കോടതി നിയമനിർമ്മാണ മണ്ഡലത്തിൽ കടന്നുകയറുന്നു എന്ന ആശങ്കയുണ്ടെങ്കിൽ പോലും, സ്വവർഗ വിവാഹങ്ങൾക്ക് നിയമപരമായ അംഗീകാരം നൽകുന്ന വിഷയം ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടാനുള്ള സുപ്രീം കോടതിയുടെ തീരുമാനം ലിംഗസമത്വം ഉറപ്പാക്കാനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായി കാണാവുന്നതാണ്. സ്വവർഗാനുരാഗം ക്രിമിനൽ കുറ്റമല്ലാതാക്കിയ 2018-ലെ വിധിയുടെ സ്വാഭാവിക പരിണതഫലമായാണ് ഒരേ ലിംഗത്തിലുള്ളവർ തമ്മിലുള്ള വിവാഹത്തിന് നിയമപരമായ പദവി നൽകുന്ന ആശയത്തെ ഹർജിക്കാർ കാണുന്നത്. എന്നിരുന്നാലും, എതിർലിംഗ വിവാഹത്തെക്കുറിച്ചുള്ള ധാരണയിൽ നിന്ന് മാറേണ്ട ആവശ്യമില്ലെന്നാണ് സർക്കാർ വാദിക്കുന്നത്. അങ്ങനെയൊരു മാറ്റം ഉണ്ടാകണമെങ്കിൽത്തന്നെ അത് നിയമനിർമ്മാണ സഭയിൽ നിന്നാണ് ഉണ്ടാകേണ്ടത്. ഇന്ത്യയിലെ വിവാഹ നിയമങ്ങളിലെ വ്യവസ്ഥകൾ, പ്രത്യേകിച്ച് 1954-ലെ പ്രത്യേക വിവാഹ നിയമം (സ്പെഷൽ മാര്യേജ് ആക്ട്), സ്വവർഗ ദമ്പതികൾ തമ്മിലുള്ള വിവാഹബന്ധം അനുവദിക്കുന്ന തരത്തിൽ വ്യാഖ്യാനിക്കണമോ എന്നതാണ് കോടതിയുടെ മുന്നിലുള്ള ചോദ്യം. അവരവരുടെ വ്യക്തിനിയമങ്ങൾ പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയാത്ത ഏതെങ്കിലും രണ്ട് വ്യക്തികൾ തമ്മിലുള്ള വിവാഹം നടത്താനാണ് ഈ നിയമം ഉപയോഗിക്കുന്നത്. ഒരേ ലിംഗത്തിൽപ്പെട്ട മുതിർന്നവർ തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള ബന്ധം കുറ്റകരമല്ലാതാക്കിയത് സ്വവർഗരതിയുമായി ബന്ധപ്പെട്ട കളങ്കം നീക്കിയെങ്കിലും വിവാഹത്തിനുള്ള അവകാശം നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വാദിക്കുന്നു. എതിർലിംഗ ദമ്പതികൾ തമ്മിലുള്ള വിവാഹങ്ങളിൽ മാത്രമായി അതിന്റെ അംഗീകാരം പരിമിതപ്പെടുത്താൻ ഭരണകൂടത്തിന് അവകാശമുണ്ടെന്ന് സർക്കാർ പറയുന്നു. സ്വവർഗ ദമ്പതികളെ വിവാഹത്തിന്റെ നിർവചനത്തിൽ നിന്ന് മാറ്റിനിർത്തുന്നതിൽ വിവേചനമില്ലെന്നും സർക്കാർ അവകാശപ്പെടുന്നു.
സമത്വത്തിന്റെ മാനദണ്ഡങ്ങൾ പ്രകാരം, ഇതിലെ മുഖ്യമായ ചോദ്യം വളരെ സങ്കീർണ്ണമല്ല. വിവാഹിതരായ എതിർലിംഗ ദമ്പതികൾക്ക് ലഭ്യമായ ഒരു പൗരാവകാശവും ഒരേ ലിംഗത്തിൽപ്പെട്ടവർക്ക് നിഷേധിക്കേണ്ടതില്ലെന്ന് അംഗീകരിക്കാം. സ്വത്തിന്റേയും പിന്തുടർച്ചയുടേയും വിഷയത്തിൽ ഉണ്ടാകാവുന്ന അനന്തരഫലങ്ങൾ പരിഹരിക്കാനാകാത്ത ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കില്ല. സ്വവർഗ വിവാഹങ്ങൾ അംഗീകരിക്കുന്നതിനെതിരെ മതപരമായ മാനദണ്ഡങ്ങളും സാംസ്കാരിക മൂല്യങ്ങളും ഉയർത്തിക്കാട്ടുന്ന കേന്ദ്രത്തിന്റെ മറ്റൊരു വാദം ദുർബലവും അപര്യാപ്തവുമാണ്. അത് വിശ്വാസത്തെ തകർക്കുമെന്നോ സാമൂഹിക മൂല്യങ്ങളെ ശിഥിലമാക്കുമെന്നോ വാദിക്കുന്നത് നിരർത്ഥകമാണ്. പലരും വിവാഹത്തെ ഒരു കൂദാശയായോ വിശുദ്ധമായ ഒന്നായോ കണക്കാക്കുന്നു എന്ന വസ്തുത, ഒരേ ലിംഗത്തിലുള്ളവരുടെ ഒന്നിച്ചുകൂടലിന് തുല്യമായ പദവി നിഷേധിക്കുന്നതിനോ സാമൂഹികവും സാമ്പത്തികവുമായ കരാർ എന്ന നിലയിൽ അതിന്റെ അടിസ്ഥാനപരമായ സ്വഭാവത്തെ ദുർബലപ്പെടുത്തുന്നതിനോ പര്യാപ്തമല്ല. ഇതിനുള്ള പ്രതിവിധി സ്വവർഗ വിവാഹങ്ങളുടെ അംഗീകാരമെന്ന നിലയിലായിരിക്കണമോ, അങ്ങനെയാണെങ്കിൽ, അത് ന്യായാധിപ ഇടപെടലിലൂടെയാണോ നിയമനിർമ്മാണ നടപടിയിലൂടെയാണോ വേണ്ടത് എന്നതാണ് ചോദ്യം. എല്ലാ മതങ്ങളുടേയും വ്യക്തിനിയമങ്ങളെ സ്വാധീനിച്ചേക്കാവുന്ന ദൂരവ്യാപകമായ മാറ്റങ്ങൾ കൊണ്ടുവരാൻ നിയമനിർമ്മാണസഭ ഇടപെടണം എന്നത് തീർച്ചയായും സ്വീകാര്യമായ ഒരു നിർദ്ദേശമാണ്. കോടതികൾക്ക് ഇടം നൽകാതെ, ഇത് നയപരമായ കാര്യമായി കണക്കാക്കാൻ ആഗ്രഹിക്കുന്ന ഒരു പ്രതികരണശേഷിയുള്ള സർക്കാർ, ലിംഗഭേദമില്ലാതെ, വിവാഹം കഴിക്കാനോ കുടുംബം ഉണ്ടാക്കുവാനോ ഉള്ള രണ്ട് വ്യക്തികളുടെ അവകാശം പരിഗണിക്കാൻ സ്വയം പ്രവർത്തിക്കും. നീറുന്ന സാമൂഹിക പ്രശ്നങ്ങളിൽ നിയമനിർമ്മാണ നിഷ്ക്രിയത്വം ന്യായാധിപ ഇടപെടൽ ക്ഷണിച്ചു വരുത്തുകയും നിയമാനുസൃതമാക്കുകയും ചെയ്യും.
This editorial has been translated from English, which can be read here.
COMMents
SHARE