ബജറ്റ് നിർമ്മാണം ഒരു സങ്കീർണ്ണമായ പ്രക്രിയയാണെങ്കിൽ, കേന്ദ്ര ബജറ്റിനെ വ്യാഖ്യാനിക്കുന്നത് അപകടകരമാണ്, പ്രത്യകിച്ച് അതിന്റെ വിശദാംശങ്ങളിലേക്ക് പോകുമ്പോൾ. ഒറ്റ നോട്ടത്തിൽ ധനമന്ത്രി നിർമല സീതാരാമന്റെ അഞ്ചാമത്തെ ബജറ്റ് അഥവാ അടുത്ത വർഷത്തെ പൊതുതിരഞ്ഞെടുപ്പിന് മുൻപ് നിലവിലെ ബി.ജെ.പി. നേതൃത്വത്തിലുള്ള സർക്കാരിന്റെ അവസാനത്തെ സമ്പൂർണ്ണ ബജറ്റിൽ എല്ലാ ഘടകങ്ങളും ശരിയായ അളവിലുണ്ട്. എല്ലാവർക്കും, പ്രത്യേകിച്ച് യുവാക്കൾ, സ്ത്രീകൾ, കൃഷിക്കാർ, മറ്റ് പിന്നോക്ക വിഭാഗങ്ങൾ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ എന്നിവർക്ക് അഭിവൃദ്ധി ഉറപ്പാക്കുന്ന സമഗ്ര വികസനം, വളർച്ചയും തൊഴിലവസരങ്ങളും പതിന്മടങ്ങായി വർധിപ്പിക്കുന്ന അടിസ്ഥാന സൗകര്യത്തിനും നിക്ഷേപത്തിനും ഊന്നൽ, ഹരിത അല്ലെങ്കിൽ പരിസ്ഥിതി സുസ്ഥിര വളർച്ചക്കായുള്ള നയങ്ങൾ, പ്രത്യക്ഷ നികുതികളുടെ യുക്തിസഹമായ പരിഷ്കരണം, ഇടത്തരക്കാർക്കും, പെൻഷൻകാർക്കും ശമ്പളക്കാർക്കുമുള്ള ഇളവുകൾ എന്നിവയെല്ലാം നൽകെത്തന്നെ ധനകമ്മി കുറയ്ക്കാനുള്ള പാതയിൽ നിന്ന് വ്യതിചലിച്ചിട്ടുമില്ല. “ഇത് അമൃതകാലത്തേക്കുള്ള ആദ്യ ബജറ്റ്” ആണെന്ന് വിശേഷിപ്പിച്ച സീതാരാമൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി അധികാരമേറ്റ 2014 മുതൽ ഭരണകക്ഷിയുടെ നേട്ടങ്ങൾ ഊന്നിപ്പറഞ്ഞുകൊണ്ട്, തിരഞ്ഞെടുപ്പിനായുള്ള കാഹളം മുഴക്കി. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറിയ ഇന്ത്യയുടെ വളർച്ചയുടെ ഫലമായും, എല്ലാവർക്കും മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ ഫലമായും പ്രതിശീർഷ വരുമാനം ഇരട്ടിയിലധികം വർധിച്ച് 1.97 ലക്ഷം രൂപയിലെത്തിയതായി അവർ പറഞ്ഞു. സമ്പദ്ഘടനയുടെ ഔപചാരികവത്കരണത്തിലെ വർദ്ധനയും ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ, പ്രത്യേകിച്ച് പണമിടപാട് മേഖലയിലെ നൂതന സങ്കേതങ്ങളുടെ, വ്യാപകമായ സ്വീകാര്യതയും മറ്റ് സുപ്രധാന നേട്ടങ്ങളായി അവർ ചൂണ്ടിക്കാട്ടി.
‘ഇന്ത്യ 100-ൽ’ എന്ന ലക്ഷ്യത്തോടെ, സാങ്കേതികവിദ്യാധിഷ്ഠിതവും വിജ്ഞാനാധിഷ്ഠിതവുമായ സമ്പദ് വ്യവസ്ഥ, ശക്തമായ പൊതു ധനകാര്യം, ശക്തമായ സാമ്പത്തിക മേഖല എന്നിവ യാഥാർഥ്യമാക്കാനാണ് ബജറ്റ് നിർദ്ദേശങ്ങൾ ലക്ഷ്യമിടുന്നതെന്ന് സീതാരാമൻ പറഞ്ഞു. ഇത് നേടിയെടുക്കുന്ന സാമ്പത്തിക കാര്യപരിപാടിക്ക്, മറ്റു കാര്യങ്ങൾക്കൊപ്പം, വളർച്ചയ്ക്കും തൊഴിലവസരങ്ങൾക്കും ശക്തമായ ഊന്നൽ കൊടുക്കേണ്ടത് ആവശ്യമാണെന്ന് അവർ പറഞ്ഞു. ബജറ്റ് നിർദ്ദേശങ്ങൾ അവതരിപ്പിക്കെ, വിശദാംശങ്ങളെക്കാൾ ഈ സർക്കാരിന്റെ മുഖമുദ്രയായ വിവിധ പദ്ധതികളുടെ ചുരുക്കെഴുത്തുകളായിരുന്നു കൂടുതൽ. ഉദാഹരണത്തിന്, പ്രധാനമന്ത്രി വിശ്വകർമ കൌശൽ സമ്മാൻ അഥവാ പി.എം. വികാസ് ആദ്യമായി പരമ്പരാഗത കൈതൊഴിൽകാർക്കും കരകൌശലത്തൊഴിലാളികൾക്കും അഥവാ വിശ്വകർമകൾക്ക് അവരുടെ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം, വ്യാപ്തി, വിപണി എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു സഹായനിധി വാഗ്ദാനം ചെയ്യുന്നു എന്നവർ പറഞ്ഞു. ഇതിനായി മാറ്റിവെച്ച പണമോ ഇത് നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ വിശദാംശങ്ങളോ വ്യക്തമാക്കിയില്ല. അതുപോലെ, തീരദേശത്തും ഉപ്പളങ്ങളിലും കണ്ടൽക്കാടുകൾ നട്ടുപിടിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ‘മാൻഗ്രോവു് ഇനിഷ്യേറ്റീവു് ഫോർ ഷോർലൈൻ ഹാബിറ്റാറ്റ്സു് ആൻഡു് ടാൻജിബിൾ ഇൻകംസു്’ അല്ലെങ്കിൽ ‘മിഷ്തി’ പദ്ധതിക്കുള്ള ചിലവ് തൊഴിലുറപ്പ് പദ്ധതിയിലും ഒരു പരിഹാര്യ വനവല്കരണ നിധിയിലുമാണ് വകയിരിത്തിയിരിക്കുന്നത്. കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ. സർക്കാരിന്റെ കാലയളവിൽ ഗ്രാമീണ മേഖലക്കായി കൊണ്ടുവന്ന തൊഴിലുറപ്പ് പദ്ധതിക്ക് തന്നെ ധനവിഹിതം കുറവാണ്. അങ്ങനെയിരിക്കെ, പരിസ്ഥിതി ലോലമായ കണ്ടൽക്കാടുകൾ നട്ടുപിടിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യാനുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന് മനസ്സിലാവുന്നില്ല. കോവിഡ് മഹാമാരി നൽകിയ ആഘാതവും, കഴിഞ്ഞ വർഷത്തെ മഴയിലുള്ള വ്യതിയാനങ്ങൾ മൂലം വരുമാനത്തിലുണ്ടായ തകർച്ചയും, ഉയർന്ന ഭക്ഷ്യ വിലക്കയറ്റവും മൂലം ഉൾപ്രദേശങ്ങളിലെ ജനജീവിതം സാധാരണനിലയിലാവാത്ത അവസ്ഥയിലാണ് ചെലവ് വെട്ടിക്കുറക്കുന്നത്.
വിശാലമായ തലത്തിൽ, 2023-24 ലെ ഗ്രാമീണ വികസനത്തിനായുള്ള ബജറ്റ് അടങ്കൽ തുക 2.38 ലക്ഷം കോടി രൂപയായി നിജപ്പെടുത്തിയിരിക്കുന്നു. മൊത്തത്തിലുള്ള ചെലവിൽ ഇതിന്റെ അനുപാതം മുൻ ബഡ്ജറ്റിനെ അപേക്ഷിച്ച് 0.1 ശതമാനം പോയിന്റ് വർദ്ധിച്ച്, 5.2 ശതമാനത്തിൽ നിന്ന് 5.3 ശതമാനമായി. പുതുക്കിയ അടങ്കൽ തുകയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് 0.6 ശതമാനം പോയിന്റ് കുറവാണ്. ഭക്ഷ്യ സബ്‌സിഡിയും കുത്തനെ കുറച്ചു: ഇതിനായി അനുവദിച്ച 1.97 ലക്ഷം കോടി രൂപ, 2022-23 ബജറ്റ് അടങ്കൽ തുകയേക്കാൾ ഏകദേശം 5 ശതമാനവും, പുതുക്കിയ അടങ്കലിൽനിന്ന് 31 ശതമാനവും കുറവാണ്. വരുമാനം കുറയുകയും സമ്പദ് വ്യവസ്ഥ ചുരുങ്ങുകയും ചെയ്ത കോവിഡ്-19 മഹാമാരിയുടെ സമയത്ത് കൂടുതൽ പണം ചെലവഴിക്കേണ്ടി വന്നിരുന്നു. ധനകമ്മി കുറച്ചുകൊണ്ടുവരുവാനുള്ള പാതയിൽ ഉറച്ചു നിൽക്കുന്നതിനാൽ ധനമന്ത്രിക്ക് അധികച്ചിലവുകൾ നടത്താൻ കഴിയില്ല, പ്രത്യേകിച്ച് അടിസ്ഥാന സൌകര്യ വികസനത്തിലും, പൊതു പദ്ധതികളിൽ നിക്ഷേപം നടത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതുകൊണ്ട്. ഈ സാമ്പത്തിക വർഷത്തെ ബജറ്റ് അടങ്കലിൽ നിന്ന് 33 ശതമാനം വർധനയോടെ മൂലധനച്ചെലവിന് 10 ലക്ഷം കോടി രൂപ അനുവദിച്ചിട്ടുണ്ട്. മൂലധന ആസ്തികൾ സൃഷ്ടിക്കുന്നതിന് സംസ്ഥാനങ്ങൾക്കുള്ള സഹായനിധിയായി നീക്കിവച്ചിരിക്കുന്ന ഏകദേശം 3.7 ലക്ഷം കോടി രൂപ കൂടി ചേർത്താൽ, സാമ്പത്തിക പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിനുള്ള പ്രാഥമിക ഉപകരണമായി സർക്കാർ മൂലധനം ചെലവാക്കാനുള്ള മന്ത്രിയുടെ പ്രശംസനീയമായ ഉദ്ദേശ്യം വ്യക്തമാകും. വികസിത സമ്പദ്‌വ്യവസ്ഥകളിലെ മാന്ദ്യം കാരണം ഈ വർഷം ആഗോള വിപണി അനിശ്ചിതത്വത്തിലായതിനാൽ, സാമ്പത്തിക സർവേ കൃത്യമായി സൂചിപ്പിച്ചതുപോലെ, ഇന്ത്യയുടെ ആഭ്യന്തര വിപണി സമ്പദ്‌വ്യവസ്ഥയുടെ രക്ഷാകവചമായി പ്രവർത്തിക്കേണ്ടതുണ്ട്. വ്യക്തിഗത ആദായനികുതിയിൽ മാറ്റങ്ങൾ വരുത്തി മധ്യവർഗത്തെ ആകർഷിക്കാനും സീതാരാമൻ ശ്രമിച്ചു. ഇതും, കസ്റ്റംസ് തീരുവയിൽ വരുത്തിയ മാറ്റങ്ങളും ചേർന്ന്, പ്രത്യക്ഷ നികുതി വരുമാനത്തിൽ സർക്കാരിന് 37,000 കോടി രൂപ നഷ്ടമുണ്ടാകും. ഈ മാറ്റങ്ങളിൽ ചിലത് ശമ്പളം വാങ്ങുന്നവരുടെയും പെൻഷൻകാരുടെയും കൈകളിൽ കൂടുതൽ പണം എത്തിക്കാൻ ലക്ഷ്യമിടുന്നു. ഈ പണം സമ്പാദ്യമായോ, വർധിച്ച ഉപഭോഗമായോ തിരിച്ചുവരുമെന്ന് ബഡ്ജറ്റ് തയ്യാറാക്കിയവർ പ്രതീക്ഷിക്കുന്നു. ആദായനികുതി മാറ്റങ്ങളുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ഏറ്റവും ഉയർന്ന വരുമാന പരിധിയിലുള്ളവരായിരിക്കാം. അവരുടെ നികുതി നിരക്ക് 3.74 ശതമാനത്തോളം കുറച്ചിരിക്കുന്നതിനാൽ ഈ സർക്കാർ സമ്പന്നർക്ക് വേണ്ടി നിലകൊള്ളുന്നു എന്ന ധാരണ ശക്തിപ്പെടുന്നു.
This editorial was translated from English, which can be read here.
Published - February 02, 2023 12:44 pm IST