2023 മാർച്ച് 26-ന് ചൈനയുമായി ഔപചാരികമായി നയതന്ത്രബന്ധം സ്ഥാപിച്ചതിലൂടെ, അടുത്തിടെ തായ്‌പേയ്ക്ക് പകരം ബീജിംഗിനെ അംഗീകരിക്കുന്ന രാജ്യങ്ങളുടെ വർദ്ധിച്ചുവരുന്ന പട്ടികയിൽ ഹോണ്ടുറാസ് ചേർന്നു. വത്തിക്കാൻ കൂടാതെ 12 രാജ്യങ്ങളുമായി മാത്രമാണ് തായ്‌വാന് ഇപ്പോൾ നയതന്ത്ര ബന്ധമുള്ളത്. നാല് ചെറിയ പസഫിക് ദ്വീപ് രാജ്യങ്ങൾ, ദക്ഷിണാഫ്രിക്കയിലെ ഇശ്വറ്റിനി, പരാഗ്വേ, ആറ് മധ്യ അമേരിക്കൻ, കരീബിയൻ രാജ്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഹോണ്ടുറാസ് വിദേശകാര്യമന്ത്രി എഡ്വേർഡോ റീനയുമായി പത്രപ്രസ്താവന ഒപ്പിട്ട ചൈനീസ് വിദേശകാര്യ മന്ത്രി ക്വിൻ ഗാങ് “ചരിത്രത്തിലെ ശരിയുടെ വശത്ത് നിൽക്കാൻ ഹോണ്ടുറാസ് തീരുമാനമെടുത്തു” എന്ന് പറഞ്ഞു. ബന്ധം തുടരുന്നതിനുള്ള ഒരു മുന്നുപാധിയായി ഹോണ്ടുറാസ് സാമ്പത്തിക സഹായം തേടുകയാണെന്ന് തായ്‌വാൻ ആരോപിച്ചു, നയതന്ത്ര മാറ്റത്തിന് ശേഷം, തായ്‌വാൻ “ചൈനയുമായി ഡോളർ നയതന്ത്രത്തിന്റെ അർത്ഥശൂന്യമായ മത്സരത്തിൽ ഏർപ്പെടില്ല” എന്ന് പ്രസിഡന്റ് സായ് ഇംഗ്-വെൻ പറഞ്ഞു. തായ്‌വാന്റെ അന്താരാഷ്‌ട്ര പങ്കാളിത്തം വെട്ടിച്ചുരുക്കാനും, സൈനിക ഭീഷണികൾ ശക്തമാക്കാനും, പ്രാദേശിക സമാധാനവും സുസ്ഥിരതയും തകർക്കാനും ചൈന എല്ലാ മാർഗങ്ങളും തുടർച്ചയായി ഉപയോഗിക്കുന്നുവെന്നും അവർ ആരോപിച്ചു.
ഹോണ്ടുറാസിന്റെ നയതന്ത്ര മാറ്റവും, അന്താരാഷ്ട്ര തലത്തിൽ ചുരുങ്ങുന്ന സ്വാധീനത്തെക്കുറിച്ചുള്ള തായ്‌വാന്റെ ആശങ്കകളും തായ്‌വാൻ കടലിടുക്കിലെ നിലവിലുള്ള അവസ്ഥയ്ക്കുമേലുള്ള സമ്മർദ്ദത്തിലേക്ക് വിരൽ ചൂണ്ടുന്നു. കടുത്ത പ്രതിബന്ധങ്ങളിൽ നിന്ന് സമാധാനം സംരക്ഷിച്ചുകൊണ്ട്, നിലവിലുള്ള അവസ്ഥ പൊതുവെ കടലിടുക്കിന്റെ ഇരു വശത്തുള്ളവരെ സഹായിച്ചിട്ടുണ്ട്. വളരെയധികം വികസിച്ച സമ്പദ്‌വ്യവസ്ഥയുള്ളതും, തഴച്ചുവളരുന്ന ജനാധിപത്യവുമുള്ള രാജ്യമായ തായ്‌വാനിൽ, നിലവിലെ സ്ഥിതി തുടരാനാണ് മിക്ക ആളുകളും താൽപര്യപ്പെടുന്നത് എന്ന് നിരവധി പൊതുജനാഭിപ്രായ സർവേകൾ പറയുന്നു. ഒരു ന്യൂനപക്ഷം തായ്‌വാൻ ചൈനയിൽ നിന്ന് സ്വതന്ത്രമാവണമെന്ന് ആഗ്രഹിക്കുമ്പോൾ, മറ്റൊരു ചെറിയ വിഭാഗം ഏകീകരണം പ്രഖ്യാപിക്കുന്നതിനെ പിന്തുണയ്ക്കുന്നു. എന്നിരുന്നാലും, നിലവിലെ അവസ്ഥക്ക് മാറ്റം വരുന്നതായി കരുതുന്ന ബീജിംഗും തായ്‌പേയിയും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചു. തായ്‌പേയിയുടെ വീക്ഷണത്തിൽ, തായ്‌വാനെ ഒറ്റപ്പെടുത്താൻ ബീജിംഗ് വർദ്ധിച്ചുവരുന്ന നയതന്ത്ര സമ്മർദ്ദം ചെലുത്തുന്നുണ്ട്. കഴിഞ്ഞ വർഷം അന്നത്തെ യു.എസ്. ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തെത്തുടർന്ന് ദ്വീപിനെ ചുറ്റും അഭ്യാസങ്ങൾ നടത്തിയത് പോലെ പലപ്പോഴും ചൈന സൈനിക ശക്തി പ്രദർശിപ്പിക്കുന്നതായും തായ്‌പേയി ആരോപിക്കുന്നു. ബീജിംഗിന്റെ വീക്ഷണത്തിൽ, വാഷിംഗ്ടണിന്റെ പിന്തുണയുള്ള തായ്പേയിലെ ഭരണകക്ഷിയായ ഡി.പി.പിക്കാണ് സ്വാതന്ത്ര്യത്തിന്റെ പേരിൽ യഥാർത്ഥത്തിൽ നടക്കുന്ന സംഘർഷങ്ങളുടെ ഉത്തരവാദിത്തം. മുമ്പുണ്ടായിരുന്ന കെ.എം.ടി. ഭരണകൂടവുമായി ബീജിംഗിന് ഊഷ്മളമായ ബന്ധമുണ്ടായിരുന്നു. 2015-ൽ നേതാക്കളായ ഷി ജിൻപിംഗും, മാ യിംഗ്-ജിയോയും ഒരു സുപ്രധാന കൂടിക്കാഴ്ചയും നടത്തിയിരുന്നു. തായ്‌വാൻ ഒരു ലക്ഷ്മണ രേഖയാണെന്ന് ഷി സർക്കാർ യു.എസ്സിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നുണ്ട്. കഴിഞ്ഞ വർഷത്തെ പെലോസി സന്ദർശനത്തിൽ കണ്ടതുപോലെ തായ്‌വാൻ വീണ്ടും ഒരു സംഘർഷത്തിന്റെ കാരണമായി ഉയരുന്നുണ്ട്. വാഷിംഗ്ടണോ തായ്പേയോ ഈ ലക്ഷ്മണ രേഖ മറികടക്കുകയാണെങ്കിൽ, പുനരേകീകരണം എന്ന് ചൈന വിളിക്കുന്ന നടപടിക്കായി ശക്തി ഉപയോഗിക്കാൻ ബീജിംഗ് മടിക്കില്ല. ഊർജ്ജസ്വലവും സമൃദ്ധവുമായ ഒരു ദ്വീപിലെ 23 ദശലക്ഷം ആളുകൾ ലോകത്തിലെ ഏറ്റവും വലിയ രണ്ട് ശക്തികൾ തമ്മിലുള്ള സംഘർഷത്തിനിടയിൽ കുടുങ്ങിയിരിക്കുന്നു.
This editorial has been translated from English, which can be read here.
COMMents
SHARE