2018-ൽ കർശനമായ സുരക്ഷാവ്യവസ്ഥയ്ക്ക് വിധേയമായി നിഷ്ക്രിയ ദയാവധം സുപ്രീം കോടതി അനുവദിക്കുകയും, ‘മുൻകൂർ ചികിത്സാ നിർദ്ദേശങ്ങൾ’ എന്ന ആശയത്തിന് നിയമപരമായ പദവി നൽകുകയും ചെയ്തപ്പോൾ, ജീവിതാവസാന തീരുമാനങ്ങൾക്കും മാന്യമായ മരണത്തിനുമുള്ള രോഗിയുടെ അവകാശത്തിന്റെ ഒരു സുപ്രധാന അംഗീകാരമായി ഇത് കണക്കാക്കപ്പെട്ടു. എന്നിരുന്നാലും, ചില പ്രത്യേക നിർദ്ദേശങ്ങൾ “മറികടക്കാനാവാത്ത തടസ്സങ്ങൾ” ആയി മാറിയെന്ന് ഡോക്ടർമാർ പിന്നീട് കണ്ടെത്തി. അടുത്തിടെയുള്ള ഒരു ഉത്തരവിൽ, സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച്, നിർദ്ദേശങ്ങൾ കൂടുതൽ പ്രവർത്തനക്ഷമവും ലളിതവുമാക്കുന്നതിനായി ചില പരിഷ്കാരങ്ങൾ കൊണ്ടുവന്നു. ഇതിൻ പ്രകാരം, മുൻകൂർ നിർദ്ദേശത്തിൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മേലൊപ്പ് ഇടേണ്ടതില്ല. പകരം, ഇത് ഒരു നോട്ടറിയുടേയോ ഗസറ്റഡ് ഉദ്യോഗസ്ഥന്റേയോ മുമ്പാകെ സാക്ഷ്യപ്പെടുത്താം. നിർബന്ധമോ പ്രേരണയോ കൂടാതെ, പൂർണ്ണമായ ധാരണയോടെ രേഖ സ്വമേധയാ നടപ്പിലാക്കിയതായി മജിസ്‌ട്രേറ്റിന് പകരം നോട്ടറിക്കോ ഉദ്യോഗസ്ഥനോ ബോധ്യപ്പെട്ടാൽ മതി. ആദ്യത്തെ നിർദ്ദേശങ്ങൾ പ്രകാരം, നിർവാഹകൻ ഒരു തീരുമാനത്തിന് പ്രാപ്തനാല്ലാത്ത സാഹചര്യത്തിൽ, ചികിത്സ നിരസിക്കുന്നതിനോ പിൻവലിക്കുന്നതിനോ സമ്മതം നൽകാൻ അധികാരമുള്ള ഒരു രക്ഷിതാവിന്റേയോ അടുത്ത ബന്ധുവിന്റേയോ പേര് നൽകണമായിരുന്നു. ഇത്, ഒന്നിലധികം രക്ഷിതാക്കളുടേയോ ബന്ധുക്കളുടേയോ പേരുകൾ നൽകാം എന്ന് പരിഷ്കരിച്ചു. മുൻകൂർ നിർദേശത്തെക്കുറിച്ച് കുടുംബാംഗങ്ങളെ അറിയിക്കാൻ മജിസ്‌ട്രേറ്റിനെ ചുമതലപ്പെടുത്തിയിരുന്നതിനുപകരം, അവർ ഹാജരല്ലെങ്കിൽ, അതിന്റെ പകർപ്പ് അതിൽ പേരുള്ള ബന്ധുക്കൾക്കും കുടുംബ ഡോക്ടർക്കും കൈമാറേണ്ട ഉത്തരവാദിത്തം ഇപ്പോൾ രോഗിക്കാണ്. ഇത് ഡിജിറ്റൽ ആരോഗ്യ രേഖകളിൽ ഉൾപ്പെടുത്തുകയുമാവാം.
ചികിത്സ നിരസിക്കുകയോ പിൻവലിക്കുകയോ ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ നടപ്പിലാക്കേണ്ടതുണ്ടോ എന്ന് സാക്ഷ്യപ്പെടുത്തുന്നതിന് ആശുപത്രി തന്നെ ഒരു പ്രാഥമിക ചികിത്സാ സമിതി രൂപീകരിക്കണമെന്ന് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ആവശ്യപ്പെടുന്നു. ജില്ലാ ചീഫ് മെഡിക്കൽ ഓഫീസർ നാമനിർദ്ദേശം ചെയ്യുന്ന ഒരു ഡോക്ടർ ഉൾപ്പെടുന്ന ഒരു രണ്ടാം സമിതിയും ആശുപത്രി രൂപീകരിക്കണം. ഇത് പ്രാഥമിക സമിതിയുടെ സാക്ഷ്യപത്രത്തെ അംഗീകരിക്കുകയും വേണം. രണ്ടാമത്തെ ചികിത്സാ സമിതി ജില്ലാ കലക്ടർ രൂപീകരിക്കേണ്ടതില്ലെന്നാണ് 2018-ലെ വിധിന്യായത്തിൽ നിന്നുള്ള വ്യത്യാസം. മുൻകൂർ നിർദ്ദേശം ഇല്ലാത്ത സന്ദർഭങ്ങളിലും രോഗിക്ക് ഒരു തീരുമാനം എടുക്കാൻ കഴിയാത്തപ്പോഴും സമിതികളുടെ സൂക്ഷ്മപരിശോധനക്ക് സാധുതയുണ്ട്. ചികിത്സാ സമിതികളിൽ ഉൾപ്പെടുത്തേണ്ടവരുടെ അനുഭവജ്ഞാനവും വൈദഗ്ധ്യവും സംബന്ധിച്ച മാനദണ്ഡങ്ങളും പുതിയ മാർഗനിർദേശങ്ങളിലുണ്ട്. ‘മരണപത്രിക’ എന്ന ആശയം നടപ്പിലാക്കുന്നതിനും ചികിത്സാ നിർദ്ദേശങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും അത്തരം മാർഗ്ഗനിർദ്ദേശങ്ങൾ ഉപയോഗപ്രദവും ആവശ്യവുമാണെങ്കിലും, പാർലമെന്റ് സമഗ്രമായ നിയമം കൊണ്ടുവരേണ്ടതുണ്ട്. അത്തരമൊരു നിയമത്തിന് മുൻകൂർ നിർദ്ദേശങ്ങളുടെ ഒരു ശേഖരം ഉണ്ടാക്കാനും കഴിയും. ഇതിനാൽ, നിർദേശങ്ങൾ നടപ്പിലാക്കുന്ന സമയത്ത് അതിന്റെ യഥാർത്ഥ സ്വഭാവം വീണ്ടും നിജപ്പെടുത്തേണ്ട ആവശ്യം വരില്ല.
This editorial has been translated from English, which can be read here.
COMMents
SHARE