അസംസ്കൃത ധാന്യങ്ങളുടെ കുടുംബത്തിൽപ്പെട്ട ഒരു മുഖ്യാഹാരമായ ചെറുധാന്യങ്ങൾക്ക് ഇപ്പോൾ അഭൂതപൂർവമായ പ്രാധാന്യം ലഭിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ ചെറുധാന്യങ്ങളെക്കുറിച്ചുള്ള ഒരു ആഗോള സമ്മേളനം ഉദ്ഘാടനം ചെയ്യവേ, ഇവയെ ഇന്ത്യയിലെ ചെറുകിട കർഷകരുടെ “സമൃദ്ധിയുടെ വാതിൽ”, “പോഷകാഹാരത്തിന്റെ മൂലക്കല്ല്”, “കാലാവസ്ഥാ വ്യതിയാനത്തിനെതിരായ” പോരാട്ടത്തിലെ ഒരു സഖ്യകക്ഷി എന്നിങ്ങനെ പ്രകീർത്തിച്ചു. ഐക്യരാഷ്ട്രസഭ 2023-നെ അന്താരാഷ്ട്ര ചെറുധാന്യങ്ങളുടെ വർഷം എന്ന് പ്രഖ്യാപിച്ചു. ധനമന്ത്രി നിർമല സീതാരാമന്റെ ഫെബ്രുവരിയിലെ ബജറ്റ് പ്രസംഗത്തിൽ ഇവയെ ‘ശ്രീ അന്ന’ എന്ന് വിളിച്ചു. ‘ധാന്യങ്ങളിൽ ഏറ്റവും മികച്ചത്’ എന്നാണ് ഇതിന്റെ ഏകദേശ വിവർത്തനം. കൂടാതെ, ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസർച്ചിന് മികച്ച ഗവേഷണ കേന്ദ്രത്തിന് ലഭിക്കുന്ന പിന്തുണ നൽകുമെന്നും അറിയിച്ചു.
മണിച്ചോളം, കമ്പ്, കുറുമ്പുല്ല് തുടങ്ങിയ ചെറുധാന്യങ്ങൾക്ക് ഇന്ത്യൻ ഭക്ഷണപാരമ്പര്യവുമായി അടുത്ത ബന്ധമുണ്ട്. അതിനാലാണ് ദീർഘകാലമായി ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ചെറുധാന്യ ഉത്പാദക രാജ്യമായി തുടരുന്നത്. ഊർജസാന്ദ്രമായ ചെറുധാന്യങ്ങൾ വരണ്ട മണ്ണിൽ അനായാസം കൃഷി ചെയ്യാമെന്നതിനാലും അരി, ഗോതമ്പ്, ചോളം തുടങ്ങിയ ധാന്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കീടബാധയ്ക്ക് സാധ്യത കുറവായതിനാലുമാണ് ഇവ ജനപ്രീതി നേടിയിരിക്കുന്നത്. എങ്ങനെ ഇത്തരമൊരു ‘സൂപ്പർ ഫുഡ്’ അരിയും ഗോതമ്പും പ്രോത്സാഹിപ്പിച്ച 1960-കളിലെ ഹരിതവിപ്ലവത്തിൽ തഴയപ്പെട്ടു എന്നതിന് പോഷകഗുണവുമായി വലിയ ബന്ധമില്ല. ഏക്കറിൽ രണ്ടോ മൂന്നോ ഇരട്ടി ഉല്പാദിപ്പിക്കാവുന്ന അരിയുടേയും ഗോതമ്പിന്റേയും ഉയർന്ന വിളവ് തരുന്ന വകഭേദങ്ങൾ വികസിപ്പിച്ചതാണ് ഇതിന് കാരണം. ഇതോടൊപ്പം, സർക്കാർ ഉറപ്പ് നൽകുന്ന സംഭരണം കാരണം അരിയും ഗോതമ്പും വരൾച്ച, കാലാവസ്ഥാ ദുരിതങ്ങൾ എന്നിവയിൽ പോലും ഇന്ത്യയ്ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കി. എന്നിരുന്നാലും, ഈ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഭൂഗർഭജലത്തിന്റെ അനിയന്ത്രിത ഉപഭോഗം, അമിത കീടനാശിനി പ്രയോഗം, ധാന്യ ഉൽപ്പാദനത്തിന്റേയും സംഭരണത്തിന്റേയും മാറ്റങ്ങൾക്ക് വഴങ്ങാത്ത സംവിധാനങ്ങൾ എന്നീ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. മാത്രമല്ല, വർഷങ്ങളായി ശരാശരി കർഷകന്റെ പ്രതിഫലം കുറഞ്ഞു വന്നുകൊണ്ടിരിക്കുകയാണ്. 1960-കൾക്ക് ശേഷം ശരാശരി ആഗോള വരുമാനം ഉയരുകയും ‘സുസ്ഥിരമായ കൃഷിക്ക്’ ആവശ്യം വർദ്ധിക്കുകയും ചെയ്തതോടെ, ഇന്ത്യ ചെറുധാന്യങ്ങളെ ഒരു ഒറ്റമൂലി എന്ന നിലയിൽ ആഗോള വിപണനത്തിനു ശ്രമിക്കുകയാണ്. എന്നിരുന്നാലും, ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ അഭിപ്രായത്തിൽ ആഗോള ധാന്യ ഉൽപ്പാദനത്തിന്റെ 89 ശതമാനം വരുന്ന അരി-ഗോതമ്പ്-ചോള ത്രയവുമായി മത്സരിക്കണമെങ്കിൽ ചെറുധാന്യ ഉൽപാദനം ഇപ്പോഴുള്ളതിനേക്കാൾ പലമടങ്ങ് പ്രതിഫലം നൽകുന്നതായിരിക്കണം. മണിച്ചോളം, കമ്പ് എന്നിവയ്ക്ക് സങ്കര ഇനങ്ങളുണ്ടെങ്കിലും, പതിറ്റാണ്ടുകളായി വിളവ് ഗണ്യമായി ഉയർന്നിട്ടില്ല എന്നതിനർത്ഥം സാങ്കേതിക വ്യതിയാനങ്ങളിൽ നിന്ന് മാത്രം വിളവിൽ ഒരു കുതിച്ചുചാട്ടം പ്രതീക്ഷിക്കാനാവില്ല എന്നാണ്. ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ മന്ദഗതിയിലുള്ള പ്രക്രിയയാണ്. ചില ധാന്യങ്ങളെ ‘ഉന്നതമോ’ അല്ലെങ്കിൽ ‘താഴ്ന്നതോ’ ആയി തരംതിരിക്കുന്നത് വിപരീത ഫലമുളവാക്കും. ഇത് നാണ്യവിളകളിൽ കാണുന്നത് പോലെ ഉൽപ്പാദനത്തിന്റെ സാമ്പത്തികശാസ്ത്രത്തെ അവഗണിക്കുകയും അമിതമായ പ്രചാരണങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇതുമൂലം നാമമാത്ര കർഷകർ പ്രത്യാഘാതങ്ങൾ നേരിട്ടേക്കാം. എല്ലാ ധാന്യങ്ങളും വളരാൻ അനുവദിക്കുകയും ഉപഭോക്താക്കൾക്ക് അവർക്കാവശ്യമായ ധാന്യങ്ങൾ ലഭ്യമാക്കാൻ സഹായിക്കുകയും ചെയ്യുന്നത് കൂടുതൽ സുസ്ഥിരമായ ഒരു നടപടിയാണ്.
This editorial has been translated from English, which can be read here.
COMMents
SHARE