വിപുലീകൃത ഫണ്ട് പരിപാടിയിൻകീഴിൽ ശ്രീലങ്കക്ക് $2.9 ബില്യൺ ഡോളറിന്റെ സാമ്പത്തിക സഹായം നൽകാനുള്ള 48 മാസത്തെ കരാറിന് അന്താരാഷ്ട്ര നാണയ നിധി അംഗീകാരം നൽകിയതിനെ കൊളംബോയും അതിന് കടം നൽകിയവരും സ്വാഗതം ചെയ്തു. ഇതിൻപ്രകാരം പ്രസിഡൻറ് റനിൽ വിക്രമസിംഗെ ധനസഹായം നല്കിയവരുമായി കടങ്ങൾ പുനക്രമീകരിക്കാനുള്ള കരാറുകളിൽ ഏർപ്പെടണം. ജനുവരിയിൽ കടം പുനഃക്രമീകരിക്കുന്നതിൽ സഹായിക്കുകയും ഐ.എം.എഫിന് ഉറപ്പ് നൽകുകയും ചെയ്ത ശ്രീലങ്കയുടെ ആദ്യത്തെ ഉഭയകക്ഷി വായ്പാ ദായകൻ ഇന്ത്യയാണെന്ന് വിദേശകാര്യ മന്ത്രാലയം അവകാശപ്പെട്ടു. ഇന്ത്യയുടെ കഠിന പ്രയത്നം കൊണ്ടാണ് ലക്‌ഷ്യം നേടാനായതെന്ന് മന്ത്രാലയം സ്വയം പ്രകീർത്തിച്ചു. കഴിഞ്ഞ വർഷം മുതൽ, ശ്രീലങ്കക്ക് പിന്തുണ നൽകുന്നതിൽ ഏറ്റവും മുന്നിൽ നിന്നത് ന്യൂഡൽഹി ആയിരുന്നു. ഐ.എം.എഫിനോടും ലോക ബാങ്കിനോടും ശ്രീലങ്കക്കുവേണ്ടി ഇന്ത്യ ധനാഭ്യർഥന നടത്തി; വായ്പകൾ ഉൾപ്പെടെ 4 ബില്യൺ ഡോളർ സഹായനിധി വിപുലീകരിക്കാനും, കടബാധ്യതകൾ ഒഴിവാക്കാനും, സാമ്പത്തിക സ്ഥിരത ഉറപ്പാക്കാനും ജി-20 ഉൾപ്പെടെ ബഹുമുഖ മേഖലകളിൽ ഇന്ത്യ പ്രചരണം നടത്തി. ശ്രീലങ്കയുടെ ഏറ്റവും വലിയ ഉഭയകക്ഷി കടക്കാരനായ ചൈനയും, ജപ്പാനും (ആഗോള വായ്പാവിദഗ്ധരുടെ പാരീസ് ക്ലബിന്റെ ഭാഗം) നടപടികൾ വേഗത്തിൽ എടുക്കാതിരുന്നതിനാൽ ഐ.എം.എഫ്. പ്രഖ്യാപനം വൈകി. ചൊവ്വാഴ്ച 330 ദശലക്ഷം ഡോളറിന്റെ ആദ്യ ഗഡു പ്രഖ്യാപിച്ച വിക്രമസിംഗെ, കടം വീട്ടാനുള്ള ശ്രീലങ്കയുടെ ശേഷിയെക്കുറിച്ച് വായ്പ നൽകിയവർക്ക് ഉറപ്പ് നൽകുക എന്നതാണ് പ്രധാന സന്ദേശമായി എടുത്തുകാട്ടിയത്. അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ നിന്നും, ഐ.എം.എഫിൽ നിന്നും ഏകദേശം 7 ബില്യൺ ഡോളറിൻറെ സഹായം ലഭിക്കാൻ ഇത് സഹായിക്കും. കഴിഞ്ഞ വർഷത്തെ പ്രതിസന്ധിയുടെ സമയത്ത് അധികാരം ഏറ്റെടുത്തത്തിന് ശേഷം ചില സാമ്പത്തിക സൂചികകൾ സുസ്ഥിരമാക്കിയതിന് വിക്രമസിംഗെയും അദ്ദേഹത്തിന്റെ മന്ത്രിസഭയും കുറച്ചെങ്കിലും പ്രശംസ അർഹിക്കുന്നു.
എന്നാൽ, ഐ.എം.എഫിൻറെ തീരുമാനം ഒരു അത്ഭുത രോഗസംഹാരിയായി കാണാനാവില്ല. ഇത് ശ്രീലങ്കക്ക് ഐ.എം.എഫ്. നൽകുന്ന 17-മത്തെയും, കഴിഞ്ഞ ഒരു ദശകത്തിനിടെയുള്ള മൂന്നാമത്തെയും സാമ്പത്തികസഹായമാണ്. ഐ.എം.എഫ്. വായ്പ നൽകുന്നതിന് നിരവധി നിബന്ധനകൾ അനുശാസിക്കുന്നതിനാൽ ജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. ഇത് 10 ശതമാനം മാത്രം ജനസമ്മതിയുള്ള സർക്കാരിനെ കൂടുതൽ ജനവിരുദ്ധമാക്കും. പ്രാദേശിക തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിൽ നിന്നു് ഐ.എം.എഫ്. അകലം പാലിക്കുന്നത് പ്രശ്നത്തിന്റെ ആഴം വർധിപ്പിക്കുന്നു. രാഷ്ട്രീയ കാര്യങ്ങളിൽ നിബന്ധനകൾ വച്ചിട്ടില്ലെന്ന് ഐ.എം.എഫ്. തറപ്പിച്ച് പറഞ്ഞു. പദ്ധതി നടപ്പിലാക്കുമ്പോൾ “അസാധാരണമായി ഉയർന്നേക്കാവുന്ന” അപകടസാധ്യതകൾ ഐ.എം.എഫ്. റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നതിൽ ശ്രീലങ്കയുടെ മോശം ചരിത്രവും അത് ഉദ്ധരിക്കുന്നു. ദുർബലമായ വിപണി സൂചകങ്ങൾ മൂലം ആഴത്തിലുള്ള പ്രതിസന്ധികൾ ഉണ്ടായാൽ ദ്രുതഗതിയിൽ നടപ്പാക്കാനാവുന്ന പ്രശ്നപരിഹാര പദ്ധതികൾ വിഭാവനം ചെയ്യണമെന്നും അത് ശുപാർശ ചെയ്യുന്നു. കുതിച്ചുയരുന്ന പണപ്പെരുപ്പം നേരിടുന്നതിനോടൊപ്പം, വളർച്ചയെ ഉത്തേജിപ്പിക്കുകയും, ആഗോള നിക്ഷേപം ആകർഷിക്കുകയും ചെയ്യണം. ഇവക്ക് പുറമേ, ധനസഹായം നൽകിയവർ ശ്രീലങ്കയുടെ സാമ്പത്തിക പുനർനിർമ്മാണ പ്രക്രിയയിൽ സംതൃപ്തരാണെന്ന് സർക്കാർ ഉറപ്പാക്കുകയും വേണം. സ്വകാര്യ ലാഭത്തിനായി പ്രവർത്തിക്കുന്നുവെന്ന് ആരും ആരോപണം ഉന്നയിക്കാനും ഇടകൊടുക്കരുത്. യു.എസ്., ജപ്പാൻ, ഇന്ത്യ, ചൈന എന്നിവയുൾപ്പെടെ അതിന്റെ സങ്കീർണ്ണമായ ഭൗമരാഷ്ട്രീയത്തിൽ പ്രാധാന്യമുള്ള എല്ലാ ആഗോള ശക്തികളുമായുള്ള ബന്ധം ശക്തിപ്പെടുത്തിക്കൊണ്ട്, ഒരു തിരിച്ചുവരവിനായി ശ്രീലങ്ക ആത്മാർഥമായി പരിശ്രമിക്കുന്നതായി കാണാം. ഈ രാജ്യങ്ങൾ കൊളംബോയുടെ അസ്ഥിരമായ അവസ്ഥ തിരിച്ചറിഞ്ഞ്, പ്രയാസമേറിയ സാമ്പത്തിക പാതയിലൂടെ സഞ്ചരിക്കുന്ന ദ്വീപ് രാഷ്ട്രത്തെ ഒരു കരയ്‌ക്കെത്താൻ സഹായിക്കുമോ എന്നതാണ് പ്രധാനം.
This editorial has been translated from English, which can be read here.
COMMents
SHARE