ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മേഘാലയ, നാഗാലാൻഡ്, ത്രിപുര എന്നിവ ഫെബ്രുവരിയിൽ പുതിയ നിയമസഭകളെ തെരഞ്ഞെടുക്കും. ത്രിപുരയിൽ അധികാരം നിലനിർത്താനും, മറ്റ് രണ്ട് സംസ്ഥാനങ്ങളിലെ ഭരണപക്ഷത്തെ പ്രധാന പങ്കാളിയായി തുടരാനും ശ്രമിക്കുന്നതിനാൽ ബി.ജെ.പി.ക്ക് ഈ തെരഞ്ഞെടുപ്പുകൾ സുപ്രാധാനമാണ്. മേഘാലയയിൽ മുഖ്യമന്ത്രി കോൺറാഡ് കെ. സാങ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടി (എൻ.പി.പി.) യുമായി സഖ്യത്തിലാണ് ബി.ജെ.പി. അതേസമയം നാഗാലാൻഡിൽ നെയ്യ്ഫിയു റിയോയുടെ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയാണ് (എൻ.ഡി.പി.പി.) ബി.ജെ.പി.യുടെ സഖ്യകക്ഷി. ഒരുകാലത്ത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മുഖ്യകക്ഷിയായിരുന്ന കോൺഗ്രസ് ഇപ്പോൾ കഷ്ടപ്പെടുകയാണ്. നാഗാലാൻഡിൽ കോൺഗ്രസ് തുടച്ചുനീക്കപ്പെട്ടു; ത്രിപുരയിൽ നിലനിൽക്കാൻ പരിശ്രമിക്കുന്നു; മേഘാലയയിൽ തൃണമൂൽ കോൺഗ്രസ്സിന്റെ കടന്നാക്രമണത്തെ നേരിടുന്നു. വടക്കുകിഴക്കൻ മേഖലയിലെ പ്രാദേശിക പാർട്ടികൾ കേന്ദ്രത്തിലെ ഭരണകക്ഷിയുമായി ചേർന്ന് നിൽക്കാറാണ് പതിവ്. ഇക്കാരണത്താൽ സമീപ വർഷങ്ങളിൽ ബി.ജെ.പി. ഈ മേഖലയിൽ സാന്നിദ്ധ്യം വർധിപ്പിച്ചിട്ടുണ്ട്. ത്രിപുരയിൽ ബി.ജെ.പിയുടെ 2018-ലെ വിജയം രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ഇടതുപക്ഷ ഭരണത്തിന് അന്ത്യം കുറിച്ചുവെങ്കിലും ഭരണം പാർട്ടിക്ക് അത്ര എളുപ്പമായിരുന്നില്ല. പാർട്ടിയുടെ ജനപ്രീതി വീണ്ടെടുക്കാൻ ആദ്യ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിനെ മാറ്റി 2022-ൽ ദന്തശസ്ത്രജ്ഞന് മണിക് സാഹയെ നിയമിച്ചു. 2021 ഏപ്രിലിൽ ഗോത്രമേഖലാ സ്വയംഭരണ ജില്ലാ സമിതി തിരഞ്ഞെടുപ്പ് തൂത്തുവാരിയ പ്രാദേശിക പാർട്ടിയായ ടിപ്ര മോത്തയുടെ ആവിർഭാവം അതിന് സ്വാധീനമുള്ള 20 നിയമസഭാ സീറ്റുകളിലെ സാധ്യതകൾ മാറ്റിമറിച്ചിട്ടുണ്ട്. ഇടതുപക്ഷവും കോൺഗ്രസും തമ്മിലുള്ള സഖ്യത്തിനും സാധ്യതയുണ്ട്.
തൃണമൂൽ നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കാലുറപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ, കാര്യമായ വിജയം നേടാനായിട്ടില്ല. മേഘാലയയിൽ 2021-ൽ 12 കോൺഗ്രസ് എംഎൽഎമാർ തൃണമൂൽ കോൺഗ്രസിലേക്ക് കൂറുമാറിയെങ്കിലും അതിന്റെ ശക്തി പിന്നീടിങ്ങോട്ട് ചോർന്നുവരികയാണ്. പ്രാദേശിക വികാരങ്ങൾ ശക്തമായ സംസ്ഥാനത്ത് ഒരു ബംഗാളി പാർട്ടിയായി തൃണമൂൽ കണക്കാക്കപ്പെടുന്നു. എങ്കിലും ഗാരോ കുന്നുകളിൽ പാർട്ടിക്ക് ലേശം സ്വാധീനം അവശേഷിക്കുന്നുണ്ട്. നാഗാലാൻഡിൽ, ബി.ജെ.പി. അതിന്റെ നിലവിലെ പങ്കാളിയായ എൻ.ഡി.പി.പി.യുമായി തെരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യം പ്രഖ്യാപിച്ചു. മേഘാലയയിൽ, ബി.ജെ.പി.യും, എൻ.പി.പി.യും വെവ്വേറെ മത്സരിക്കുക മാത്രമല്ല, പരസ്പരം അധിക്ഷേപിക്കുകയും ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് പൊതുവെ തെരഞ്ഞെടുപ്പിന് ശേഷമാണ് സഖ്യങ്ങൾ രൂപപ്പെടുന്നത്. മേഘാലയയിൽ അഴിമതി ആരോപണങ്ങൾ നേരിടുന്ന എൻ.പി.പി.യെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബി.ജെ.പി.യുടെ പ്രധാന നേതാവായ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അമിതമായി സ്വാധീനിക്കുന്നുണ്ട്. പതിവുപോലെ, വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നാഗാലാൻഡിലെ തദ്ദേശീയ സമൂഹങ്ങൾ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് ഭീഷണി ഉയർത്തിയിട്ടുണ്ട്. ഫ്രോണ്ടിയർ നാഗാലാൻഡ് സൃഷ്ടിക്കണമെന്ന ആദിവാസികളുടെ കേന്ദ്ര സംഘടനയായ കോന്യാക് യൂണിയന്റെ ആവശ്യം അടുത്തകാലത്ത് വളരെ പ്രചാരം നേടിയിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി. പ്രാദേശികവാദം കൈകാര്യം ചെയ്യുവാൻ പുതിയ ഉപായങ്ങൾ തുടരാനാണ് സാധ്യത. അതേസമയം പ്രതിപക്ഷത്തിനു പിടിച്ചു നിൽക്കാനാവുമോയെന്നും കാണേണ്ടിയിരിക്കുന്നു.
This editorial has been translated from English, which can be read here.
COMMents
SHARE