പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പാദം സ്തംഭനാവസ്ഥയിലാണ്. ഇന്ത്യൻ ജനാധിപത്യത്തിന്റ അധഃപതനത്തെക്കുറിച്ച് അടുത്തിടെ ലണ്ടനിൽ നടത്തിയ പരാമർശത്തിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ഭരണകക്ഷിയായ ബി.ജെ.പി. ശഠിക്കുന്നു. അതേസമയം, അദാനിയുടെ കമ്പനികൾ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളും, സത്യസന്ധമല്ലാത്ത വ്യാപാര രീതികളും പിന്തുടരുന്നുവെന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സംയുക്ത സഭാ സമിതി രൂപീകരിക്കണമെന്ന് കോൺഗ്രസ് നിർബന്ധം പിടിക്കുന്നു. ഇന്ത്യൻ ജനാധിപത്യം ഇപ്പോൾ നേരിടുന്ന വെല്ലുവിളികൾ ആഭ്യന്തരമായി പരിഹരിക്കപ്പെടേണ്ടതാണെന്നും, വിദേശ ശക്തികൾക്ക് ഇതിൽ ഇടപെടേണ്ട കാര്യമില്ലെന്നും ഗാന്ധി വ്യക്തമായി പറഞ്ഞുവെന്ന് ലഭ്യമായ തെളിവുകൾ സൂചിപ്പിക്കുന്നു. ഇന്ത്യൻ വംശജർ ലോകമെമ്പാടും വ്യാപിക്കുമ്പോൾ ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറത്ത് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അലയൊലികൾ ഉണ്ടാവുന്നത് ഒഴിവാക്കാനാവില്ല. വാസ്തവത്തിൽ, ബി.ജെ.പി. വളരെക്കാലമായി ഇന്ത്യയുടെ ഭൂമിശാസ്ത്ര പരിധികൾക്കപ്പുറത്തുള്ള ഒരു സാംസ്കാരിക ദേശീയതയിൽ വിശ്വസിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള സദസ്സുകൾക്ക് മുന്നിൽ മോദി ദേശീയ രാഷ്ട്രീയം ചർച്ച ചെയ്തിട്ടുണ്ട്. വിമർശനം അനുവദിക്കാത്ത ജനാധിപത്യം, അത് ജനാധിപത്യത്തെ കുറിച്ചുള്ളതാണെങ്കിൽ പോലും, ഒരു വിരോധാഭാസമാണ്. ഗാന്ധിക്ക് പാർലമെന്റിൽ സംസാരിക്കാനോ തന്റെ പരാമർശങ്ങളെക്കുറിച്ച് വിശദീകരണം നൽകുവാനോ സാധിച്ചിട്ടില്ല. അതിനിടെ, ഒരു ബി.ജെ.പി. അംഗം ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം അവസാനിപ്പിക്കാനുള്ള നടപടി ആരംഭിച്ചു. ഇതൊരു തെറ്റായ നീക്കമാണ്; നടപ്പാക്കിയാൽ, ഇന്ത്യയിൽ ജനാധിപത്യ സംവിധാനം ക്ഷയിച്ചുകൊണ്ടിരിക്കുന്നുവെന്ന ഭയം ഇനിയും വർധിക്കും.
പ്രതിപക്ഷ നേതാവ് മാപ്പ് പറയണമെന്ന് മുറവിളികൂട്ടി, അദാനി ഗ്രൂപ്പിന് സർക്കാർ നൽകുന്ന രക്ഷാകര്‍ത്തൃത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും ബി.ജെ.പി. മന്ത്രിമാർ ഒഴിഞ്ഞുമാറുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനും, എസ്.ബി.ഐക്കും അദാനി ഗ്രൂപ്പുമായുള്ള ബന്ധത്തെക്കുറിച്ച് കോൺഗ്രസ് സർക്കാരിനോട് ഉത്തരം തേടുകയാണ്. സർക്കാരിന്റേയും പൊതു-സ്വകാര്യ മേഖലകളുടേയും മേൽ വ്യാപിച്ചുകിടക്കുന്ന ഈ ഗുരുതരമായ ഭരണപ്രശ്നത്തിൽ ബി.ജെ.പിയും സർക്കാരും മൗനം പാലിക്കുന്നു. ഏകപക്ഷീയമായ തീരുമാനങ്ങളും, അതേത്തുടർന്നുള്ള ഉത്തരവാദിത്തമില്ലായ്മയും ഭരണ പരാജയത്തിന് തുല്യമാണ്, ഒരുപക്ഷെ ഗൂഢാലോചനയ്ക്കും. സർക്കാരും, രാജ്യസഭാ അധ്യക്ഷനും, ലോക്‌സഭാ സ്പീക്കറും അദാനി വിവാദത്തെത്തുടർന്നുള്ള വിഷയങ്ങൾ സംബന്ധിച്ച് പ്രതിപക്ഷ പാർട്ടികളുമായി ചർച്ച നടത്തണം. സർക്കാരിന്റേയും, നിയന്ത്രണ സംവിധാനങ്ങളുടേയും, സ്വകാര്യമേഖലയുടേയും വിശ്വാസ്യത നിലനിർത്താൻ ഈ വിഷയത്തിൽ ഒളിക്കാനൊന്നുമില്ലെന്ന് തെളിയിക്കേണ്ടത് അനിവാര്യമാണ്. സാമ്പത്തിക അഴിമതി ആരോപണങ്ങൾ അന്വേഷിക്കാൻ മുൻകാലങ്ങളിൽ ജെ.പി.സികൾ രൂപീകരിച്ച ചരിത്രമുണ്ട്. സഭാ മാനദണ്ഡങ്ങളെ അവഗണിച്ച് മുന്നോട്ടുപോകാൻ ബി.ജെ.പിക്ക് അംഗബലമുണ്ടെങ്കിലും, ആ പ്രലോഭനത്തിന് വഴങ്ങാതെ, ഒരു യഥാർത്ഥ ഭരണ നേതൃത്വമായി ഉയരാൻ പാർട്ടിക്ക് സാധിക്കണം. സർക്കാർ ഉത്തരവാദിത്തം ഏറ്റടുക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിൽ പാർലമെൻറിന് പങ്കുണ്ട്; ബി.ജെ.പി. അതിൽനിന്ന് ഒഴിഞ്ഞുമാറിയാൽ ഭരണകൂടം ശിക്ഷകൾക്ക് അതീതമാവുന്ന ഒരു സ്ഥിതിയിലെത്തും.
This editorial has been translated from English, which can be read here.
COMMents
SHARE