ന്യാധിപരായി നിയമിക്കപ്പെടാൻ സാധ്യതയുള്ള ഉദ്യോഗാർത്ഥികളെക്കുറിച്ച് രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്ന റിപ്പോർട്ടുകളുടെ ഭാഗങ്ങൾ സുപ്രീം കോടതി കൊളീജിയം വെളിപ്പെടുത്തുന്നതിൽ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു അവകാശപ്പെട്ടതുപോലെ അപരാധമോ, ഗുരുതരമായ ആശങ്കയുളവാക്കുന്നതോ ആയ ഒന്നുമില്ല. എന്തെങ്കിലും ഉണ്ടെങ്കിൽത്തന്നെ, സർക്കാർ ഉന്നയിച്ച എതിർപ്പുകളുടെ സ്വഭാവം കൊളീജിയം വെളിപ്പെടുത്തിയത് ചർച്ച സുതാര്യമാക്കാൻ സഹായിക്കുക മാത്രമാണ് ചെയ്തത്. കൊളീജിയം ശുപാർശ ചെയ്യുന്നതോ പരിഗണിക്കുന്നതോ ആയ പേരുകളെക്കുറിച്ചുള്ള രഹസ്യാന്വേഷണ ബ്യൂറോയുടെയും (ഐ.ബി.) റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിന്റേയും (റോ) റിപ്പോർട്ടുകൾ സ്വാഭാവികമായി സൂക്ഷ്മ സ്വഭാവമുള്ളവയാണെന്ന നിഗമനത്തോട് യോജിക്കാൻ പ്രയാസമാണ്. പങ്കാളി വിദേശ പൗരനായതിനാൽ ഒരു അഭിഭാഷകന്റെ അനുയോജ്യതയെക്കുറിച്ച് റോ ചോദ്യം ഉന്നയിക്കുന്നതായി കൊളീജിയത്തിന്റെ വെളിപ്പെടുത്തലിൽ പറയുന്നു. സമൂഹ മാധ്യമ എഴുത്തുകൾ മറ്റ് രണ്ട് അഭിഭാഷകരുടെ നിഷ്പക്ഷതയെക്കുറിച്ച് സംശയം ജനിപ്പിക്കുന്നുവെന്ന് ഐ.ബി. റിപ്പോർട്ടുകൾ ചൂണ്ടിക്കാണിച്ചതായി പറയപ്പെടുന്നു. മുൻ ശുപാർശകൾ ആവർത്തിക്കുമ്പോൾ, കൊളീജിയത്തിന് സർക്കാരിന്റെ എതിർപ്പിനെ കാര്യകാരണസഹിതം നേരിടേണ്ടിവന്നു. അവകാശവാദങ്ങളെ ഖണ്ഡിക്കാൻ ശ്രമിക്കവേ സഹജമായി സംഭവിച്ച വിശദാംശങ്ങളുടെ വെളിപ്പെടുത്തലിൽ അനുചിതമായ ഒന്നും ഉണ്ടായിരുന്നില്ല. വിവിധ ഹൈക്കോടതികളിലേക്ക് നിയമനത്തിനായി ശുപാർശ ചെയ്യപ്പെട്ട മൂന്ന് അഭിഭാഷകരെ കുറിച്ചുള്ള രഹസ്യാന്വേഷണ റിപ്പോർട്ടുകളിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളൊന്നുമില്ല. അതുപോലെ, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ വ്യക്തിവിവരങ്ങളോ അവരുടെ പ്രവർത്തനരീതിയെ ബാധിക്കുന്ന സൂക്ഷ്മമായ വിവരങ്ങളോ ഇല്ല.
രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ അവരുടെ റിപ്പോർട്ടുകൾ പരസ്യപ്പെടുത്തിയാൽ ഭാവിയിൽ അവർ “രണ്ടാമതൊന്നു ചിന്തിക്കുമെന്ന്” റിജിജു അവകാശപ്പെട്ടത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമല്ല. കൂടാതെ, അവരുടെ റിപ്പോർട്ടുകളുടെ ഒരു രത്നച്ചുരുക്കം മാത്രമേ പൊതുസമൂഹത്തിന് മുന്നിൽ വന്നിട്ടുള്ളൂ. യഥാർത്ഥത്തിൽ കൊളീജിയവുമായുള്ള ആശയവിനിമയത്തിൽ രഹസ്യാന്വേഷണ റിപ്പോർട്ടുകൾ സർക്കാർ ഉദ്ധരിക്കേണ്ടതുണ്ടോ എന്നത് സംശയാസ്പദമാണ്. രാഷ്ട്രീയ കാഴ്ചപ്പാടുകളുടേയും സമൂഹ മാധ്യമ എഴുത്തുകളുടേയും അടിസ്ഥാനത്തിലുള്ള എതിർപ്പുകൾ ഏതെങ്കിലും ഏജൻസിയുടെ പേരെടുത്ത് പറയാതെ സർക്കാരിന് സ്വന്തം നിലയിൽ ഉന്നയിക്കാമായിരുന്നു. നിയമന പ്രക്രിയയുടെ ഭാഗമായാണ് രഹസ്യാന്വേഷണ ഏജൻസികൾ പേരുകൾ പരിശോധിച്ച് ക്രിമിനൽ പശ്ചാത്തലമോ പെരുമാറ്റക്കുറ്റമോ ഉണ്ടോയെന്ന് അന്വേഷിക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ ഉന്നയിക്കുന്നത് ഏത് ഏജൻസിയാണെന്ന് പ്രത്യേകം പറയേണ്ടതില്ല. സുതാര്യതയില്ലായ്മക്ക് കൊളീജിയം നിയമന സമ്പ്രദായത്തെ വിമർശിക്കുന്ന സർക്കാർ, കൊളീജിയത്തിന്റെ അമിതമായ വെളിപ്പെടുത്തലിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. ചില ശുപാർശകളെക്കുറിച്ച് മൌനം പാലിച്ചും, നിഷ്ക്രിയത്വം കാണിച്ചും, മറ്റു ചില പേരുകൾ അംഗീകരിക്കുന്നതിൽ തിരക്ക് കൂട്ടിയും, സർക്കാർ സുതാര്യതയില്ലായ്മക്ക് കൂട്ടുനിൽക്കുന്നുവെന്നതും വിസ്മരിക്കാനാവില്ല. സർക്കാർ നയത്തെ വിമർശിക്കുന്ന ചില എഴുത്തുകളുടെ അടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളുടെ അനുയോജ്യതയെ ഭരണകൂടം ചോദ്യം ചെയ്യുന്നു. എന്നാൽ ഭരണകക്ഷിയുമായി ശക്തമായ രാഷ്ട്രീയ ബന്ധമുള്ള അഭിഭാഷകർ ബെഞ്ചിലേക്ക് തടസ്സമില്ലാതെ എത്തുന്നുവെന്ന വസ്തുത അവഗണിക്കുന്നു.
This editorial has been translated from English, which can be read here.
COMMents
SHARE