വൈരാഗ്യബുദ്ധി ഔചിത്യബോധത്തെ മറികടക്കാൻ ഭരണഘടനാ പദവികൾ വഹിക്കുന്ന ആളുകൾ അനുവദിക്കരുത്. അഭിപ്രായവ്യത്യാസങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പക്വമായ രാഷ്ട്രതന്ത്രജ്ഞത പ്രകടിപ്പിക്കണമെന്ന് പഞ്ചാബ് ഗവർണർക്കും മുഖ്യമന്ത്രിക്കും സുപ്രീം കോടതി നൽകിയ ഉപദേശത്തിന്റെ സാരാംശമാണിത്. താൻ മുന്നോട്ടുവെച്ച ചില ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി ഭഗവന്ത് മാൻ നൽകിയ ഉത്തരങ്ങളെ സംബന്ധിച്ച നിയമോപദേശം ലഭിച്ചശേഷം മാത്രമേ പഞ്ചാബ് നിയമസഭയുടെ ബജറ്റ് സമ്മേളനം വിളിച്ചുചേർക്കാനുള്ള മന്ത്രിസഭാ ഉപദേശത്തിന്മേലുള്ള നടപടി സ്വീകരിക്കൂ എന്ന് ഗവർണർ ബൻവാരിലാൽ പുരോഹിത് സൂചിപ്പിച്ചിരുന്നു. ഗവർണറുടെ ഈ നിലപാട് അനുചിതമായിരുന്നു. നിയമസഭാ സമ്മേളനം വിളിക്കാൻ ഗവർണർ സമ്മതം മൂളാഞ്ഞതോടെ കോടതിയെ സമീപിക്കാൻ ആം ആദ്മി പാർട്ടി (എ.എ.പി.) സർക്കാർ നിർബന്ധിതമായി. എന്നിരുന്നാലും, മാർച്ച് 3-ന് നിശ്ചയിച്ച പ്രകാരം ഗവർണർ സഭ വിളിച്ചുകൂട്ടുന്നതായി അറിയിച്ചതിനാൽ കോടതിയുടെ ഇടപെടലില്ലാതെ വിഷയം പരിഹരിക്കപ്പെട്ടു. ഭരണഘടനയുടെ ആർട്ടിക്കിൾ 174 പ്രകാരം സഭ വിളിക്കാനുള്ള ഗവർണറുടെ അധികാരം ഇപ്പോൾ വളരെ വ്യക്തമാണ്. “തനിക്ക് അനുയോജ്യമെന്ന് തോന്നുന്ന സമയത്തും സ്ഥലത്തും യോഗം ചേരാൻ” ഗവർണർ സഭയെ വിളിച്ചുകൂട്ടണം എന്ന് ആർട്ടിക്കിൾ 174 പറയുന്നുണ്ട്. എങ്കിലും, സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച്, നബാം റെബിയ (2016) കേസിൽ, സഭ വിളിച്ചുകൂട്ടാനും നീട്ടിവെക്കാനും, പിരിച്ചുവിടാനും മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ച് മാത്രമേ ഗവർണർക്ക് കഴിയൂ എന്ന് വിധിച്ചുട്ടുണ്ട്. പുരോഹിതിന് ഇതിനെക്കുറിച്ച് അറിവില്ലാതെയിരിക്കാൻ സാധ്യതയില്ല. ഒരുപക്ഷേ രാജ്ഭവനും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിലുള്ള ബന്ധത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കാരണം അദ്ദേഹം അത്തരമൊരു നിലപാട് സ്വീകരിച്ചതായിരിക്കണം.
മുഖ്യമന്ത്രിയുടെ ചോദ്യംചെയ്യപ്പെടേണ്ട നിലപാടും കോടതിയുടെ നിരീക്ഷണങ്ങളിൽ ഉൾപ്പെടുന്നു. ചില സ്‌കൂൾ പ്രിൻസിപ്പൽമാരെ സിംഗപ്പൂരിലേക്ക് പരിശീലനത്തിന് അയച്ചതിനെ ഗവർണർ ചോദ്യം ചെയ്‌തതിന് മറുപടിയായി, തന്റെ ഉത്തരവാദിത്വം പഞ്ചാബിലെ ജനങ്ങളോട് മാത്രമാണെന്നും കേന്ദ്രം നിയോഗിച്ച ഗവർണറോടല്ലെന്നും അദ്ദേഹം മറുപടി നൽകിയിരുന്നു. “സംസ്ഥാന ഭരണനിർവഹണവുമായി ബന്ധപ്പെട്ട വിവരങ്ങളും, ഗവർണർ ആവശ്യപ്പെട്ടേക്കാവുന്ന നിയമനിർമ്മാണത്തിനുള്ള നിർദ്ദേശങ്ങളും നൽകേണ്ടത് മുഖ്യമന്ത്രിയുടെ കടമയാണ്…” എന്ന് ആർട്ടിക്കിൾ 167-ൽ പറഞ്ഞിരിക്കുന്നതിനാൽ മുഖ്യമന്ത്രിയുടെ നിലപാട് തെറ്റാണെന്നതിൽ സംശയമില്ല. ഗവർണർമാരും മുഖ്യമന്ത്രിമാരും പരസ്പരം അധീശത്വം സ്ഥാപിക്കാനുള്ള ഇത്തരം ശ്രമങ്ങൾ പല സംസ്ഥാനങ്ങളിലും പതിവായി നടക്കുന്നുണ്ടെന്നത് ദൗർഭാഗ്യകരമാണ്. ഇരുകൂട്ടരും ഭരണഘടന അനുശാസിക്കുന്ന അതിർവരമ്പുകൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഭരണഘടനയിൽ പ്രത്യേകമായി പരാമർശിക്കാത്ത മേഖലകളിലേക്ക് തങ്ങളുടെ വിവേചനാധികാരം നീട്ടാൻ കഴിയുമെന്ന് ചില ഗവർണർമാർ വിശ്വസിക്കുന്നതായി കരുതേണ്ടിയിരിക്കുന്നു. രാജ്ഭവനിലെ അധികാരികൾ കേന്ദ്രം ഭരിക്കുന്ന സർക്കാരിന്റെ കണ്ണും കാതുമായിരിക്കുക എന്ന ജോലി അക്ഷരാർത്ഥത്തിൽ ഏറ്റെടുക്കുകയും, പലപ്പോഴും രാഷ്ട്രീയ മണ്ഡലത്തിൽ പ്രവേശിക്കുകയും ചെയ്യുന്നതാണ് ഇതിന് പ്രധാന കാരണങ്ങൾ. അവർക്ക് തീർച്ചയായും മാർഗനിർദേശം നൽകാനോ, മുന്നറിയിപ്പ് നൽകാനോ, ഉപദേശിക്കാനോ കഴിയുമെങ്കിലും, അവർ ചിലപ്പോൾ വ്യാഖ്യാതാവിന്റേയും, വിമർശകന്റേയും, പ്രതിപക്ഷത്തിന്റേയും ജോലി ഏറ്റെടുക്കുന്നു. ഇത് ഭരണഘടനാധിഷ്ഠിതമായ ഭരണത്തിന് നല്ലതല്ല.
This editorial has been translated from English, which can be read here.
COMMents
SHARE