ഫെബ്രുവരി 27-ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻ.ഡി.പി.പി.)-ബി.ജെ.പി. സഖ്യത്തിന്റെ തുടർഭരണത്തിന് നാഗാലാൻഡ് വോട്ട് ചെയ്തു. സംസ്ഥാനത്തിന്റെ വിധി നിർണയിക്കുന്നത് കേന്ദ്ര സർക്കാരുമായുള്ള ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു എന്ന വസ്തുതയെ അടിസ്ഥാനമാക്കിയാണ് ഇവിടെ വിവിധ കക്ഷികൾ അധികാരം പങ്കിടുന്നത്. ഡൽഹിയിൽ അധികാരത്തിലിരിക്കുന്ന കക്ഷിക്ക് സംസ്ഥാന രാഷ്ട്രീയത്തിൽ കാര്യമായ സ്വാധീനമുണ്ട്. എൻ.ഡി.പി.പിയും, ബി.ജെ.പിയും തമ്മിലുള്ള 40-20 സീറ്റ് ധാരണക്ക് ശേഷം അവരുടെ സഖ്യം 37 നിയോജകമണ്ഡലങ്ങളിൽ വിജയിച്ചു. ബാക്കിയുള്ളവ പല കക്ഷികൾ പങ്കിട്ടു – എൻ.സി.പി. ഏഴ് സീറ്റുകളോടെ മൂന്നാം സ്ഥാനത്താണ്. ആരും പ്രതിപക്ഷത്തിരിക്കാൻ ആഗ്രഹിക്കാത്ത തരത്തിലാണ് നാഗാലാൻഡിലെ രാഷ്ട്രീയം – എല്ലാ എം.എൽ.എമാരും ഇപ്പോൾ എൻ.ഡി.പി.പി.-ബി.ജെ.പി. സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ സമ്പൂർണ അഭാവം രാഷ്ട്രീയ ഐക്യത്തിന് നല്ല സൂചനയല്ല; അത് സംസ്ഥാനത്തെ നിയമനിർമ്മാണ ഉത്തരവാദിത്തമില്ലായ്മയുടെ പടുകുഴിയിലേക്ക് തള്ളിവിടുകയും ചെയ്തിരിക്കുന്നു. വിഘടനവാദ സംഘടനകളുമായുള്ള ഒത്തുതീർപ്പുമായി ബന്ധപ്പെട്ട “ഇന്തോ-നാഗ രാഷ്ട്രീയ പ്രശ്നം” പരിഹരിക്കുന്നതിന് സംയുക്തമായി പ്രവർത്തിക്കുക എന്നതാണ് മുൻ നിയമസഭയിൽ ആരംഭിച്ച ഈ അപകീർത്തികരമായ ഐക്യത്തിന്റെ കാരണം. എന്നാൽ, പ്രായോഗികമായി നോക്കുമ്പോൾ ഭരണം പങ്കിടാനുള്ള പിടിവലിയായി ഇത് മാറിയിരിക്കുന്നു.
മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്ന നെയ്ഫിയു റിയോ, അഞ്ച് മന്ത്രിസ്ഥാനങ്ങൾ ലഭിച്ച ബി.ജെ.പി.യുടെ വിശ്വാസം ആർജ്ജിച്ചിരിക്കുന്നു. കോൺഗ്രസിൽ നിന്നുള്ള റിയോയുടെ കൂറുമാറ്റം ആ പാർട്ടിയുടെ വീഴ്ചയിലേക്ക് നയിച്ചു. അതേസമയം അദ്ദേഹം എൻ.പി.എഫിൽ ചേർന്ന് 2003-ൽ മുഖ്യമന്ത്രിയായി. സംസ്ഥാന നിയമസഭയിൽ ഇത്തവണ രണ്ട് ഒന്നാം സ്ഥാനങ്ങളുണ്ട് – ആദ്യമായി രണ്ട് വനിതാ അംഗങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു; അവരിലൊരാൾ ആദ്യ വനിതാ മന്ത്രിയുമായി. നാഗാലാൻഡിന്റെ പുരുഷാധിപത്യ സ്വഭാവം കണക്കിലെടുക്കുമ്പോൾ ഇവ ശ്രദ്ധേയമാണ്. 2022-ൽ എൻ.പി.എഫിൽ നിന്ന് എൻ.ഡി.പി.പിയിലേക്ക് കുടിയേറിയ മുൻ മുഖ്യമന്ത്രി ടി.ആർ. സെലിയാങ് ഇപ്പോൾ ഉപമുഖ്യമന്ത്രിയാണ്. നാഗാലാൻഡിലെ വിവിധ പ്രദേശങ്ങളുടെയും പ്രധാന നാഗാ സമുദായങ്ങളുടേയും പ്രാതിനിധ്യം ഇത്തവണ കൂടുതൽ സന്തുലിതമാണ്. ഗുരുതരമായ വികസന വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന സംസ്ഥാനത്തിന്റെ ഭരണപരമായ പോരായ്മകൾ രൂക്ഷമാണ്. വർഷങ്ങളായി നേരിടുന്ന തീവ്രവാദവും, അതുമായി ബന്ധപ്പെട്ട ഭീഷണിപ്പെടുത്തിയുള്ള പണംതട്ടലും ഇതിന് കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നുവെങ്കിലും ഇത് പൂർണ്ണമായും ശരിയല്ല. ഇപ്പോഴത്തെ സ്തംഭനാവസ്ഥക്ക് രാഷ്ട്രീയ കക്ഷികൾക്കും പങ്കുണ്ടെന്ന അനുമാനമാണ് സത്യത്തോട് കൂടുതൽ അടുത്ത് നിൽക്കുന്നത്. കിഴക്കൻ നാഗാലാൻഡിലെ ആറ് ജില്ലകൾക്ക് സംസ്ഥാന പദവി നൽകണമെന്ന ആവശ്യം പുതിയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. ഈ മേഖലയിലെ 20 സീറ്റുകളിൽ ഒമ്പതിലും എൻ.ഡി.പി.പി.-ബി.ജെ.പി. സഖ്യം വിജയിച്ചു. പ്രതിപക്ഷമില്ലാത്തതിനാൽ നിയമസഭയിൽ സർക്കാരിന് ആരോടും കണക്ക് ബോധിപ്പിക്കേണ്ടി വരില്ല. യഥാര്‍ത്ഥത്തിൽ, രാഷ്ട്രീയക്കാർ നാഗാലാൻഡിലെ ജനങ്ങളുടെ വിശ്വാസത്തെ വഞ്ചിച്ചിരിക്കുകയാണ്.
This editorial has been translated from English, which can be read here.
COMMents
SHARE