ഇന്ത്യ-പാകിസ്ഥാൻ ബന്ധത്തിന്റെ അനന്തമായ പരുക്കൻ പാതയിൽ, കഴിഞ്ഞയാഴ്ച പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് മുന്നോട്ടു വെച്ചപോലെയുള്ള ചർച്ചകളുടെ ഏതെങ്കിലും നിർദ്ദേശം, ഒരേ അളവിൽ ആവേശവും സംശയവും ഉണർത്തുന്നു. ഒരു യു.എ.ഇ. ചാനലിന് നൽകിയ അഭിമുഖത്തിൽ, ഇന്ത്യയുമായുള്ള “മൂന്ന് യുദ്ധങ്ങളിൽ നിന്ന് പാകിസ്ഥാൻ പാഠം പഠിച്ചുവെന്നും”, “കാശ്മീർ പോലുള്ള പൊള്ളുന്ന വിഷയങ്ങൾ” ഉൾപ്പെടെ “ഞങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെങ്കിൽ ഇന്ത്യയുമായി സമാധാനത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നുമുള്ള” അദ്ദേഹത്തിന്റെ വാക്കുകളെ, രാജ്യം പ്രക്ഷുബ്ധമായിരിക്കെ ഒരു കച്ചിത്തുരുമ്പ് തേടുന്നപോലെയാണ് ന്യൂഡൽഹി വീക്ഷിച്ചത്. രാഷ്ട്രീയപരമായി ഇതിനെ നോക്കുമ്പോൾ, ഈ വർഷം അവസാനത്തോടെ ഷെരീഫിന് തെരഞ്ഞെടുപ്പ് നേരിടേണ്ടതുണ്ട്. കൂടാതെ, മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം വെല്ലുവിളി തുടരുകയുമാണ്. സാമ്പത്തികമായി, വായ്പാ അടവിലെ വീഴ്ചയുടെ ഭീഷിണി നേരിടുന്ന പാകിസ്ഥാൻ, യു. എ. ഇ., സൌദി അറേബ്യ, ചൈന എന്നീ രാജ്യങ്ങളുടെ പിന്തുണയുണ്ടാവുമെന്ന ഉറപ്പും, കൂടുതൽ ചെലവുചുരുക്കിയാൽ ഐ.എം.എഫിന്റെ ധനസഹായം ലഭിക്കുമെന്നുള്ള പ്രതീക്ഷയിലുമാണ് മുന്നോട്ട് പോകുന്നത്. അഫ്ഗാൻ അതിർത്തിയിൽ നിന്ന് പാകിസ്ഥാൻ വർദ്ധിച്ചുവരുന്ന തീവ്രവാദ ഭീഷണിയും നേരിടുന്നു. അവിടെ തങ്ങളുമായി സ്വാഹാർദത്തിലുള്ള ഭരണമായിട്ടും, തെഹ്രീക്-ഇ-താലിബാന്റെ പാകിസ്ഥാൻ പോരാളികളുമായി ഏറ്റുമുട്ടലുകൾ നടക്കുന്നുണ്ട്. യു.എന്നി.ലെ വാദപ്രതിവാദം നടന്ന് ഒരു മാസത്തിന് ശേഷം വന്ന ഷെരീഫിന്റെ സമാധാന സന്ദേശം, പാക്കിസ്ഥാന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഇന്ത്യയല്ല ഉത്തരവാദിയെന്നും, എന്തെങ്കിലും തരത്തിലുള്ള ഇടപെടൽ അവിടുത്തെ സർക്കാരിന് ഗുണം ചെയ്യുമെന്നുമുള്ള ധാരണയുണ്ടെന്ന് സൂചിപ്പിക്കുന്നു. “ഭീകരവാദം, ശത്രുത, അക്രമം എന്നിവയില്ലാത്ത ഒരു നല്ല അന്തരീക്ഷം നിലനിൽക്കുന്നുവെങ്കിൽ പാകിസ്ഥാനുമായി സാധാരണ അയൽബന്ധം ഇന്ത്യ ആഗ്രഹിക്കുന്നു” എന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം സൂചിപ്പിക്കുന്നത് ഡൽഹി സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കെത്തന്നെ ഷെരീഫിന്റെ നിർദ്ദേശം തള്ളാൻ ആഗ്രഹിക്കുന്നില്ലെന്നാണ്.
ഷെരീഫിന്റെ വാക്കുകളുടെ സന്ദർഭത്തിനും പ്രാധാന്യമുണ്ട്. ഈ വേനൽക്കാലത്ത് എസ്. സി. ഒ. ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയ്യാറെടുക്കുമ്പോൾ, പ്രധാന യോഗങ്ങളിൽ പാകിസ്ഥാന്റെ പങ്കാളിത്തം ഉറപ്പാക്കാൻ ക്ഷണങ്ങൾ പോകുന്നുണ്ട്. കൂടുതൽ സൌഹാർദ്ദപരമായ ബന്ധം ഉച്ചകോടിയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കും. ഇന്ത്യയുടെ ജി-20 പ്രസിഡന്റ് സ്ഥാനത്തിനും, ഉക്രെയ്ൻ യുദ്ധത്തിനിടയിൽ ദക്ഷിണ ലോകത്തിന്റെ ആശങ്കകൾ ഉയർത്തിക്കാട്ടാനുള്ള ആഗ്രഹത്തിനും അയല്പക്കത്തെ സമാധാനം ഗുണം ചെയ്യും. ഷെരീഫിന്റെ വാക്കുകൾ ശ്രദ്ധപിടിച്ചുപറ്റാൻ വേണ്ടി മാത്രമാണോ, അതോ ചർച്ചയ്ക്ക് വേണ്ടിയുള്ള ആത്മാർത്ഥമായ ആഗ്രഹം കൊണ്ടാണോ എന്ന് കണ്ടറിയണം. ഒന്നുകിൽ എസ്.സി.ഒ. ക്ഷണം സ്വീകരിച്ചോ, അല്ലെങ്കിൽ 2019 മുതൽ സ്ഥാനപതികളില്ലാത്ത രണ്ട് തലസ്ഥാനങ്ങളിലും നയതന്ത്ര ഉദ്യോഗസ്ഥരുടെ അംഗസംഖ്യ പുനഃസ്ഥാപിക്കാനുള്ള നിർദ്ദേശം നൽകിയോ ഇസ്ലാമാബാദ് ഇതുമായി മുന്നോട്ടു പോവുകയാണെങ്കിൽ, ന്യൂഡൽഹി വേണ്ടരീതിയിൽ പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റഷ്യയേയും ഉക്രെയ്നേയും “സംഭാഷണത്തിനും നയതന്ത്രത്തിനും” വേണ്ടി ഉപദേശിക്കുകയും, പ്രയോഗികതയ്ക്കായി താലിബാനുമായി ഇടപെടാൻ ശ്രമിക്കുകയും ചെയ്യുന്ന സമയത്ത്, പ്രത്യേകിച്ചും രാഷ്ട്രതന്ത്രജ്ഞതയിൽ ഇന്ത്യയുടെ പങ്ക് എടുത്തുകാണിക്കുന്ന വർഷത്തിൽ, സർക്കാർ പ്രാദേശിക സ്ഥിരത വർദ്ധിപ്പിക്കാനുള്ള അവസരം നിരസിക്കുന്നത് വൈരുദ്ധ്യമായി കണക്കാക്കപ്പെടും.
This editorial has been translated from English, which can be read here.
COMMents
SHARE