മൂന്ന് മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് നവംബറിൽ താഴ്ന്ന ചരക്ക് സേവന നികുതി (ജിഎസ്ടി) വരവ്, ഡിസംബർ 2022-ൽ ഏകദേശം 1.5 ലക്ഷം കോടി രൂപയിലേക്ക് ഉയർന്നത് ഒരു തരത്തിലുള്ള സാമ്പത്തിക തിരിച്ചുവരവിനെ സൂചിപ്പിക്കുന്നു. 2022 നവംബറിലെ നികുതി വരുമാനം ഒരു വർഷം മുമ്പുള്ളതിനേക്കാൾ 10.9 ശതമാനം കൂടുതലായിരുന്നുവെങ്കിലും 2021 ജൂണിനു ശേഷമുള്ള ഏറ്റവും മന്ദഗതിയിലുള്ള വളർച്ചയാണിത്. ഡിസംബറിലെ വരുമാനത്തിന്റെ വളർച്ച നവംബറിനേക്കാൾ 2.5 ശതമാനം കൂടുതലും വാർഷിക വളർച്ച 15.2 ശതമാനവുമാണ്. 2017 ജൂലൈയിൽ പരോക്ഷ നികുതി സംവിധാനം ആരംഭിച്ചതിന് ശേഷമുള്ള മൂന്നാമത്തെ ഉയർന്ന ജിഎസ്ടി വരുമാനമാണ് ഡിസംബറിലെ 1,49,507 കോടി രൂപ. എന്നാൽ ഇത് മുൻ റെക്കോർഡുകളേക്കാൾ കൂടുതൽ ശ്രദ്ധേയമായേക്കാം. ഒന്നാമതായി, നവംബറിൽ നടപ്പാക്കിയ സാമ്പത്തിക പ്രവർത്തനങ്ങളുമായി ഈ നികുതികൾ ബന്ധപ്പെട്ടിരിക്കുന്നതിനാൽ, ഫാക്ടറികളും സേവന ദാതാക്കളും ഒക്ടോബറിനേക്കാൾ തിരക്കുള്ളവരായിരുന്നുവെന്നും ഉത്സവാനന്തര ഉപഭോക്തൃ തളർച്ച വളരെ കുറവായിരുന്നുവെന്നും ഇത് സൂചിപ്പിക്കുന്നു. രണ്ടാമതായി, ജിഎസ്ടി വരുമാനം ഉയർന്ന മറ്റ് രണ്ട് അവസരങ്ങളിലും – 2022 ഏപ്രിലിലെ 1.67 ലക്ഷം കോടി രൂപയും, ഒക്ടോബറിലെ 1.52 ലക്ഷം കോടി രൂപയും -- നികുതിദായകരുടെ സാമ്പത്തിക വർഷാവസാന കണക്ക് തീർപ്പാക്കലുകളും, ഉത്സവത്തിനു മുമ്പുള്ള ചെലവുകളും സംഭരണവുമാണ് യഥാക്രമം ഈ സംഖ്യകളെ ഉയർത്തിയത്. ഡിസംബറിൽ ഇതായിരുന്നില്ല സ്ഥിതി. ഉയർന്ന പണപ്പെരുപ്പം ഈ സംഖ്യകളെ ശക്തിപ്പെടുത്തി എന്ന വാദം ഭാഗികമായി മാത്രമേ ന്യായീകരിക്കാനാകൂ. നവംബറിൽ പണപ്പെരുപ്പം 11 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.9 ശതമാനം എന്ന നിലയിലേക്ക് താഴ്ന്നു. ഇതിൽ ചരക്ക് പണപ്പെരുപ്പം 6.2 ശതമാനമായി നിൽക്കെ, സേവന പണപ്പെരുപ്പം ക്രമാനുഗതമായി മുരടിച്ചു. ഈ നാണയപ്പെരുപ്പനിരക്ക് ഉയർന്നതാണെങ്കിലും മുൻ മാസങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. അതിനാൽ, നികുതി വരുമാനം അല്പം ഉയർത്തിയെങ്കിലും, മുൻ മാസങ്ങളെ അപേക്ഷിച്ച് ഡിസംബറിൽ പണപ്പെരുപ്പം വരുമാനത്തിന്റെ വളർച്ചയിൽ വലിയ പങ്കുവഹിച്ചില്ല.
ഇതുവരെ ലഭിച്ച വിവരങ്ങളിൽ നിന്ന്, നവംബറിൽ എട്ട് പ്രധാന മേഖലകൾ 5.4 ശതമാനം വളർച്ച തിരിച്ചുപിടിച്ചു. വ്യാവസായിക ഉൽപ്പാദനം 4 ശതമാനം എന്ന നിരക്കിലേക്ക് ഭയാനകമായി ഇടിഞ്ഞ ഒക്ടോബറിൽ 0.9 ശതമാനം മാത്രമായിരുന്നു പ്രധാന മേഖലകളിലെ വളർച്ച. നവംബറിലെ വ്യാവസായിക ഉൽപ്പാദന നിലവാരം ഈ മാസം അവസാനത്തോടെ മാത്രമേ അറിയാൻ കഴിയുകയുള്ളുവെങ്കിലും, ജിഎസ്ടി വരുമാനം സൂചിപ്പിക്കുന്നത് ചരക്കുകളുടെയും സേവനങ്ങളുടെയും ആവശ്യം വർധിച്ചു എന്നാണ്. നോർത്ത് ബ്ലോക്കിലെ മേധാവികൾ കേന്ദ്ര ബജറ്റ് തയ്യാറാക്കുന്നതിനുള്ള അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ, സാമ്പത്തിക കമ്മി കുറച്ചുകൊണ്ടുവരുവാനും വരും വർഷത്തേക്കുള്ള വരുമാന ലക്ഷ്യങ്ങൾ രൂപപ്പെടുത്തുവാനും ശ്രമിക്കവേ ഏറ്റവും പുതിയ ജിഎസ്ടി കണക്കുകൾ ചില പ്രതീക്ഷകൾക്ക് വക നൽകും. ജിഎസ്ടി പിരിവു പത്ത് മാസം തുടർച്ചയായി 1.4 ലക്ഷം കോടി രൂപയിൽ അധികമാണെന്ന് മാത്രമല്ല, ഡിസംബറിലെ ആരോഗ്യകരമായ വരവ് 2022-23-ലെ ശരാശരി പ്രതിമാസ ഉപഭോഗം 1.49 ലക്ഷം കോടി രൂപയായി ഉയർത്തുകയും ചെയ്തു. എന്നാൽ അലംഭാവത്തിന് ഇടമില്ല - ആഗോളതലത്തിലെ തടസ്സങ്ങൾ മൂലം സാമ്പത്തിക പ്രവർത്തനങ്ങളിൽ എന്തെങ്കിലും മന്ദതയുണ്ടായാൽ വരുമാനവും കുറയും. നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ മാസം ഹ്രസ്വമായി ജിഎസ്ടി കൗൺസിൽ യോഗം ചേർന്നെങ്കിലും നിർണായകമായ പരിഷ്കാരങ്ങളിൽ തീരുമാനമെടുക്കാതെ പിരിഞ്ഞു. ബജറ്റിന് ശേഷം കൌൺസിൽ ഉടൻ വിളിച്ചുകൂട്ടണം. ഇത് വരുമാന വരവ് നിലനിർത്താൻ മാത്രമല്ല, ‘ഒരു രാജ്യം, ഒരു നികുതി’യുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്ന എല്ലാ ഇനങ്ങളും ഉൾപ്പെടുത്തി യുക്തിസഹമായ നിരക്ക് ഘടനയിൽ നിന്ന് കൂടുതൽ നേട്ടമുണ്ടാക്കാനും ലക്ഷ്യമിടുന്നു.
This editorial has been translated from English, which can be read here.
COMMents
SHARE