ഹോക്കിയുടെ മടിത്തട്ടായ റൂർക്കേലയിലെ തിങ്ങിനിറഞ്ഞ ബിർസ മുണ്ട സ്റ്റേഡിയത്തിൽ നാട്ടുകാരൻ അമിത് രോഹിദാസ് ഉജ്ജ്വലമായ ഗോൾ നേടി ആതിഥേയരായ ഇന്ത്യക്ക് സ്പെയിനിനെതിരേ 2-0 വിജയമൊരുക്കി. ഇന്ത്യ തുടർച്ചയായി രണ്ടാംതവണ ആതിഥേയത്വം വഹിക്കുന്ന ഹോക്കി ലോകകപ്പിന് ഈ ഗംഭീര സ്റ്റേഡിയത്തിലെ വിജയം സ്വപ്നതുല്യമായ തുടക്കം നൽകി. പക്ഷെ ഈ ആഘോഷം അധികം നീണ്ടുനിന്നില്ല. പത്ത് ദിവസങ്ങൾക്ക് ശേഷം, ആറാം സ്ഥാനത്തുള്ള ഇന്ത്യ പതിനൊന്നാം സ്ഥാനത്തുള്ള ന്യൂസിലൻഡിന്റെ സമ്മർദ്ദത്തിൽ തകർന്നടിഞ്ഞു. ക്രോസ് ഓവർ മത്സരത്തിലെ പെനാൽറ്റി ഷൂട്ടൌട്ടിലാണ് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാണികളെ നിരാശയിലാഴ്ത്തി ഇന്ത്യ പരാജയപ്പെട്ടത്. കഴിഞ്ഞ മൂന്ന് ലോകകപ്പുകളിൽ ആദ്യ എട്ട് സ്ഥാനങ്ങൾക്കുള്ളിൽ വന്ന ഇന്ത്യ, ഇക്കുറി 9 മുതൽ 16 വരെയുള്ള സ്ഥാനങ്ങൾക്കായി മത്സരിക്കും. ടോക്കിയോ ഒളിമ്പിക്സിൽ നിന്നുള്ള 13 താരങ്ങളും, 2018 ലോകകപ്പിലെ 14 താരങ്ങളും (അവിടെ ക്വാർട്ടർ ഫൈനലിൽ എത്തി) ഉണ്ടായിരുന്ന ഇന്ത്യയുടെ അകാലത്തിലുള്ള പുറത്താകൽ ഞെട്ടിക്കുന്നതായിരുന്നു, പ്രത്യേകിച്ച് നാലു പതിറ്റാണ്ടിനിടെ ആദ്യമായി ഒളിമ്പിക് മെഡൽ ജേതാവായി ലോകകപ്പിൽ പ്രവേശിച്ച ഈ അവസരത്തിൽ. അനന്തരപരിശോധന ആരംഭിച്ചു കഴിഞ്ഞു. നല്ല പ്രകടനം കാഴ്ചവെച്ച ചില കളിക്കാരെ ടീമിൽ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നുണ്ട്. കളിക്കാരുടെ തിരഞ്ഞെടുപ്പ് അതിനായി ചുമതലപ്പെടുത്തിയവരുടെ അധികാരപരിധിയിലാണെങ്കിലും, ഇതിൽ ചില പോരായ്മകൾ പ്രകടമായിരുന്നു
പെനാൽറ്റി കോർണർ അവസരങ്ങൾ പാഴാക്കിയത് (പ്രധാനമായും ഫോം നഷ്ടപ്പെട്ട ഡ്രാഗ്-ഫ്ലിക്കറും ക്യാപ്റ്റനുമായ ഹർമൻപ്രീത് സിംഗ് കാരണം 26-ൽ അഞ്ച് അവസരങ്ങൾ മാത്രമാണ് ഇന്ത്യക്ക് ഗോളാക്കാനായത്), പ്രതിരോധ ഘടനയിലെ വിള്ളൽ, മുൻനിര കളിക്കാരുടെ മോശം പ്രകടനം (നാല് മത്സരങ്ങളിൽ നാലു നേരിട്ടുള്ള ഗോളുകൾ മാത്രം), നിർണായക നിമിഷങ്ങളിൽ പന്ത് കൈവശം വെക്കാനാവാഞ്ഞത്, കളിയുടെ തീവ്രത നിലനിർത്തുന്നതിൽ പരാജയപ്പെട്ടത്, തുടങ്ങിയ കാരണങ്ങളാൽ ഗ്രഹാം റീഡ് പരിശീലിപ്പിച്ച ടീമിന് ലക്ഷ്യത്തിലെത്താനായില്ല. 94 സർക്കിൾ എൻട്രികൾ നടത്തി ഗോൾപോസ്റ്റിന് നേരെ 49 ഷോട്ടുകൾ അടിച്ചെങ്കിലും ഒമ്പത് ഗോളുകൾ മാത്രമേ ഇന്ത്യക്ക് നേടാൻ കഴിഞ്ഞുള്ളു. ഇത് ടീമിന്റെ പരിതാപകരമായ അവസ്ഥയെ എടുത്തുകാണിക്കുന്നു. പരിക്കിനെത്തുടർന്ന് മധ്യനിര കളിക്കാരൻ ഹാർദിക് സിങിനെ പൂൾ ഘട്ടത്തിൽത്തന്നെ മാറ്റിനിർത്തിയതും, ന്യൂസിലൻഡിനെതിരായ ഷൂട്ടൌട്ടിൽ ഗോൾകീപ്പർ പി. ആർ. ശ്രീജേഷിന് പരിക്കേറ്റതും വലിയ തിരിച്ചടിയായി. ചില പരിചയസമ്പന്നരായ കളിക്കാർക്ക് ഷൂട്ടൌട്ടിൽ അവസരം ലഭിക്കാത്തത് ഇന്ത്യയുടെ സാധ്യതകൾക്ക് മങ്ങലേല്പിച്ചിരിക്കാം. ഒളിമ്പിക് യോഗ്യതാ മത്സരമായ ഈ വർഷത്തെ ഏഷ്യൻ ഗെയിംസിനും, 2024-ലെ പാരീസ് ഒളിമ്പിക്സിനും മുന്നോടിയായി ഇന്ത്യ ഒരു പുനഃപരിശോധന നടത്തി പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കേണ്ടതുണ്ട്. ലോകകപ്പ് മെഡലിനായി 48 വർഷത്തെ ഇന്ത്യയുടെ കാത്തിരിപ്പ് നീളുമ്പോൾ, ആശങ്കകൾക്കിടനൽകുന്ന കാര്യങ്ങൾ പങ്കുവെച്ച ഹോക്കി ഇന്ത്യ പ്രസിഡന്റും മുൻ ഇന്ത്യൻ ടീം നായകനുമായ ദിലീപ് ടിർക്കി തിരുത്തൽ നടപടികൾ സ്വീകരിച്ച് ടീമിനെ മെച്ചപ്പെടുത്തേണ്ടതുണ്ട്. ഹോക്കി ഇന്ത്യ ലീഗിനെ പുനരുജ്ജീവിപ്പിച്ച് യുവ താരങ്ങൾക്ക് മേൽത്തരം പരിശീലനം നൽകുകയും, ഒരു കൂട്ടം ഡ്രാഗ്-ഫ്ലിക്കർസിനെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും ചെയ്താൽ രാജ്യത്തെ ഹോക്കിയുടെ നിലവാരം ഉയരും.
This editorial has been translated from English, which can be read here.
COMMents
SHARE