മുന്നിൽ നിന്ന് നയിക്കുമ്പോൾ 

ജി-20 ഉച്ചകോടിയുടെ അധ്യക്ഷസ്ഥാനം വഹിക്കുന്ന ഇന്ത്യ ദക്ഷിണാലോകത്തിന്റെ വീക്ഷണം ഉദ്‌ഘോഷിക്കണം  

January 17, 2023 11:46 am | Updated 11:46 am IST

വികസ്വര രാജ്യങ്ങൾക്കായി ‘ഗ്ലോബൽ സൗത്തിന്റെ ശബ്ദം’ എന്ന പേരിൽ സർക്കാർ നടത്തുന്ന ഉച്ചകോടി, ഇന്ത്യ അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ജി-20-യുടെ നേതൃതലത്തിലെ ആദ്യ വലിയ പരിപാടി എന്ന നിലയിൽ വളരെ പ്രധാനപ്പെട്ട സൂചനകൾ നൽകുന്നു. മുൻകാലങ്ങളിൽ യു.എൻ.രക്ഷാസമിതി പി-5, ജി-7 രാജ്യങ്ങൾ (ലോകത്തെ ഏറ്റവും വികസിത സമ്പദ്‌വ്യവസ്ഥകൾ) എന്നിവയുമായുള്ള ബന്ധത്തിലൂടെ ആഗോള നേതൃത്വത്തിന്റെ “ഉയർന്ന തലങ്ങളിൽ” ന്യൂഡൽഹി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഇതിൽ നിന്ന് വ്യതസ്തമായി, കൂടുതൽ നീതിപൂർവകമായ വീക്ഷണകോണിൽ നിന്ന് ഇപ്പോൾ ലോകത്തെ കാണുന്ന ഇന്ത്യ, വികസ്വര രാജ്യങ്ങളെ ആഗോള അസമത്വങ്ങൾ എങ്ങനെ ബാധിക്കുന്നുവെന്ന് ശ്രദ്ധിച്ചുതുടങ്ങി. ഉച്ചകോടിയുടെ ഉൽഘാടനച്ചടങ്ങിൽ പങ്കെടുത്തുകൊണ്ട് മാറ്റത്തിനുള്ള കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിച്ചു: “കോവിഡ് മഹാമാരി ഉയർത്തിയ വെല്ലുവിളികൾ; ഇന്ധനം, വളം, ഭക്ഷ്യധാന്യങ്ങൾ എന്നിവയുടെ വിലക്കയറ്റം; വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കം എന്നിവ നമ്മുടെ വികസന ശ്രമങ്ങളെ ബാധിച്ചു”. അതോടൊപ്പം, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ദക്ഷിണലോക രാജ്യങ്ങൾക്ക് ഒരു പൊതു ഭാവി വിഭാവനം ചെയ്യുകയും അധിനിവേശം അനുഭവിച്ച ദക്ഷിണ രാജ്യങ്ങളുമായി ഇന്ത്യയുടെ “പൊതു ഭൂതകാലം” അംഗീകരിക്കേണ്ട ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറയുകയും ചെയ്തു. പത്തിലധികം വ്യത്യസ്ത യോഗങ്ങളിൽ, ഇന്ത്യയും ജി-77-ൽ ഉൾപ്പെട്ട 134 രാഷ്ട്രങ്ങളിൽ 125 രാജ്യങ്ങളുടെ പ്രതിനിധികളും ഉക്രെയ്ൻ യുദ്ധം, തീവ്രവാദം എന്നിവ മൂലം അന്താരാഷ്ട്രതലത്തിലുള്ള ശിഥിലീകരണം; ധാന്യങ്ങൾ, എണ്ണ, വാതകം,വളം എന്നിവയുടെ കയറ്റുമതിയിലുണ്ടായ കുറവ് തുടങ്ങിയ വിഷയങ്ങളിൽ ഏകാഭിപ്രായം പ്രകടിപ്പിച്ചു. വികസനത്തെ ഹനിക്കുന്ന രീതിയിൽ കാലാവസ്ഥാ വ്യതിയാന ലക്ഷ്യങ്ങൾ നേടാനുള്ള “ആദ്യ ലോകത്തിന്റെ” സമീപനത്തെ എതിർത്തുകൊണ്ട് “മനുഷ്യ കേന്ദ്രീകൃത” ആഗോളവൽക്കരണം വേണമെന്ന് മോദി അഹ്വാനം ചെയ്തു. ദക്ഷിണാലോക രാഷ്ട്രങ്ങളിലെ പരിശീലനം സിദ്ധിച്ച ജനങ്ങൾക്ക് തൊഴിൽസംബന്ധമായ യാത്രനുമതിയും കുടിയേറ്റവും അനുവദിക്കുക, പുനരുപയോഗ ഊർജ്ജ ലഭ്യത ഉറപ്പാക്കുക തുടങ്ങിയ വിഷയങ്ങളും മോദി പരാമർശിച്ചു. ജി-20 പ്രസിഡന്റായ വർഷം ഇന്ത്യയുടെ വിദേശകാര്യ നയത്തിൽ വന്ന മാറ്റം ഈ ഉച്ചകോടി വെളിവാക്കുന്നു. ചേരിചേരാ നയത്തിന്റെ യഥാർത്ഥ അർത്ഥം വീണ്ടെടുത്തുകൊണ്ട് ഉക്രെയ്ൻ യുദ്ധത്തിൽ പക്ഷം ചേരാൻ ഇന്ത്യ വിസമ്മതിച്ചു. വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി ജി-77-ന്റെ (ഇന്ത്യ മുൻപ് ഒഴിവാക്കിയിരുന്ന സംഘടന) അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് ക്യൂബ സന്ദർശിച്ചതും റിപ്പബ്ലിക് ദിനചടങ്ങിന്റെ മുഖ്യാതിഥിയായി ചേരിചേരാ പ്രസ്ഥാനത്തിന്റെ സഹസ്ഥാപക രാജ്യമായ ഈജിപ്തിന്റെ പ്രസിഡന്റിനെ ക്ഷണിച്ചതും ശ്രദ്ധേയമാണ്.

ഈ ഉച്ചകോടിയിൽനിന്ന് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഒഴിവാക്കപ്പെട്ടത് ശ്രദ്ധിക്കപ്പെട്ടു. മ്യാൻമറിനെ ഉൾപ്പെടുത്തിയതും ശ്രദ്ധേയമാണ്. മ്യാൻമറിന്റെ സൈനിക ഭരണകൂടത്തെ ഒരു രാജ്യവും അംഗീകരിച്ചിട്ടില്ലെങ്കിലും, അതുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ ഇന്ത്യ തീരുമാനമെടുത്തിരുന്നു. ആഗോള പ്രശ്‌നങ്ങളെക്കുറിച്ച് ദക്ഷിണ-ദക്ഷിണ കൂട്ടായ്മ ഒരു പൊതുവായ ധാരണയിലെത്തുന്നതിലൂടെ ഉച്ചകോടി കൂടുതൽ വിഷയങ്ങൾ ഉൾകൊള്ളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൽ ഉപഭൂഖണ്ഡത്തിന്റെ, പ്രത്യേകിച്ച് ദക്ഷിണേഷ്യയുടെ, പ്രാദേശിക പ്രശ്നങ്ങൾ കൂടുതൽ ശ്രദ്ധ നേടും. ജി-20 ഒരു സംയുക്ത പ്രസ്താവന പുറത്തിറക്കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഉച്ചകോടിയുടെ ഫലങ്ങളെക്കുറിച്ചുള്ള ഭൂരിഭാഗം ആഖ്യാനങ്ങളും മോദിയും ജയശങ്കറും പറഞ്ഞതിനെ അടിസ്ഥാനമാക്കിയാണ് രൂപംകൊണ്ടിരിക്കുന്നത്. ‘ജി-20-ലെ ദക്ഷിണ ലോകത്തിന്റെ ശബ്ദം’ ആയി ഇന്ത്യ ശ്രവിക്കപ്പെടണമെങ്കിൽ, ഈ വർഷാവസാനം നടക്കുന്ന ഉച്ചകോടിയിൽ വികസ്വര രാജ്യങ്ങളുടെ യഥാർത്ഥ നേതാവെന്ന രീതിയിൽ അവരുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുകയും ഉദ്‌ഘോഷിക്കുകയും വേണം.

This editorial was translated from English, which can be read here.

Top News Today

Comments

Comments have to be in English, and in full sentences. They cannot be abusive or personal. Please abide by our community guidelines for posting your comments.

We have migrated to a new commenting platform. If you are already a registered user of The Hindu and logged in, you may continue to engage with our articles. If you do not have an account please register and login to post comments. Users can access their older comments by logging into their accounts on Vuukle.