ഫെബ്രുവരിയിൽ ഇന്ത്യയുടെ ചരക്ക് കയറ്റുമതി ഗണ്യമായി ഇടിഞ്ഞു. ഇത്തരമൊരു ഇടിവ് അഞ്ച് മാസത്തിനിടെ മൂന്നാം തവണയാണ്. $33.8 ബില്യൺ വിലമതിക്കുന്ന കയറ്റുമതി ഒരു വർഷം മുമ്പുള്ളതിനേക്കാൾ 8.8 ശതമാനം കുറവ് രേഖപ്പെടുത്തി. കയറ്റുമതി പൊതുവെ അധികമായിരുന്ന സമീപകാലത്ത്, 2022 ഒക്ടോബറിൽ മാത്രമാണ് ഇതിലും കുത്തനെയുള്ള ഇടിവ് രേഖപ്പെടുത്തിയത്. എണ്ണ കയറ്റുമതിയിൽ 29 ശതമാനം തകർച്ച, രാസപദാർത്ഥങ്ങളുടെ കയറ്റുമതിയിൽ 12 ശതമാനം ഇടിവ്, എഞ്ചിനീയറിംഗ് ചരക്കുകളുടെ 10 ശതമാനം കുറവ് – ഇവ ഇന്ത്യയുടെ കയറ്റുമതിയുടെ ഏകദേശം പകുതിയോളം വരും – എന്നിവയാണ് ഫെബ്രുവരിയിലെ ഇടിവിന് കാരണമായത്. എന്നാൽ, ചുരുങ്ങുന്ന ആഗോള ഉപഭോഗത്തിന്റെ ഫലമായി ഇന്ത്യയുടെ മികച്ച 30 കയറ്റുമതി ഇനങ്ങളിൽ 13 എണ്ണത്തിന്റെ വളർച്ച കുറഞ്ഞു. ഫെബ്രുവരിയിലെ കയറ്റുമതി ഇപ്പോഴും ഒക്‌ടോബറിലേതിനേക്കാൾ 7.3 ശതമാനം കൂടുതലാണ്. എന്നാൽ, ലോകത്തിന്റെ പല ഭാഗങ്ങളും മാന്ദ്യത്തിലേക്ക് വഴുതിവീണുകൊണ്ടിരുന്ന 2022-ന്റെ അവസാന പാദത്തിലെ മ്ലാനതയിലേക്ക് മുന്നോട്ടുള്ള സാമ്പത്തിക അനുമാനം തിരിച്ചു പോവുകയാണ്. കഴിഞ്ഞ രണ്ട് മാസങ്ങളായി പ്രധാന വിപണികളിൽ നിന്നുള്ള ശക്തമായ സാമ്പത്തിക കണക്കുകൾ, 2023-ൽ ഭയപ്പെട്ടിരുന്ന ഏറ്റവും മോശമായ അവസ്ഥ ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് ഒഴിവാക്കാനാവുമെന്ന വിശ്വാസം ഉയർത്തിയിരുന്നു. എന്നാൽ മാർച്ച് പകുതിയോടെ, തൽക്കാലത്തേക്കെങ്കിലും, ആ പ്രതീക്ഷകൾ മങ്ങിയിരിക്കുകയാണ്.
ഇന്ത്യയുടെ ഏറ്റവും വലിയ വിപണിയായ യു.എസിലെ ചില്ലറ വിൽപ്പന ജനുവരിയിൽ 3 ശതമാനം ഉയർന്നിരുന്നു. എന്നാൽ ഫെബ്രുവരിയിൽ ഇത് ഇടിഞ്ഞു. പണപ്പെരുപ്പം പിടിച്ചുനിർത്താനുള്ള യു.എസ്. ഫെഡറൽ റിസർവിന്റെ പോരാട്ടത്തിനിടയിൽ, രണ്ട് യു.എസ്. ബാങ്കുകളുടെ തകർച്ചയും, യൂറോപ്യൻ സാമ്പത്തിക സ്ഥാപനം ക്രെഡിറ്റ് സ്യൂസെയുടെ പ്രശ്നങ്ങൾ മറനീക്കി പുറത്തുവന്നതും ഈ ഗതിയിൽ പെട്ടെന്നൊന്നും മാറ്റമുണ്ടാവാനിടയില്ലെന്ന് സൂചിപ്പിക്കുന്നു. ബുധനാഴ്ച, ബ്രെന്റ് ക്രൂഡിന്റെ വില ഏകദേശം 5 ശതമാനം കുറഞ്ഞു – അപ്രതീക്ഷിതമായൊരു നല്ല തുടക്കത്തിന് ശേഷം മാന്ദ്യത്തിന്റെ അപകടസാധ്യതകൾ വീണ്ടും ഉയർന്നിരിക്കുന്നു. ഉൽപ്പാദനം രണ്ട് പാദങ്ങളായി ചുരുങ്ങിക്കൊണ്ടിരിക്കുന്നതിനാൽ, ചരക്കു കയറ്റുമതിയിലെ തുടർച്ചയായ ഇടിവ് നിർമ്മാണശാലകളിലെ തൊഴിലുകൾ നഷ്ടപ്പെടാനും, ഉപഭോഗം കുറയാനും കാരണമാകും. മൂന്ന് മാസ കാലയളവിൽ ഇറക്കുമതിയിലെ ഏറ്റവും കുത്തനെയുള്ള 8.2 ശതമാനം ഇടിവായിരുന്നു ഫെബ്രുവരിയിലേത്. കൂടാതെ, ഈ മാസത്തിൽ ഏകദേശം ഒരു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഇറക്കുമതി ചെലവും (51.3 ബില്യൺ ഡോളർ) രേഖപ്പെടുത്തി. ആഗോള പ്രശ്നങ്ങളിൽ നിന്ന് സമ്പദ്‌വ്യവസ്ഥയെ അകറ്റിനിർത്താൻ സഹായിക്കുമെന്ന് കരുതിയിരുന്ന ആഭ്യന്തര ആവശ്യകതയ്ക്ക് ഈ പ്രവണതകൾ നല്ലതല്ല. ഇവയിൽ ചിലത് മൂല്യത്തേക്കാളധികം അളവ് മൂലമാകാം (ഉക്രെയ്ൻ യുദ്ധത്തിന് ശേഷം പെട്രോളിയത്തിന്റേയും ഭക്ഷ്യ എണ്ണയുടെയും വില കുതിച്ചു കയറിയിരിക്കുകയാണ്). കയറ്റുമതി ദുർബലമായ സാഹചര്യത്തിൽ വ്യാപാര കമ്മി കുറയ്ക്കാൻ, അനിവാര്യമല്ലാത്ത ഇറക്കുമതി നിയന്ത്രിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ, ഇത് ഗുണനിലവാരം, വിലനിർണ്ണയം, വിതരണ ശൃംഖല ബന്ധങ്ങൾ തുടങ്ങിയ ഘടകങ്ങൾക്ക് പ്രാധാന്യമുള്ള അപകടം നിറഞ്ഞ ഒരു മേഖലയാണ്. കൂടാതെ, തെറ്റായ നടപടികൾ ഉപഭോക്താക്കളുടെ (നിക്ഷേപകരുടേയും) തീരുമാനങ്ങളെ ബാധിക്കും. കഴിഞ്ഞ സെപ്റ്റംബറിലെ റെക്കോർഡ് 29.2 ബില്യൺ ഡോളറിൽ നിന്ന് ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കമ്മി ഇതിനകംതന്നെ ചുരുങ്ങിയതിനാൽ, പുതിയ വിപണികളിൽ വ്യാപാരം ആരംഭിക്കുന്നതിനും പ്രധാന വിപണികളിലെ അതിവേഗമുള്ള മാറ്റങ്ങളോട് കൂടുതൽ സജീവമായി പ്രതികരിക്കുന്നതിനും കയറ്റുമതിക്കാരെ പിന്തുണയ്ക്കുവാൻ നയപരമായ ശേഷി നന്നായി ഉപയോഗിക്കേണ്ടതാണ്. ദീർഘകാലമായി തീരുമാനമാവാതെ തുടരുന്ന 2015-20-ലെ വിദേശ വ്യാപാര നയത്തിന്റെ ഭേദഗതി ഇനിയും വൈകിപ്പിക്കരുത്, അതിന് എന്ത് വില കൊടുക്കേണ്ടി വന്നാൽപ്പോലും.
This editorial has been translated from English, which can be read here.
COMMents
SHARE