റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ യുക്രെയ്‌നിനെതിരായ ആക്രമണം ആരംഭിച്ച് ഏകദേശം ഒരു വർഷം (ഫെബ്രുവരി 24, 2022) പിന്നിട്ടപ്പോൾ, റഷ്യയെ വിമർശിക്കാനുള്ള യു.എൻ. ജനറൽ അസംബ്ലിയുടെ ഏറ്റവും പുതിയ പ്രമേയത്തിലെ വോട്ടെടുപ്പിൽ അനുകൂലമായി 141 വോട്ടുകളും, എതിരായി ഏഴ് വോട്ടുകളും (അതിൽ റഷ്യയും ഉൾപ്പെടുന്നു) ലഭിച്ചു. 32 അംഗങ്ങൾ വിട്ടുനിന്നു (ഇതിൽ ഇന്ത്യയും ചൈനയും ഉൾപ്പെടുന്നു). 70-ലധികം രാജ്യങ്ങൾ മുന്നോട്ട് വെച്ച പ്രമേയം അഥവാ “നീതിപരവും ശാശ്വതവുമായ സമാധാനത്തിന്” വേണ്ടിയുള്ള ആഹ്വാനം, സംഘർഷം ഉടനടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും അന്താരാഷ്ട്ര കോടതികളിൽ അവകാശ ലംഘനങ്ങൾക്കും യുദ്ധക്കുറ്റങ്ങൾക്കും ഉത്തരം പറയിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അമേരിക്കയുടെയും സഖ്യകക്ഷികളുടേയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടേയും നേതൃത്വത്തിൽ പ്രമേയം മുന്നോട്ടു വെച്ചവർ സമാധാന ചർച്ചകൾ ആവശ്യപ്പെട്ടില്ല. യുക്രെയ്‌ൻ പ്രസിഡന്റ് വോളൊഡിമിർ സെലെൻസ്‌കി ഇപ്പോൾ അതിനെ അനുകൂലിക്കുന്നില്ല. കാരണം, തൽസ്ഥിതി തുടർന്നാൽ യുക്രെയ്‌ന്റെ അഞ്ചിലൊന്ന് ഭൂപ്രദേശത്ത് അവകാശമുന്നയിച്ചിരിക്കുന്ന റഷ്യൻ സേനക്ക് അത് മുൻതൂക്കം നൽകും. “അധിനിവേശം” എന്ന പദത്തിന് പകരം റഷ്യ വിളിക്കുന്നത് പോലെ “പ്രത്യേക സൈനിക നീക്കങ്ങൾ” എന്ന് മാറ്റാനും ഉടൻ തന്നെ ചർച്ചയ്ക്ക് ആഹ്വനം ചെയ്യാനും റഷ്യയുടെ സഖ്യകക്ഷിയായ ബെലറൂസ് നിർദ്ദേശിച്ച രണ്ട് ഭേദഗതികൾ നിരസിക്കപ്പെട്ടു. തൽഫലമായി, യുക്രെയ്‌നിൽ സൈനിക സ്തംഭനാവസ്ഥ നിലനിൽക്കെ, മരണസംഖ്യ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. പാശ്ചാത്യ ഉപരോധങ്ങൾ ലോകത്തിന്റെ ഭൂരിഭാഗവും അനുകൂലിക്കുന്നില്ല. എന്നാൽ യുക്രെയ്‌നും നാറ്റോ രാജ്യങ്ങളും വോട്ടിനെ ഒരു വലിയ വിജയമായി വിശേഷിപ്പിച്ചു – 2022 മാർച്ച് 2-ന് നടന്ന സമാനമായ വോട്ടെടുപ്പിൽ ഉണ്ടായതുപോലെ.
അമേരിക്കയും, യൂറോപ്യൻ രാജ്യങ്ങളും നിരവധി തവണ ശ്രമിച്ചിട്ടും ഇന്ത്യ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഐക്യരാഷ്ട്ര സഭയുടെ പ്രധാന സംഘടനകളിൽ റഷ്യയെ വിമർശിക്കുന്ന ഏത് പ്രമേയത്തിലും കഴിഞ്ഞ വർഷം മുതൽ ഇന്ത്യ ഇതുതന്നെയാണ് ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അന്താരാഷ്ട്ര വേദികളിൽ നടത്തിയ വിശദീകരണങ്ങളിൽ – അവയിൽ ചിലത് ഇന്ത്യയുടെ യു.എൻ. പ്രതിനിധി വ്യാഴാഴ്ച ആവർത്തിച്ചു – മോദി സർക്കാർ തങ്ങളുടെ നയതന്ത്രപരമായ സ്വാതന്ത്ര്യത്തെപ്പറ്റി എടുത്തു പറഞ്ഞിട്ടുണ്ട്. മോസ്കോയുമായുള്ള പരമ്പരാഗത ബന്ധം, ഇന്ത്യൻ വിദ്യാർത്ഥികൾ ഇടയിൽ കുടുങ്ങിയതിനാൽ പക്ഷം ചേരാൻ തുടക്കത്തിലുണ്ടായിരുന്ന വിമുഖത, “നയതന്ത്രവും സംവാദവും” മാത്രമാണ് മുന്നോട്ടുള്ള പോംവഴിയെന്ന വാദം, മധ്യസ്ഥതയ്ക്ക് ഇടം നൽകുന്നതിന് ഒരുതരം “നിഷ്പക്ഷത” പാലിക്കേണ്ടതുണ്ടെന്ന അവകാശവാദം എന്നിവയാണ് ഇതിനായി ചൂണ്ടികാണിക്കപ്പെട്ടത്. റഷ്യയ്‌ക്കെതിരെയുള്ള ഏകപക്ഷീയമായ പാശ്ചാത്യ ഉപരോധങ്ങൾ നിരസിക്കുകയും മോസ്കോയുമായുള്ള ഇന്ധന-വള വ്യാപാരം വർദ്ധിപ്പിക്കുകയും ചെയ്തത് സ്വതന്ത്ര തീരുമാനമെടുക്കാനുള്ള ഇന്ത്യയുടെ ആഗ്രഹം കൊണ്ടായിരുന്നെങ്കിലും, ബഹുകക്ഷി തലത്തിലുള്ള ഒരു വേദിയിൽ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുക അതിന്റെ തത്വാധിഷ്ഠിത നിലപാടാണെന്നു സ്ഥാപിക്കുന്നത് ന്യൂഡൽഹിക്ക് കൂടുതൽ പ്രയാസകരമായിക്കൊണ്ടിരിക്കുകയാണ്. വാസ്‌തവത്തിൽ, തങ്ങളേക്കാൾ ചെറുതും പരമാധികാരമുള്ളതുമായ അയൽരാജ്യത്തിന്റെ മേലുള്ള റഷ്യയുടെ അധിനിവേശമാണെന്ന് ഇതെന്ന് വ്യക്തമായിക്കഴിഞ്ഞു. റഷ്യ ആദ്യം പ്രഖ്യാപിച്ച തന്ത്രപരമായ ലക്ഷ്യങ്ങൾ നേടിയിട്ടും യുദ്ധം നിർത്തിയിട്ടില്ല. “ഈ യുഗം യുദ്ധത്തിന്റേതല്ല” എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊട്ടിഘോഷിക്കപ്പെട്ട പ്രസ്താവനക്ക് പ്രസിഡന്റ് പുടിൻ ചെവി കൊടുത്തിട്ടില്ല. യുക്രെയ്ൻ ഇന്ത്യയെ നിഷ്പക്ഷതയുള്ള ഒരു മധ്യസ്ഥനായി കാണുന്നുണ്ടോ എന്നതിന് വ്യക്തതയുമില്ല. നിർബന്ധത്തിനു വഴങ്ങി വോട്ട് ചെയ്യില്ലെന്ന് ഇന്ത്യ പതിറ്റാണ്ടുകളായി തെളിയിച്ചിട്ടുണ്ട്. എങ്കിലും ന്യൂഡൽഹി അവകാശപ്പെടുന്നപോലെയുള്ള ആഗോള, പ്രാദേശിക നേതൃസ്ഥാനം, പരമാധികാരത്തിന്റെയും പ്രാദേശിക അഖണ്ഡതയുടെയും അടിസ്ഥാന തത്വങ്ങളിൽ സങ്കോചത്തോടെ നിന്നാൽ ലഭിക്കുന്ന ഒന്നല്ല.
This editorial has been translated from English, which can be read here.
COMMents
SHARE