ആർക്കും ഭൂരിപക്ഷമില്ലാത്ത ‘ഭിന്നവിധി’ എന്ന പ്രയോഗം മേഘാലയയെ സംബന്ധിച്ച് അന്വർത്ഥമാണ്. 60-അംഗ നിയമസഭയിൽ കോൺറാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള നാഷണൽ പീപ്പിൾസ് പാർട്ടി 26 സീറ്റുകളുമായി (2018-ലേതിനേക്കാൾ ഏഴ് കൂടുതൽ) ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നപ്പോൾ, കുറഞ്ഞത് രണ്ട് സീറ്റുകളിലെങ്കിലും ജയിച്ച ഏഴ് രാഷ്ട്രീയ കക്ഷികളും രണ്ടു സ്വതന്ത്രരും നിയമസഭയിലെത്തി. ഇതുമൂലം തെരഞ്ഞെടുപ്പിന് ശേഷം ഒരു സമർത്ഥമായ സഖ്യരൂപീകരണം അവശ്യമായിത്തീർന്നു. തൃണമൂൽ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ മുകുൾ സാങ്മ എൻ.പി.പിയും, ബി.ജെ.പിയും (രണ്ട് സീറ്റുകൾ) ഇല്ലാതെ ഒരു പുതിയ സഖ്യം രൂപീകരിക്കാൻ ശ്രമിച്ചെങ്കിലും വെറും അഞ്ച് സീറ്റുകൾ മാത്രം കയ്യിലുള്ളതിനാൽ ശ്രമം വിഫലമായി. ചെറുപാർട്ടികളുമായി ചേരുന്ന ഏതൊരു സഖ്യവും അസ്ഥിരമാകുമായിരുന്നു. എൻ.പി.പിയുമായുള്ള സഖ്യത്തിൽ നിന്ന് പുറത്തുകടന്ന് ബി.ജെ.പി. 60 സീറ്റുകളിലും മത്സരിച്ചു. എൻ.പി.പിയുടെ നേതൃത്വത്തിലുള്ള ഭരണത്തിലെ അഴിമതി ഉയർത്തിക്കാട്ടി വോട്ട് നേടാൻ ശ്രമിച്ച ബി.ജെ.പി., തിരഞ്ഞെടുപ്പിന് ശേഷം എൻ.പി.പിയെ ദ്രുതഗതിയിൽ പിന്തുണയ്ക്കാനെത്തി. എന്തുകൊണ്ടാണ് എൻ.പി.പി. ബി.ജെ.പിയുമായി യോജിച്ച് നിൽക്കുന്നതെന്ന് വിലയിരുത്തുക എളുപ്പമാണ് – വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സർക്കാരുകൾ കേന്ദ്ര ധനസഹായത്തെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. അതിനാൽ കേന്ദ്ര സർക്കാരുമായി സൗഹൃദം നിലനിർത്തുന്നത് ഒരു അനിവാര്യതയായി മാറുന്നു. എന്നാൽ, തങ്ങൾ അഴിമതി ആരോപിച്ച എൻ.പി.പിയുടെ സർക്കാരിൽ ബി.ജെ.പി. ഉടനടി ചേരുന്നത് സ്വന്തം അടിത്തറ വികസിപ്പിക്കാൻ അധികാരത്തിന്റെ അപ്പക്കഷണങ്ങൾ ഉപയോഗിക്കാനുള്ള വ്യഗ്രതയെ സൂചിപ്പിക്കുന്നു. കുറച്ച് ജിജ്ഞാസ ഉണർത്തിയശേഷം, 11 സീറ്റുള്ള യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടിയും, രണ്ട് സീറ്റുകളുള്ള പീപ്പിൾസ് ഡെമോക്രാറ്റിക് ഫ്രണ്ടും എൻ.പി.പിക്ക് പിന്തുണ വാഗ്ദാനം ചെയ്തു. രണ്ട് സ്വതന്ത്രരുടേയും, ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ രണ്ട് എം.എൽ.എമാരുടേയും പിന്തുണ കൂടി ലഭിച്ചതോടെ സഖ്യത്തിന് മികച്ച ഭൂരിപക്ഷം ഉറപ്പായി.
എൻ.പി.പിക്ക് കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും, ജയന്തിയാ കുന്നുകൾ, ഖാസി കുന്നുകൾ എന്നിവിടങ്ങളിൽ എട്ട് വിജയങ്ങൾ നേടി ഗാരോ കുന്നുകൾക്കപ്പുറത്തേക്ക് പാർട്ടിയുടെ അടിത്തറ വികസിപ്പിക്കാൻ കഴിഞ്ഞു. ഇതുമൂലം സംസ്ഥാനം മുഴുവൻ സാന്നിധ്യമുള്ള ഏക കക്ഷിയായിരുന്ന കോൺഗ്രസിനെ പിന്തള്ളാൻ എൻ.പി.പിക്ക് സാധിച്ചു. ഇത്തരമൊരു ജനവിധി ലഭിച്ചതിനാൽ, ഉയർന്ന ദാരിദ്ര്യം അനുഭവിക്കുന്ന സംസ്ഥാനത്തെ ദീർഘകാല വികസന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കണം – നിതി ആയോഗ് റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ദരിദ്ര സംസ്ഥാനങ്ങളിൽ മേഘാലയ അഞ്ചാം സ്ഥാനത്താണ്; 32.67 ശതമാനം ആളുകളും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. ഒരു ശാപമായി മാറിയ അഴിമതിമൂലം അടിസ്ഥാന സൗകര്യ വികസനം തടസ്സപ്പെട്ടു; ധാതുസമ്പന്നമായ സംസ്ഥാനത്ത് ധാരാളം അനധികൃത ഖനനങ്ങൾ നടക്കുന്നുണ്ട്. കോൺറാഡ് സാങ്മയ്ക്ക് ലഭിച്ച പുതുക്കിയതും വിപുലീകരിച്ചതുമായ ജനവിധി മറ്റ് കക്ഷികളുടെ പിന്തുണയെ ആശ്രയിച്ചിരിക്കുന്നു. എന്നാൽ സഖ്യകക്ഷികൾ ഭരണത്തിന്റെ സുഖം അനുഭവിക്കുന്നതിന് പകരം നയപരമായ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ സർക്കാർ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെക്കാൻ നിർബന്ധിതമാകും.
This editorial has been translated from English, which can be read here.
COMMents
SHARE