ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി.) ദേശീയ നിർവാഹക സമിതി യോഗം അടുത്ത പൊതുതെരഞ്ഞെടുപ്പിനുള്ള മാർഗരേഖ പുറത്തിറക്കുകയും പാർട്ടി പ്രസിഡന്റ് ജെ.പി. നഡ്ഡയുടെ കാലാവധി 2024 ജൂൺ വരെ നീട്ടുകയും ചെയ്തു. സ്വന്തം സംസ്ഥാനമായ ഹിമാചൽ പ്രദേശിലെ സമീപകാല തോൽവി മാറ്റിനിർത്തിയാൽ, നഡ്ഡ പ്രസിഡന്റായിരുന്ന കാലത്തെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനം ആകർഷകമാണ്. തന്റെ കാലാവധി നീട്ടുന്നത് ‘വിശേഷഭാഗ്യവും, ബഹുമതിയും’ ആണെന്ന് പറഞ്ഞ നഡ്ഡ, ഇത് ഒരു ‘ ഭാരിച്ച ഉത്തരവാദിത്തം’ ആണെന്ന് കൂട്ടിച്ചേർത്തു. എന്നാൽ, ഈ പദവിയിൽ ലഭിക്കുന്ന അധികാരം ബി.ജെ.പി. നേതൃത്വത്തെ ആശ്രയിച്ചിരിക്കും. പാർട്ടിയിൽ ആത്യന്തികമായി തീരുമാനമെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ആഭ്യന്തര മന്ത്രി അമിത് ഷായുടേയും വിശ്വാസപാത്രമായി മാറിയതിനാലാണ് നഡ്ഡക്ക് അധികാരങ്ങൾ ലഭിക്കുന്നത്. പാർട്ടിക്ക് ഇത് പുത്തരിയല്ല -- എ.ബി. വാജ്പേയിയും, എൽ.കെ. അഡ്വാനിയും അക്കാലത്തെ പാർട്ടി അധ്യക്ഷന്മാരേക്കാൾ ശക്തരായിരുന്നു. 2023-ൽ നടക്കുന്ന 9 നിയമസഭാ തെരഞ്ഞെടുപ്പുകളിലും വിജയിക്കുന്നതിനായി പ്രവർത്തിക്കാൻ പാർട്ടി അണികളോട് ആഹ്വാനം ചെയ്തു. ബുധനാഴ്ച തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മൂന്ന് സംസ്ഥാനങ്ങളിലും ബി.ജെ. പി. ഭരണത്തിലുണ്ട് -- ത്രിപുരയിൽ ഒറ്റയ്ക്കും, നാഗാലാൻഡിലും, മേഘാലയയിലും സഖ്യത്തിന്റെ ഭാഗമായും. തെലങ്കാനയിൽ ഭരണം കൈയടക്കാൻ ശ്രമിക്കുന്ന മുഖ്യ എതിരാളിയായി ഉയരാനും, പ്രധാന സംസ്ഥാനങ്ങളായ കർണാടകയിലും മധ്യപ്രദേശിലും അധികാരം നിലനിർത്താനും, രാജസ്ഥാനും, ഛത്തീസ്ഗഡും തിരിച്ചുപിടിക്കാനും പാർട്ടി ശ്രമിക്കുന്നു. ബി.ജെ.പി. പുതിയ രാഷ്ട്രീയം പരീക്ഷിക്കുന്ന കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലും 2023-ൽ ആദ്യ തിരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുണ്ട്.
“പരിപൂർണ്ണതയുടെ രാഷ്ട്രീയവും, പരിപൂര്ണ്ണമായ ഭരണവുമാണ്” തങ്ങളുടേതെന്ന്, വിവിധ നിയോജകമണ്ഡലങ്ങളെ ലക്ഷ്യമിടുന്ന സർക്കാർ പദ്ധതികളെക്കുറിച്ചുള്ള നിരന്തര പ്രചരണങ്ങളെ സൂചിപ്പിച്ചുകൊണ്ട് ബി.ജെ.പി. പറഞ്ഞു. നോട്ട് നിരോധനം മുതൽ ചരക്ക് സേവന നികുതി, റഫാൽ പ്രതിരോധ ഇടപാട്, പെഗാസസ് ചോർത്തൽ തുടങ്ങിയ വിവാദങ്ങളും, തെറ്റിദ്ധാരണകളും ദോഷം ചെയ്തിട്ടില്ലെന്ന് ദേശീയ നിർവാഹക സമിതി യോഗത്തിൽ പാർട്ടി ആഹ്ളാദത്തോടെ ചൂണ്ടിക്കാട്ടി. ഇതെല്ലാം മോദി സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്റെ വിഫല ശ്രമങ്ങളാണെന്നും അത് പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്റെ ഭാരത് ജോഡോ യാത്രയിലൂടെ ബി.ജെ.പി.ക്കെതിരെ പുതിയ രാഷ്ട്രീയം കെട്ടിപ്പടുക്കാൻ ശ്രമിക്കുകയാണ്. എന്നാൽ പ്രതിപക്ഷ രാഷ്ട്രീയം ആശയക്കുഴപ്പത്തിലും മത്സരങ്ങളിലും കുടുങ്ങിയിരിക്കുകയാണ്. മോദിയുടെ ജനപ്രിയത വിജയങ്ങളുടെ പുതിയൊരു കാലത്തേക്ക് കൊണ്ടുപോകുമെന്ന് പാർട്ടി പ്രതീക്ഷിക്കുന്നു. 2024-ൽ തുടർച്ചയായി മൂന്നാം തവണയും ലോക്സഭയിൽ വിജയിച്ച് മോദി അധികാരത്തിലെത്തുമെന്നും ബി.ജെ.പി. കണക്കുകൂട്ടുന്നു. പ്രവർത്തകരെ അണിനിരത്തുന്നതിന് വ്യക്തമായ തന്ത്രവും പാർട്ടിക്കുണ്ട്. മറ്റ് പിന്നാക്ക വിഭാഗങ്ങൾ, പട്ടികവർഗക്കാർ, ദളിത് വിഭാഗങ്ങൾ എന്നിവരുമായുള്ള നിരന്തര ഇടപെടലിന് നഡ്ഡ ഊന്നൽ നൽകി. പരമ്പരാഗതമായി സവർണ്ണ ആധിപത്യമുള്ള പാർട്ടിയായ ബി.ജെ.പി. മറ്റ് വിഭാഗങ്ങൾക്കിടയിലേക്ക് ആഴത്തിൽ ഇറങ്ങിയിട്ടുണ്ട്. പാർട്ടിയുടെ വിപുലീകരണത്തിനായി പശ്ചിമ ബംഗാൾ, തെലങ്കാന തുടങ്ങിയ പുതിയ മേച്ചിൽപുറങ്ങളിലും ശ്രദ്ധ കൊടുക്കുന്നുണ്ട്. വിജയം ബി.ജെ.പി.യെ അലംഭാവപ്പെടുത്തിയിട്ടില്ല.
This editorial was translated from English, which can be read here.
COMMents
SHARE