അടുത്തിടെ നടന്ന ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എം.സി.ഡി) തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ വിജയം ദേശീയ തലസ്ഥാന പ്രദേശത്തെ ലെഫ്റ്റനന്റ് ഗവർണറും തിരഞ്ഞെടുക്കപ്പെട്ട സർക്കാരും തമ്മിലുള്ള അന്തമില്ലാത്ത ഏറ്റുമുട്ടലിന് ഒരു പുതിയ പശ്ചാത്തലം ഒരുക്കി. ഭാരതീയ ജനതാ പാർട്ടിയുടെ രാഷ്ട്രീയം മുന്നോട്ട് കൊണ്ടുപോകാൻ ഉത്സുകരായ നിരവധി ഗവർണർമാർ, പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി തുടർച്ചയായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. ഇതിൽ, ലെഫ്റ്റനന്റ് ഗവർണർക്ക് വിപുലമായ ഭരണനിര്‍വ്വഹണ അധികാരങ്ങളുള്ള ഡൽഹിയുടെ കാര്യം പ്രത്യേകം എടുത്തുപറയേയേണ്ടതാണ്. ജനുവരി 6-ന് എം.സി.ഡി. മേയറുടേയും ഡെപ്യൂട്ടി മേയറുടേയും തിരഞ്ഞെടുപ്പിന് മുന്നേ, ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേന പത്തു നിയുക്ത അംഗങ്ങൾക്കും, ഒരു ബി.ജെ.പി കൗൺസിലർക്കും വോട്ടെടുപ്പിന്റെ ചുമതല നൽകിയപ്പോളാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായുള്ള അസ്വാരസ്യം ആളിക്കത്തിയത്. ഏറ്റവും മുതിർന്ന കൗൺസിലറെ വരണാധികാരിയായി നിയമിക്കുന്ന പാരമ്പര്യത്തിൽ നിന്ന് സക്സേന വ്യതിചലിച്ചുവെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. സക്‌സേന നിയമിച്ച അംഗങ്ങൾക്ക് എം.സി.ഡി. നിയമം ലംഘിച്ച് വോട്ടവകാശം നൽകിയെന്ന് പാർട്ടി ആരോപിക്കുന്നു. പക്ഷെ ഇതിന് വ്യക്തതയില്ല. ലഫ്റ്റനന്റ് ഗവർണർക്കും മന്ത്രിസഭയ്ക്കുമിടയിൽ സുപ്രീം കോടതി സ്ഥാപിച്ച അധികാര വിഭജനം പരിഗണിക്കാതെ, സക്സേന എല്ലാ കാര്യങ്ങളിലും മന്ത്രിസഭയെ അവഗണിച്ചുകൊണ്ട് ഉദ്യോഗസ്ഥവൃന്ദത്തിന് നേരിട്ട് ഉത്തരവുകൾ നൽകുന്നുവെന്ന് പാർട്ടി ചൂണ്ടിക്കാട്ടി.
പോലീസ്, ക്രമസമാധാനം, ഭൂമി എന്നീ മൂന്ന് വിഷയങ്ങളിൽ മാത്രമേ എൽ.ജി.ക്ക് സാങ്കേതികമായി ഭരണാധികാരമുള്ളൂ. മറ്റെല്ലാ വിഷയങ്ങളും (കൈമാറ്റം ചെയ്യപ്പെട്ട വിഷയങ്ങൾ) തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ അധികാരപരിധിയിലാണ്. എന്നാൽ, ഉദ്യോഗസ്ഥവൃന്ദത്തെ നിയന്ത്രിക്കാനും, ഡൽഹി സർക്കാരിലെ ജീവനക്കാരെ സ്ഥലംമാറ്റാനും, ജോലിയിൽനിന്ന് തല്കാലത്തേക്ക് മാറ്റിനിർത്താനും, മറ്റ് നടപടികളെടുക്കാനും കഴിയുന്നതുകൊണ്ട് ലഫ്റ്റനന്റ് ഗവർണറുടെ അധികാരം അതിനപ്പുറത്തേക്ക് വ്യാപിക്കുന്നു. മുൻകാല ഇടപെടലുകൾ കൊണ്ട് ലഫ്റ്റനന്റ് ഗവർണറും തിരഞ്ഞെടുക്കപ്പെട്ട സർക്കാരും തമ്മിലുള്ള തർക്കം പരിഹരിക്കാനാവാതിരുന്നതിനാൽ, ഇപ്പോൾ സുപ്രീം കോടതി ഇത് വീണ്ടും പരിഗണനക്കെടുത്തിരിക്കുകയാണ്. അതേസമയം, മുഖ്യമന്ത്രിയും ലഫ്റ്റനന്റ് ഗവർണറും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നു. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തണമെന്ന് ആവശ്യപ്പെട്ട ലഫ്റ്റനന്റ് ഗവർണർ പിന്നീട് അതിന് സമയം നൽകാൻ തയ്യാറായില്ല. ഒക്ടോബർ വരെ ലഫ്റ്റനന്റ് ഗവർണറും മുഖ്യമന്ത്രിയും ആഴ്ചയിലൊരിക്കൽ കൂടിക്കാഴ്ച നടത്തിയിരുന്നു. സുപ്രീം കോടതി ഇരുപക്ഷത്തോടും രാഷ്ട്രതന്ത്രജ്ഞതയോടും വിവേകത്തോടും കൂടി പെരുമാറാൻ ആവശ്യപ്പെട്ടെങ്കിലും, പ്രതിസന്ധി പരിഹരിക്കാനായില്ല. ഈ സ്‌തംഭനാവസ്ഥ തലസ്ഥാനത്തെ ഭരണസംവിധാനത്തെ സാരമായി ബാധിക്കുന്നു. ആം ആദ്മി പാർട്ടിയും, ബി.ജെ.പി.യും തമ്മിലുള്ള രാഷ്ട്രീയ കിടമത്സരം സ്ഥിതി കൂടുതൽ വഷളാക്കിയിട്ടുണ്ടെങ്കിലും, എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം നിയമസംബന്ധമായ അവ്യക്തതയാണ്. ഇത് ഇല്ലാതാക്കേണ്ടിയിരിക്കുന്നു.
This editorial has been translated from English, which can be read here.
Published - January 13, 2023 12:04 pm IST