കഴിഞ്ഞ ആഗസ്റ്റിൽ, തന്റെ മുൻഗാമിയായ ഡൊണാൾഡ് ട്രമ്പിന്റെ മാർ-എ-ലാഗോയിലെ വസതിയിൽ മിന്നൽ പരിശോധന നടത്തി നൂറുകണക്കിന് രഹസ്യരേഖകൾ ഉൾപ്പെടെ, ആയിരക്കണക്കിന് സർക്കാർ രേഖകൾ കണ്ടെടുത്തപ്പോൾ, സമാനമായ ഒരവസ്ഥ തനിക്കുണ്ടാകുമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല. എന്നിട്ടും, സ്വന്തം അഭിഭാഷകർ വാഷിങ്ടണിലെ വിദഗ്ദോപദേശ സംഘമായ പെൻ ബൈഡൻ സെൻറർ ഫോർ ഡിപ്ലോമസി ആൻഡ് ഗ്ലോബൽ എൻഗേജ്മെൻറ് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിലും, ഡെലവെയർ വില്മിങ്ടണിലുള്ള തന്റെ വീട്ടിലെ വാഹനപ്പുരയിലും മറ്റു പല മുറികളിലും രഹസ്യ രേഖകൾ കണ്ടെത്തിയതിനെക്കുറിച്ച് ബൈഡനും വൈറ്റ് ഹൌസും ഇതുവരെ ശാന്തമായാണ് പ്രതികരിച്ചത്. രണ്ടു കേസുകൾത്തമ്മിൽ കാര്യമായ വ്യത്യാസങ്ങളുണ്ട്. അതുകൊണ്ട് രണ്ട് രഹസ്യരേഖാ ചോർച്ചകളുടേയും നിയമ പ്രത്യാഘാതങ്ങൾ വ്യത്യസ്തമായിരിക്കും. ആദ്യമായി, ട്രമ്പിന്റെ ശേഖരത്തിൽ അതീവ രഹസ്യസ്വഭാവമുള്ള ഏകദേശം 300 രേഖകളുൾപ്പടെ 11,000-ത്തിലധികം രേഖകളുണ്ടെന്ന് പറയപ്പെടുന്നു. ഇതിൽ ഫോട്ടോകളും ഉൾപ്പെടുന്നു. അതേസമയം, ബൈഡനുമായി ബന്ധപ്പെട്ട രേഖകളുടെ എണ്ണം 12-ൽ താഴെയാണ്. രണ്ടാമതായി, ബൈഡന്റെ അഭിഭാഷകർ വിദഗ്ദോപദേശ സംഘത്തിന്റെ ഓഫീസിലെ പൂട്ടിയ അറയിൽ രഹസ്യ രേഖകൾ ആദ്യം കണ്ടെത്തിയപ്പോൾ, അദ്ദേഹത്തിന്റെ സംഘം സ്വമേധയാ ദേശീയ ചരിത്രരേഖാശാലയേയും നീതിന്യായ വകുപ്പിനേയും അറിയിക്കുകയും, ഇപ്പോൾ ‘അന്വേഷണവുമായി സഹകരിക്കുകയും’ ചെയ്തുകൊണ്ടിരിക്കുന്നു. ട്രമ്പിന്റെ കാര്യത്തിൽ, യു.എസ്. ദേശീയ ചരിത്രരേഖാശാല രഹസ്യരേഖകൾ കാണ്മാനില്ലെന്ന് അറിഞ്ഞതിന് ശേഷം അവ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും, അത് അനുസരിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. അതിനാൽ, വിഷയം എഫ്.ബി.ഐ.ക്ക് കൈമാറുകയുണ്ടായി. മൂന്നാമതായി, രണ്ട് ചോർച്ചകളും വെവ്വേറെയാണ് അന്വേഷിക്കുന്നത്. ട്രമ്പ് രേഖകൾ കൈകാര്യം ചെയ്തതിനെക്കുറിച്ച് നീതിന്യായ വകുപ്പ് ക്രിമിനൽ അന്വേഷണമാണ് നടത്തുന്നത്. എന്നാൽ, ബൈഡന്റെ കാര്യത്തിൽ ഇതുവരെ കരുതിക്കൂട്ടിയുള്ള ഉദ്ദേശ്യത്തിന്റെ സൂചനകളൊന്നും ഇല്ല. കൂടാതെ, ഭരണത്തിലിരിക്കുന്ന പ്രസിഡന്റിനെ കുറ്റാരോപിതനാക്കാൻ കഴിയില്ലെന്ന ചട്ടം അദ്ദേഹത്തിന് പരിരക്ഷ നൽകുന്നു.
ഈ വസ്തുതകൾ കണക്കിലെടുത്താലും, ബൈഡൻ – അല്ലെങ്കിൽ അദ്ദേഹത്തിന്റെ സംഘം – രഹസ്യരേഖകൾ അനുചിതമായി കൈകാര്യം ചെയ്തതായി കണ്ടെത്തിയാൽ അദ്ദേഹത്തിന് രാഷ്ട്രീയ നഷ്ടമുണ്ടാക്കുമെന്ന് വ്യക്തമാണ്. അദ്ദേഹത്തിന്റെ അംഗീകാര നിരക്ക് കഴിഞ്ഞ വർഷം അവസാനത്തോടെ ഉയർന്നെങ്കിലും, അതിന് ശേഷം, 40 ശതമാനം വരെ ഇടിഞ്ഞുവെന്ന് സർവേകൾ കണ്ടെത്തിയിട്ടുണ്ട്. ഇത് അദ്ദേഹം പ്രസിഡന്റായിരിക്കെയുള്ള എക്കാലത്തെയും താഴ്ന്ന നിലയാണ്. നവംബർ 2-ന് രഹസ്യരേഖകൾ ആദ്യമായി കണ്ടെത്തിയതിന് ശേഷം, നവംബർ 8-ലെ ഇടക്കാല തെരഞ്ഞെടുപ്പ് വരെ അദ്ദേഹത്തിന്റെ സംഘം ആ വിവരങ്ങൾ മറച്ചുവെച്ചതെന്തിന് എന്ന കഠിനമായ ചോദ്യവും പ്രസിഡന്റ് നേരിടുന്നുണ്ട്. അതുപോലെ, ബൈഡന്റെ രഹസ്യരേഖാചോർച്ചയെക്കുറിച്ച് കോൺഗ്രസ് അന്വേഷണം വേണമെന്ന് ജനപ്രതിനിധി സഭ സ്പീക്കർ കെവിൻ മക്കാർത്തിയുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കൻ പാർട്ടിയും ആവശ്യപ്പെട്ടിട്ടുണ്ട്. ട്രമ്പാകട്ടെ, രഹസ്യരേഖകൾ നിർദ്ദിഷ്ട സ്ഥലത്തുനിന്നും മനപ്പൂർവം എടുത്തുവെന്നും, അവ തിരികെ ആവശ്യപ്പെട്ടപ്പോൾ നിയമത്തെ തടസ്സപ്പെടുത്തിയെന്നും പറയപ്പെടുന്നു. എന്നാൽ, ചാരവൃത്തി നിയമം ലംഘിച്ചതിന് ട്രമ്പിനെ കുറ്റാരോപിതനാക്കുന്നതിൽ ബൈഡന്റെ കേസ് തിരിച്ചടിയായേക്കും.
This editorial has been translated from English, which can be read here.
COMMents
SHARE