വാഗ്ദാനവും പ്രായോഗികതയും 

ധാർമിക മൂല്യങ്ങളിൽ വേരൂന്നിയ ആർഡേണിന്റെ രാഷ്ട്രീയം പ്രായോഗിക പരിശോധനയ്ക്കു വിധേയമായി

January 24, 2023 11:52 am | Updated 11:52 am IST

ജസിൻഡ ആർഡേൺ ന്യൂസിലൻഡ് പ്രധാനമന്ത്രിയായിരിക്കെ തുടരെത്തുടരെയുള്ള വെല്ലുവിളികൾ രാജ്യത്തെ ഉലച്ചുകൊണ്ടിരുന്നു. മുപ്പത്തിയേഴാം വയസ്സിൽ, 2017-ൽ, ഈ ലേബർ പാർട്ടി നേതാവ് “പരിവർത്തനാത്മകമായ മാറ്റങ്ങൾ” വാഗ്ദാനം ചെയ്തുകൊണ്ടാണ് അധികാരത്തിലേറിയത്. ഏകദേശം ആറ് വർഷങ്ങൾക്ക് ശേഷം അവർ ഭരണത്തിൽനിന്ന് പടിയിറങ്ങുമ്പോൾ കോവിഡ് മഹാമാരി, ക്രൈസ്റ്റ് ചർച്ചിലെ മുസ്ലിം പള്ളികൾക്ക് നേരെയുണ്ടായ തീവ്രവലതുപക്ഷ ഭീകരാക്രമണങ്ങൾ, അഗ്നിപർവ്വത സ്ഫോടനങ്ങൾ തുടങ്ങിയ പ്രതിസന്ധികൾ കൈകാര്യം ചെയ്തതിന്റെ പേരിലായിരിക്കും അവർ ഓർമിക്കപ്പെടുന്നത്. സഹാനുഭൂതിയിലും ധാർമിക മൂല്യങ്ങളിലും വേരൂന്നിയ ഒരു നേതൃത്വ മാതൃകയാണ് ആർഡേൺ കാഴ്ച്ചവെച്ചത് – ക്രൈസ്റ്റ് ചർച്ച് വെടിവെപ്പുകൾ കൈകാര്യം ചെയ്ത രീതി ഒരു ഉദാഹരണമാണ്. മഹാമാരിയോടുള്ള അവരുടെ സമീപനം തുടക്കത്തിൽ വളരെ ജനപ്രീതി നേടിയിരുന്നു. ഇതുമൂലം 2020-ലെ തിരഞ്ഞെടുപ്പ് ലേബർ പാർട്ടി തൂത്തുവാരി. വികസിത രാജ്യങ്ങളിൽ കോവിഡ്-19 മൂലമുള്ള ആളോഹരി മരണനിരക്ക് ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ന്യൂസിലാൻഡിലാണ്. ‘ഉന്നത ഓഫീസിൽ തുടരാൻ ടാങ്കിൽ മതിയായ ഇന്ധനമില്ല’ എന്ന് പറഞ്ഞുകൊണ്ട് ആർഡേൺ രാജി പ്രഖ്യാപിച്ച രീതിയും അഭിനന്ദനം നേടി. പല നേതാക്കളും എളുപ്പത്തിൽ അധികാരം ഒഴിയാത്ത ഒരു ലോകത്ത് ഇത് അവരെ വേറിട്ടുനിർത്തി. മന്ത്രിസഭയിലെ മുൻ കോവിഡ് കാര്യ മന്ത്രിയും പ്രധാനമന്ത്രിയുടെ പ്രശ്നപരിഹാര വിദഗ്‌ദനുമായ ക്രിസ് ഹിപ്കിൻസ് ആർഡേണിന്റെ പിൻഗാമിയായി 2023-ലെ തിരഞ്ഞെടുപ്പിൽ ലേബറിനെ നയിക്കും. 

ആർഡേണിന്റെ നേതൃത്വ ശൈലി ലോകമെമ്പാടുമുള്ള സ്വതന്ത്ര ചിന്താഗതിയുള്ളവർക്കിടയിൽ വ്യാപകമായി പ്രശംസിക്കപ്പെടുന്നുണ്ടെങ്കിലും, സമ്മതിദായകർക്ക് നൽകിയ വാഗ്ദാനങ്ങൾ അവർ പാലിച്ചോ എന്നതിനെക്കുറിച്ച്‌ ചോദ്യങ്ങളുയരുന്നുണ്ട്. ജീവിക്കാൻ ഏറ്റവും ചെലവേറിയ രാജ്യമാണ് ന്യൂസിലാൻഡ്. 2017-ൽ 1,00,000 വീടുകൾ നിർമ്മിച്ച് രാജ്യത്തെ പാർപ്പിട പ്രതിസന്ധി പരിഹരിക്കുമെന്ന് ആർഡേൺ പ്രതിജ്ഞയെടുത്തെങ്കിലും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഒരു ചെറിയ ശതമാനം വീടുകൾ മാത്രമാണ് നിർമ്മിക്കാനായത്. ഭവന വിലകൾ കുത്തനെ ഉയരുകയും തീവ്രമായ പണപ്പെരുപ്പം കുടുംബ ബജറ്റുകളെ താളം തെറ്റിക്കുകയും ചെയ്യുന്നു. കുട്ടികൾക്കിടയിലെ ദാരിദ്ര്യം (വികസിത രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ശിശുദാരിദ്ര്യ നിരക്കുള്ള രാജ്യമാണ് ന്യൂസിലൻഡ്) പരിഹരിക്കുമെന്നും, ജനങ്ങൾക്കിടയിലെ അസമത്വം (രാജ്യത്തിന്റെ ഗാർഹിക വരുമാനത്തിന്റെ പകുതിയോളം 10 ശതമാനം പണക്കാരുടെ കൈയിലാണ്) ഇല്ലാതാക്കുമെന്നുമുള്ള പ്രതിജ്ഞകൾ ആർഡേണിന് നിറവേറ്റാനായില്ല. അയൽരാജ്യമായ ഓസ്ട്രേലിയ നിയന്ത്രണങ്ങളിൽ അയവുവരുത്തിയപ്പോൾ തുടർച്ചയായ അടച്ചുപൂട്ടലുകളും കോവിഡ് നടപടികളും ആർഡേണിന്റെ നിരവധി ആദ്യകാല ആരാധകരെ അവരിൽ നിന്ന് അകറ്റി. ആർഡേനിന്റെ ജനപ്രീതിയിലെ ഇടിവ്‌ ലേബറിന്റെ തിരഞ്ഞെടുപ്പ് സാധ്യതകളെ ബാധിച്ചു. ഇത് അവരുടെ നേതൃത്വത്തെ ചോദ്യം ചെയ്യാൻ പാർട്ടിക്കുള്ളിൽ നിരവധി ആളുകളെ പ്രേരിപ്പിച്ചു. ഡിസംബറിൽ നടന്ന ഒരു അഭിപ്രായ വോട്ടെടുപ്പിൽ ലേബറിന്റെ പിന്തുണ 33 ശതമാനം ആയിരുന്നപ്പോൾ മധ്യ-വലത് ചിന്താധാരയുള്ള പ്രധാന പ്രതിപക്ഷം നാഷണൽ പാർട്ടിയെ 38 ശതമാനം പേർ പിന്തുണച്ചു. ഈ പശ്ചാത്തലത്തിലാണ് ആർഡേൺ രാജി പ്രഖ്യാപിച്ചത്. ആർഡേണിന്റെ പിൻഗാമിയായ ഹിപ്കിൻസിന് ഭരണസ്ഥിരത കൊണ്ടുവരാനും പൊതുജനങ്ങളുടെ മാനോഭാവം മാറ്റാനുമുള്ള ഭഗീരഥപ്രയത്നം നടത്താൻ വെറും എട്ട് മാസമേ ഉള്ളൂ. സാമൂഹിക ഐക്യം നിലനിർത്തിക്കൊണ്ട്, അദ്ദേഹം ന്യൂസിലാൻഡിന്റെ ഘടനാപരമായ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്ന ശക്തമായ സാമ്പത്തിക ദർശനവും ആർഡേണിന്റെ അനുഭാവം നിറഞ്ഞ രാഷ്ട്രീയവും സംയോജിപ്പിക്കണം. 

This editorial has been translated from English, which can be read here.

Top News Today

Comments

Comments have to be in English, and in full sentences. They cannot be abusive or personal. Please abide by our community guidelines for posting your comments.

We have migrated to a new commenting platform. If you are already a registered user of The Hindu and logged in, you may continue to engage with our articles. If you do not have an account please register and login to post comments. Users can access their older comments by logging into their accounts on Vuukle.