ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന് പ്രേരകമായി ബാങ്കുകൾക്ക് 2,600 കോടി രൂപ കേന്ദ്രമന്ത്രിസഭ നീക്കിവച്ചു. ലോകമെമ്പാടും അംഗീകരിക്കപ്പെട്ട പണമിടപാട് രീതിയായ കാശിന്റെ ബദൽ സംവിധാനങ്ങളുടെ ഉപയോഗം വിശാലവും ആഴമേറിയതും ആക്കുകയാണ് ഈ സ്വാഗതാർഹമായ നീക്കത്തിന്റെ ലക്ഷ്യം. ഭാരതീയ റിസർവ് ബാങ്കിന്റെ ‘പേയ്മെന്റ് വിഷൻ 2025’ പ്രകാരം ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങൾ സാമ്പത്തിക വികസനവും ധനപരമായ സ്ഥിരതയും പ്രോത്സാഹിപ്പിക്കുകയും’ സാമ്പത്തിക ഉൾപ്പെടുത്തലിനെ’ പിന്തുണയ്ക്കുകയും ചെയ്യുന്നു. അടുത്ത കാലത്തായി ഡിജിറ്റൽ പണമിടപാട് രീതികളുടെ ദ്രുതഗതിയിൽ വ്യാപിച്ച സ്വീകാര്യതയും, കൂടുതൽ ആളുകളെ ബാങ്കിംഗ് സംവിധാനത്തിലേക്ക് കൊണ്ടുവരാനുള്ള നടപടികളും, രാജ്യത്ത്, പ്രത്യേകിച്ച് മഹാനഗരങ്ങളിലും മറ്റ് നഗരങ്ങളിലും, കുറഞ്ഞ മൂല്യമുള്ള നോട്ടുകളുടെ ഉപയോഗം ഗണ്യമായി കുറയാൻ സഹായിച്ചുവെന്നതിൽ രണ്ടഭിപ്രായമില്ല. ഈ പണമിടപാട് വിപ്ലവത്തിന്റെ കാതൽ നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും അതിന്റെ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസും (യു.പി.ഐ.) ആണ്. പണമിടപാട് മേഖലയുടെ പരിവർത്തനത്തെ ബലപ്പെടുത്താൻ ഇടപാടിന്റെ അച്ചുതണ്ടെന്ന നിലയിൽ യു.പി.ഐ.യുടെ പ്രവർത്തനം സുപ്രധാനമാണ്. 2022 ഡിസംബറിൽ, യു.പി.ഐ വഴിയുള്ള പ്രതിമാസ ഇടപാടുകളുടെ എണ്ണം ഏകദേശം 783 കോടിയും മൂല്യം 12.8 ലക്ഷം കോടി രൂപയിൽ കൂടുതലുമായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എണ്ണത്തിൽ 71 ശതമാനം കുതിച്ചുചാട്ടവും മൂല്യത്തിൽ 55 ശതമാനം വർധനവുമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസത്ത യു.പി.ഐ. ഇടപാടുകളുടെ എണ്ണം, 2017 ഡിസംബറിലെ ഇടപാടുകളുടെ 54 മടങ്ങും മൂല്യത്തിൽ 98.6 മടങ്ങുമായിരുന്നു.
ഡിജിറ്റൽ പണമിടപാട് രീതികളുടെ സ്വീകാര്യത തീർച്ചയായും കോവിഡ്-19 മഹാമാരി ത്വരിതപ്പെടുത്തിയിരുന്നു. കൂടാതെ, യു.പി.ഐ. സംവിധാനത്തെ പിന്തുണയ്ക്കുന്ന ബാങ്കുകളുടെ എണ്ണത്തിലുള്ള വർധനവും, സ്വദേശീയ റുപേ ക്രെഡിറ്റ്- ഡെബിറ്റ് കാർഡുകളും ഇതിനു സഹായിച്ചിട്ടുണ്ട്. സ്വകാര്യ സാമ്പത്തിക സാങ്കേതികവിദ്യ അല്ലെങ്കിൽ ഫിൻടെക് സ്ഥാപനങ്ങൾ പ്രത്യേകം തയ്യാറാക്കിയ ഡിജിറ്റൽ ആപ്ലിക്കേഷനുകളും പണമിടപാട് സൗകര്യം നൽകിക്കൊണ്ട് ഉപയോക്താക്കളെ പിടിച്ചുനിർത്താൻ ശ്രമിക്കുന്ന വലിയ സാങ്കേതികവിദ്യാ കമ്പനികളും, സമൂഹ മാധ്യമങ്ങളും ഇതിനു സഹായിച്ചിട്ടുണ്ട്. എന്നിരുന്നാലും, ബാങ്കിംഗ് മേഖല അതിന്റെ പ്രധാന വ്യാപാര വളർച്ചയ്ക്കായി ഡിജിറ്റൽ പണമിടപാടുകൾ പ്രയോജനപ്പെടുത്തുന്നതിൽ പിന്നോക്കമാണ്. കാരണം, അത്തരം പണമിടപാടുകളെ ബലപ്പെടുത്താനും സുരക്ഷിതമാക്കാനുമുള്ള അടിസ്ഥാന സൗകര്യങ്ങൾക്കുള്ള ചെലവ് ഫിൻടെക്, വലിയ സാങ്കേതികവിദ്യാ എതിരാളികളെ അപേക്ഷിച്ച് ബാങ്കുകൾക്ക് ആനുപാതികമായി വളരെ കൂടുതലാണ്. ബാങ്കുകൾ ഈടാക്കുമായിരുന്ന വ്യാപാരി കിഴിവ് അഥവാ മർച്ചന്റ് ഡിസ്കൗണ്ട് നിരക്ക് എഴുതിത്തള്ളുമ്പോൾ നഷ്ടപ്പെടുന്ന കമ്മീഷനുകൾക്ക് പകരം പണം വാഗ്ദാനം ചെയ്യുന്ന സർക്കാരിന്റെ പുതിയ സഹായപദ്ധതി എല്ലാവർക്കും തുല്യമായ സാഹചര്യം ഒരുക്കുന്നു. അപ്പോഴും വെല്ലുവിളികൾ ഏറെയാണ്. നയനിർമ്മാതാക്കൾ വ്യക്തിഗത ചെലവ് വിവരങ്ങളുടെ വിലയേറിയ ശേഖരം കാത്തുസൂക്ഷിക്കുകയും, സൈബർ ഭീഷണികളിൽ നിന്ന് പണമിടപാട് സംവിധാനത്തെ രക്ഷിക്കുന്നതിന് നിരന്തരം സുരക്ഷ ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ട്.
COMMents
SHARE