിന്ന് മോചിപ്പിക്കാനാകും. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരും, പ്രതിപക്ഷവും, കോൺഗ്രസും പുതിയ തെരഞ്ഞെടുപ്പിന് എത്രയും വേഗം ഒരു തീയതി നിശ്ചയിക്കുന്നതിൽ  യോജിപ്പിലെത്തണം. പെറുവിലെ രാഷ്ട്രീയ വർഗ്ഗം, രാഷ്ട്രപതിയും നിയമസഭയും ഏറ്റുമുട്ടാതെ പ്രവർത്തിക്കാൻ അനുവദിക്കുന്ന വിപുലമായ ഭരണഘടനാ പരിഷ്കാരങ്ങൾക്ക് തയ്യാറാകണം.

This editorial has been translated from English, which can be read here.

Top News Today

Comments

Comments have to be in English, and in full sentences. They cannot be abusive or personal. Please abide by our community guidelines for posting your comments.

We have migrated to a new commenting platform. If you are already a registered user of The Hindu and logged in, you may continue to engage with our articles. If you do not have an account please register and login to post comments. Users can access their older comments by logging into their accounts on Vuukle.